ആവർത്തിച്ചുള്ള പേമെന്റുകൾക്ക് മാർഗനിർദേശങ്ങൾ കടുപ്പിച്ച് ആർ.ബി.ഐ
മുംബൈ: ആവർത്തിച്ചുവരുന്ന ഓട്ടോ പേമെന്റുകൾക്കുള്ള മാർഗനിർദേശങ്ങൾ കടുപ്പിച്ച് റിസർവ് ബാങ്ക്. ഇ- മാൻഡേറ്റ് സംവിധാനത്തിൽ തനിയെ പേമെന്റ് നടത്തുന്നതിന് കൃത്യമായ പ്രവർത്തനചട്ടക്കൂടാണ് ആർ.ബി.ഐ. അവതരിപ്പിച്ചിരിക്കുന്നത്.
യു.പി.ഐ., കാർഡ്, പ്രീപെയ്ഡ് പേമെന്റ് പ്ലാറ്റ്ഫോമുകളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുകയും ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ ലളിതമാക്കുകയും ലക്ഷ്യമിട്ടാണ് പരിഷ്കാരങ്ങൾ. ഉത്തരവ് ഉടനടി പ്രാബല്യത്തിലായതായും ആർ.ബി.ഐ. ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ മാർഗനിർദേശമനുസരിച്ച് ആവർത്തിക്കുന്ന 15,000 രൂപ വരെയുള്ള ഇടപാടുകൾക്ക് വൺ ടൈം പാസ്‌വേഡ് (ഒ.ടി.പി.) ആവശ്യമില്ല. 15,000 രൂപയ്ക്കു മുകളിൽവരുന്ന ഇടപാടുകൾക്ക് ഉപഭോക്താവിൽനിന്ന് അധിക സ്ഥിരീകരണം ആവശ്യമായി വരും. അതേസമയം, ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് സബ് സ്ക്രിപ്ഷൻ, ക്രെഡിറ്റ് കാർഡ് ബിൽ എന്നിവയ്ക്ക് ഇതിൽ ഇളവുണ്ട്. ഈ വിഭാഗത്തിൽ 15,000 രൂപമുതൽ ഒരുലക്ഷം രൂപവരെയുള്ള ഇടപാടുകൾ ഒ.ടി.പി. കൂടാതെത്തന്നെ ഓട്ടോ ഡെബിറ്റാകും.
ഇ-മാൻഡേറ്റ് അനുസരിച്ചുള്ള ഓട്ടോ ഡെബിറ്റ് ഇടപാടുകൾക്കു മുൻപും ശേഷവും ഉപഭോക്താക്കൾക്ക് സന്ദേശം നൽകണം. ഇടപാടിന് 24 മണിക്കൂർ മുൻപുതന്നെ സന്ദേശം കൈമാറിയിരിക്കണം. വ്യാപാരിയുടെ അല്ലെങ്കിൽ പണം സ്വീകരിക്കുന്ന സംരംഭത്തിന്റെ പേര്, തുക, പണംപിടിക്കുന്ന തീയതി എന്നിവ ഇതിൽ വ്യക്തമാക്കണം. പണംപിടിക്കുന്നതിനു മുൻപായി ഉപഭോക്താവിന് ഇടപാട് റദ്ദാക്കാനും അവസരംനൽകണം.
ഇ-മാൻഡേറ്റ് ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ പാടില്ല. കാർഡ് ഉപഭോക്താക്കൾക്ക് നിലവിലുള്ള മാൻഡേറ്റുകൾ പുതിയ കാർഡുനൽകുമ്പോൾ അതിലുൾപ്പെടുത്തി നൽകണം. അനധികൃത ഇലക്‌ട്രോണിക്സ് ഇടപാടുകളിൽ ഉപഭോക്താക്കൾക്കുള്ള ബാധ്യത പരിമിതപ്പെടുത്തുന്ന ചട്ടങ്ങൾ ആവർത്തന ഇടപാടുകളിലും ബാധകമാക്കി. ഇതനുസരിച്ച് ഓട്ടോഡെബിറ്റ് തട്ടിപ്പുകൾ നിശ്ചിതസമയത്തിനുള്ളിൽ റിപ്പോർട്ട് ചെയ്താൽ ഉപഭോക്താക്കൾക്ക് സംരക്ഷണം ലഭിക്കും.
ഒ.ടി.ടി., മൊബൈൽ ബില്ലുകളുൾപ്പെടെ ചെറിയ തുകയുടെ ഇ-മാൻഡേറ്റുകൾക്ക് പുതിയ മാർഗനിർദേശങ്ങൾകൊണ്ട് തടസ്സങ്ങളുണ്ടാകില്ല. എന്നാൽ, വലിയ തുകയുടെ ഇടപാടുകൾക്ക് ഉപഭോക്താക്കൾ പ്രത്യേകം അനുമതി നൽകേണ്ടി വരും. ഇടപാടിനുമുൻപ് 24 മണിക്കൂർ സമയം ലഭിക്കുമെന്നതിനാൽ അനാവശ്യ ഇടപാടുകൾ ഒഴിവാക്കാനും സൗകര്യം ലഭിക്കും.
.jpg)

