മെയ് മാസം മുതൽ സ്‌കൈപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാകില്ല

Skype
Skype

ലോകത്തിലെ ആദ്യത്തെ വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങളിൽ ഒന്നായ സ്‌കൈപ്പ്, 22 വർഷത്തെ സേവനത്തിന് ശേഷം മൈക്രോസോഫ്റ്റ് അടച്ചുപൂട്ടുന്നു. 2025 മെയ് മാസം അഞ്ചാം തീയതി മുതൽ സ്‌കൈപ്പ് ഉപയോക്താക്കൾക്ക് ലഭ്യമല്ലെന്ന് എക്‌സ്ഡിഎയുടെ റിപ്പോർട്ടിലാണ് പറയുന്നത്.

2003-ൽ നിക്ലാസ് സെൻസ്‌ട്രോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരാണ് ഈ വീഡിയോ ടെലിഫോണി പ്ലാറ്റ്‌ഫോം ആരംഭിച്ചത്. സ്‌കൈപ്പ് പഴയതുപോലെ ജനപ്രിയമല്ലെങ്കിലും, 36 ദശലക്ഷത്തിലധികം ആളുകൾ തങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ബന്ധപ്പെടാൻ ദിവസവും സ്‌കൈപ്പിന്റെ സേവനം ഉപയോഗിച്ചതായി മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു.

2011-ൽ മൈക്രോസോഫ്റ്റ് 8.5 ബില്യൺ ഡോളറിനാണ് സ്‌കൈപ്പ് ഏറ്റെടുത്തത്. വിൻഡോസ് ലൈവ് മെസഞ്ചറിന് പകരക്കാരൻ എന്ന നിലയ്ക്കായിരുന്നു ഈ ഏറ്റെടുക്കൽ. ഐമെസേജിന് വെല്ലുവിളി ഉയർത്തുന്നതിനായി ടെക് ഭീമൻ സ്‌കൈപ്പിനെ രണ്ടുതവണ പുനർരൂപകൽപ്പന ചെയ്യുകയും വിൻഡോസ്, ഇപ്പോൾ നിലവില്ലാത്ത വിൻഡോസ് ഫോണുകൾ, എക്‌സ്‌ബോക്‌സ് തുടങ്ങിയ സ്വന്തം ഉൽപ്പന്നങ്ങളുമായും സംയോജിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

മൈക്രോസോഫ്റ്റ് തന്നെ 2017-ൽ പുറത്തിറക്കിയ ടീംസ് ആപ്പ് സ്‌കൈപ്പിന് കനത്ത വെല്ലുവിളിയായിട്ടുണ്ട്. വർക്ക്‌സ്‌പേസ് ചാറ്റ്, വീഡിയോ കോൺഫറൻസിംഗ്, ഫയൽ സ്റ്റോറേജ് തുടങ്ങിയ ഓപ്ഷനുകൾ മൈക്രോസോഫ്റ്റ് ടീംസിലുണ്ട്. സ്‌കൈപ്പ് അടച്ചുപൂട്ടിയാൽ ഉപയോക്താക്കൾ മൈക്രോസോഫ്റ്റ് ടീംസിലേക്ക് ചേക്കേറേണ്ടിവരും. മൈക്രോസോഫ്റ്റ് ടീംസ് ആപ്പ് ഉപയോഗിക്കുന്നവർക്ക് നിലവിലെ പാസ് വേഡും യൂസർനെയിമും ഉപയോഗിച്ച് ടീംസിന്റെ പ്രവർത്തനം ഉപയോഗിക്കാം.

Tags