ഫോൺ ചൂടാകുന്നതിന് കാരണം ഇതാണോ? ഈ 5 സെറ്റിംഗ്സ് ഒന്ന് പരിശോധിക്കൂ

phone heat problem

ഇന്നത്തെ കാലത്ത് സ്മാർട്ട്‌ഫോൺ ഇല്ലാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ്. കോളുകളും മെസേജുകളും മുതൽ സോഷ്യൽ മീഡിയ, വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ്, ഓൺലൈൻ പേയ്‌മെന്റുകൾ തുടങ്ങി നിരവധി കാര്യങ്ങൾക്കായി നമ്മൾ ഫോണിനെ ആശ്രയിക്കുന്നു. എന്നാൽ ഉപയോഗത്തിനിടെ ഫോൺ അമിതമായി ചൂടാകുന്നത് പലപ്പോഴും ആശങ്കയ്ക്ക് കാരണമാകാറുണ്ട്. സാധാരണ ഉപയോഗത്തിനിടയിലും ഫോൺ ചൂടാകുന്നുണ്ടെങ്കിൽ, ചില സെറ്റിംഗ്സുകൾ ഇതിന് കാരണമാകാം. ഇവയിൽ മാറ്റം വരുത്തിയാൽ ഫോൺ ചൂടാകുന്നത് ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.

ചാർജിലിരിക്കുമ്പോഴും ഗെയിം കളിക്കുമ്പോഴും വീഡിയോ റെക്കോർഡ് ചെയ്യുമ്പോഴും ഫോൺ ചൂടാകുന്നത് സാധാരയായി സംഭവിക്കുന്ന കാര്യമാണ്. എന്നാൽ വലിയ ഉപയോഗമൊന്നുമില്ലാതെ ഫോൺ പതിവായി അമിതമായി ചൂടാകുന്നുണ്ടെങ്കിൽ ചില സെറ്റിംഗുകൾ പരിശോധിക്കുന്നത് നല്ലതാണ്.

സ്‌ക്രീൻ ബ്രൈറ്റ്‌നസ് എപ്പോഴും പരമാവധിയാക്കി വെക്കരുത്

ഫോണിന്റെ സ്‌ക്രീൻ ബ്രൈറ്റ്‌നസ് വളരെ കൂടുതലായി വെച്ചാൽ വൈദ്യുതി ഉപയോഗം കൂടും. പ്രത്യേകിച്ച് ഏറെ നേരം ഉയർന്ന ബ്രൈറ്റ്‌നസിൽ ഫോൺ ഉപയോഗിക്കുന്നത് ചൂട് കൂടാൻ കാരണമാകാം.അതുകൊണ്ട് ആവശ്യമില്ലാത്തപ്പോൾ ബ്രൈറ്റ്‌നസ് കുറയ്ക്കുക. ഫോണിൽ Auto Brightness അല്ലെങ്കിൽ Adaptive Brightness സൗകര്യമുണ്ടെങ്കിൽ അത് ഉപയോഗിക്കാം. ചുറ്റുപാടിലെ വെളിച്ചത്തിനനുസരിച്ച് സ്‌ക്രീൻ ബ്രൈറ്റ്‌നസ് സ്വയം ക്രമീകരിക്കാൻ ഇത് സഹായിക്കും.

ആവശ്യമില്ലാത്ത ആപ്പുകൾ പിന്നിൽ പ്രവർത്തിക്കാൻ അനുവദിക്കരുത്

നമ്മൾ ഒരു ആപ്പ് തുറന്ന് ഉപയോഗിച്ച ശേഷം മറ്റൊരു ആപ്പിലേക്ക് മാറിയാലും ചില ആപ്പുകൾ പിന്നിൽ പ്രവർത്തിച്ചുകൊണ്ടിരിക്കാം. ഡാറ്റ സിങ്ക് ചെയ്യുക, ലൊക്കേഷൻ പരിശോധിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ബാറ്ററി ഉപയോഗവും കൂടാം. Settings - Battery - Battery Usage എന്ന ഭാഗത്ത് പോയി ഏതൊക്കെ ആപ്പുകളാണ് കൂടുതൽ ബാറ്ററി ഉപയോഗിക്കുന്നതെന്ന് പരിശോധിക്കാം. ആവശ്യമില്ലാത്ത ആപ്പുകളുടെ background activity നിയന്ത്രിക്കുന്നത് സഹായകരമാണ്.
എന്നാൽ എല്ലാ ആപ്പുകളുടെയും background activity ഒരുപോലെ ഓഫ് ചെയ്യേണ്ടതില്ല. ഇ-മെയിൽ, ക്ലൗഡ് ബാക്കപ്പ് തുടങ്ങിയ ചില ആപ്പുകൾക്ക് പിന്നിൽ പ്രവർത്തനം ആവശ്യമായിരിക്കാം.

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതില്ല

Maps പോലുള്ള ആപ്പുകൾക്ക് ലൊക്കേഷൻ ആവശ്യമാണ്. എന്നാൽ ഉപയോഗിക്കാത്ത പല ആപ്പുകൾക്കും എല്ലായ്‌പ്പോഴും ലൊക്കേഷൻ ആക്‌സസ് അനുവദിക്കേണ്ട ആവശ്യമില്ല.

Settings - Location - App permissions എന്ന ഭാഗത്ത് പോയി ഏത് ആപ്പുകൾക്കാണ് ലൊക്കേഷൻ അനുമതി നൽകിയിരിക്കുന്നതെന്ന് പരിശോധിക്കാം. ആവശ്യമില്ലാത്ത ആപ്പുകൾക്ക് 'Allow only while using the app' പോലുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുന്നത് കൂടുതൽ നിയന്ത്രണം നൽകും.GPS, ലൊക്കേഷൻ സേവനങ്ങൾ എന്നിവ തുടർച്ചയായി ഉപയോഗിക്കുന്നത് ബാറ്ററി ഉപഭോഗം വർധിപ്പിക്കാം.

ആവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യാം

ഓരോ ആപ്പിൽ നിന്നുമുള്ള നോട്ടിഫിക്കേഷൻ ആവശ്യമില്ല. നിരന്തരം വരുന്ന നോട്ടിഫിക്കേഷനുകൾ സ്‌ക്രീൻ വീണ്ടും വീണ്ടും തെളിയാനും ചില background പ്രവർത്തനങ്ങൾ നടക്കാനും കാരണമാകാം.സോഷ്യൽ മീഡിയ, ഷോപ്പിങ് തുടങ്ങിയ ആപ്പുകളിൽ ആവശ്യപ്പെടാത്ത നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യാം. ഇത് ഫോൺ ചൂട് കുറയ്ക്കാൻ മാത്രമല്ല ബാറ്ററി ലാഭിക്കാനും സഹായിക്കും.

ഓട്ടോ-അപ്ഡേറ്റും സിങ്കും പരിശോധിക്കാം

ആപ്പുകൾ സ്വയം അപ്ഡേറ്റ് ചെയ്യുന്നതും ഫോട്ടോകളും മറ്റ് ഡാറ്റകളും ക്ലൗഡിലേക്ക് സിങ്ക് ചെയ്യുന്നതും ഒരേസമയം നടന്നാൽ ഫോണിൽ കൂടുതൽ പ്രവർത്തനം ഉണ്ടാകാം. പ്രത്യേകിച്ച് വലിയ ഫയലുകൾ അപ്ലോഡ് ചെയ്യുമ്പോഴോ നിരവധി ആപ്പുകൾ ഒരേസമയം അപ്ഡേറ്റ് ചെയ്യുമ്പോഴോ താൽക്കാലികമായി ഫോൺ ചൂടാകാം. അതുകൊണ്ട് ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് സിങ്കുകളും പശ്ചാത്തല പ്രവർത്തനങ്ങളും നിയന്ത്രിക്കാം. എന്നാൽ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ആവശ്യമായ സിസ്റ്റം, സുരക്ഷാ അപ്ഡേറ്റുകൾ ഒഴിവാക്കുന്നത് നല്ലതല്ല.

ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഗെയിം കളിക്കുന്നുണ്ടോ? ശ്രദ്ധിക്കണം

ഫോൺ ചൂടാകാനുള്ള മറ്റൊരു സാധാരണ സാഹചര്യം ചാർജിങ്ങിനിടെ ഫോൺ അമിതമായി ഉപയോഗിക്കുന്നതാണ്. ഫാസ്റ്റ് ചാർജിങ്, ഗെയിമിങ്, വീഡിയോ സ്ട്രീമിങ് തുടങ്ങിയവ ഒരുമിച്ച് നടക്കുമ്പോൾ ചൂട് കൂടാം. ഫോൺ ചൂടായി തോന്നുന്നുണ്ടെങ്കിൽ കുറച്ചുസമയം ഉപയോഗം നിർത്തി സ്വാഭാവികമായി തണുക്കാൻ അനുവദിക്കുന്നതാണ് നല്ലത്. ചൂടുള്ള ഫോൺ തലയിണയ്ക്കടിയിലോ കട്ടിയുള്ള വസ്ത്രങ്ങൾക്കിടയിലോ അടച്ച ബാഗിനുള്ളിലോ വെച്ച് ചാർജ് ചെയ്യുന്നതും ഒഴിവാക്കുക

.
എന്നിട്ടും ഫോൺ വീണ്ടും അമിതമായി ചൂടാകുന്നുണ്ടെങ്കിൽ?

സെറ്റിംഗുകൾ മാറ്റിയിട്ടും ഫോൺ ഉപയോഗമില്ലാത്ത സമയത്തുപോലും അമിതമായി ചൂടാകുകയോ, ബാറ്ററി വളരെ വേഗത്തിൽ തീരുകയോ, ചാർജിങ്ങിനിടെ അസാധാരണമായി ചൂടാകുകയോ ചെയ്യുന്നുണ്ടെങ്കിൽ കാരണമെന്തെന്ന് പരിശോധിക്കണം.
ബാറ്ററി പ്രശ്‌നം, തകരാറുള്ള ചാർജർ/കേബിൾ, ഏതെങ്കിലും ആപ്പിന്റെ അസാധാരണ പ്രവർത്തനം തുടങ്ങിയവയും കാരണമാകാം. ഫോൺ തുടർച്ചയായി അമിതമായി ചൂടാകുന്നുണ്ടെങ്കിൽ അംഗീകൃത സർവീസ് സെന്ററിൽ പരിശോധിക്കുന്നത് സുരക്ഷിതമാണ്.

Tags