സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയ സാം ആൾട്ട്മാനെ മൈക്രോസോഫ്റ്റിലെത്തിച്ച് സത്യ നദെല്ല

google news
Sam Altman

വാഷിങ്ടണ്‍: ഓപ്പണ്‍ എഐ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയ സാം ആള്‍ട്ട്മാനെ മൈക്രോസോഫ്റ്റിലെത്തിച്ച് സത്യ നദെല്ല. ഓപ്പണ്‍ എഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്തായ ഗ്രെഗ് ബ്രോക്ക്മാനും മൈക്രോസോഫ്റ്റില്‍ ചേരും. ആള്‍ട്ട്മാനെ വീണ്ടും ഓപ്പണ്‍ എഐ സിഇഒ സ്ഥാനത്ത് എത്തിക്കാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ നീക്കം. ഓപ്പണ്‍ എഐയിലെ ആള്‍ട്ട്മാന്‍ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേര്‍ വൈകാതെ മൈക്രോസോഫ്റ്റിലെത്തും എന്നാണ് സൂചന.

ചാറ്റ്ജിപിടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് സാം ആള്‍ട്ട്മാനെ കഴിഞ്ഞ ദിവസമാണ് ഓപ്പണ്‍എഐ കമ്പനി സിഇഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ഓപ്പണ്‍എഐയെ മുന്നോട്ട് നയിക്കാന്‍ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കമ്പനി ബോര്‍ഡ് തീരുമാനം. ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സാം ആള്‍ട്ട്മാന്‍ സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കഴിവില്‍ ബോര്‍ഡിന് വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് പുറത്താക്കല്‍ തീരുമാനമെന്നും കമ്പനി അറിയിച്ചിരുന്നത്. ചാറ്റ്ജിപിടിയില്‍ പ്രവര്‍ത്തിച്ച കാലത്ത് വ്യക്തിപരമായി വലിയ രീതിയിലും സമൂഹത്തില്‍ ചെറിയ തോതിലും ഉണ്ടാക്കിയ മാറ്റത്തില്‍ സന്തോഷമുണ്ടെന്നും അക്കാലത്ത് ഒപ്പം പ്രവര്‍ത്തിച്ചവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നുമായിരുന്നു സാം ആള്‍ട്ട്മാനിന്റെ പ്രതികരണം.

ആള്‍ട്ട്മാന്റെയും ഗ്രെഗ്ഗിന്റെയും നേതൃത്വത്തില്‍ മൈക്രോസോഫ്റ്റിന് അകത്ത് തന്നെ ഒരു പുത്തന്‍ എഐ റിസര്‍ച്ച് സംഘം തുടങ്ങുമെന്നാണ് പ്രഖ്യാപനം. ഓപ്പണ്‍ എഐയിലെ നിര്‍ണായക നിക്ഷേപകരിലൊന്നായ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സെര്‍വ്വറുകളാണ് ഓപ്പണ്‍ എഐ ഉപയോഗിക്കുന്നത്. ആള്‍ട്ട്മാന്റെ അപ്രതീക്ഷിത പുറത്താക്കല്‍ മൈക്രോസോഫ്റ്റ് അടക്കം നിക്ഷേപകരുമായി കൂടിയാലോചിക്കാതെയായിരുന്നു. പുതിയ ഓപ്പണ്‍ എഐ സിഇഒ ആയി ട്വിച്ച് സഹസ്ഥാപകന്‍ എമ്മെറ്റ് ഷിയറിനെ നിയമിച്ചു.

Tags