ജെമിനിയിലൂടെ ഷോപ്പിംഗ് ; വാൾമാർട്ട് ഉൾപ്പെടെ പ്രമുഖരുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഗൂഗിൾ

walmart

 ന്യൂയോർക്ക്: ഓൺലൈൻ റീട്ടെയിൽ രംഗത്ത് മാറ്റങ്ങൾക്ക് വഴിയൊരുക്കി ഗൂഗിൾ. തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടായ ജെമിനി വഴി ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങൾ വാങ്ങാൻ കഴിയുന്ന സംവിധാനം ഒരുക്കുന്നതിനായി വാൾമാർട്ട്, ഷോപ്പിഫൈ, വേഫെയർ തുടങ്ങിയ പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങളുമായി ഗൂഗിൾ പങ്കാളിത്തം പ്രഖ്യാപിച്ചു. ന്യൂയോർക്കിൽ നടന്ന നാഷണൽ റീട്ടെയിൽ ഫെഡറേഷൻ (എൻആർഎഫ്) കൺവെൻഷനിലാണ് ഈ തീരുമാനം അറിയിച്ചത്. ജെമിനി ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് ചാറ്റ് വിട്ടുപോകാതെ തന്നെ പേയ്‌മെന്റ് പൂർത്തിയാക്കി വാങ്ങൽ നടത്താനാകും.

tRootC1469263">

ഉപഭോക്തൃ ആവശ്യങ്ങൾ മനസ്സിലാക്കി അനുയോജ്യമായ ഉൽപ്പന്ന നിർദ്ദേശങ്ങൾ നൽകുന്ന രീതിയിലാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉദാഹരണമായി, ശൈത്യകാല യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ സംബന്ധിച്ച് ജെമിനിയോട് ചോദിച്ചാൽ, അനുയോജ്യമായ ഉൽപ്പന്നങ്ങൾ നിർദേശിക്കുകയും വാങ്ങൽ നടപടികൾ ലളിതമാക്കുകയും ചെയ്യും. വാൾമാർട്ടുമായി അക്കൗണ്ട് ലിങ്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മുൻപ് നടത്തിയ വാങ്ങലുകളുടെ അടിസ്ഥാനത്തിലുള്ള വ്യക്തിഗത നിർദ്ദേശങ്ങളും ലഭ്യമാവും. ആദ്യഘട്ടത്തിൽ അമേരിക്കയിലെ ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭ്യമാവുക. വരും മാസങ്ങളിൽ ആഗോളതലത്തിൽ സേവനം വ്യാപിപ്പിക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് ഓപ്പൺ എഐ, ആമസോൺ തുടങ്ങിയ കമ്പനികളുമായുള്ള മൽസരം ശക്തമാകുന്നതിനിടയിലാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഇതിനിടെ, ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള 'വിങ്' വഴിയുള്ള ഡ്രോൺ ഡെലിവറി സേവനം 150 സ്‌റ്റോറുകളിലേക്ക് കൂടി വ്യാപിപ്പിക്കാനായി വാൾമാർട്ട് തീരുമാനിച്ചിട്ടുണ്ടെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

Tags