കുട്ടികള്‍ ഷോര്‍ട്‌സ് കാണുന്നത് നിയന്ത്രിക്കാം; പാരന്‍റൽ കണ്‍ട്രോള്‍ നിയമങ്ങളുമായി യൂട്യൂബ്

youtube

കുട്ടികൾക്കും കൗമാരക്കാർക്കും തങ്ങളുടെ പ്ലാറ്റ്‌ഫോം കൂടുതൽ സുരക്ഷിതവും രക്ഷിതാക്കൾക്ക് അനുയോജ്യവുമാക്കുന്നതിനായി യൂട്യൂബ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇനി മുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടിക്ക് എത്ര സമയം യൂട്യൂബ് ഷോർട്‌സ് വീഡിയോകള്‍ കാണാൻ കഴിയുമെന്ന് തീരുമാനിക്കാൻ കഴിയും എന്നതാണ് ഇതിൽ പ്രധാനമാറ്റം. കൗമാരക്കാർക്കായി മികച്ച ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതും മാറ്റങ്ങളിൽ ഉൾപ്പെടുന്നു. ഒപ്പം കുടുംബങ്ങൾക്ക് അക്കൗണ്ട് മാനേജ്മെന്‍റ് എളുപ്പമാക്കുന്നതിനായി ഉടൻ തന്നെ യൂട്യൂബ് ഒരു പുതിയ സൈൻ-അപ്പ് സംവിധാനവും അവതരിപ്പിക്കും. ഈ പുതിയ മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയാം.

tRootC1469263">

ഇനി മുതൽ മാതാപിതാക്കൾക്ക് കുട്ടികളും കൗമാരക്കാരും എത്ര സമയം യൂട്യൂബ് ഷോർട്‌സ് വീഡിയോകള്‍ കാണണമെന്ന് തീരുമാനിക്കാൻ കഴിയും. ഇതിനായി ഷോർട്‌സ് സ്ക്രോൾ ചെയ്യുന്ന സമയം ക്രമീകരിക്കാം. മാതാപിതാക്കൾക്ക് വേണമെങ്കിൽ ഈ ടൈമർ പൂർണ്ണമായും പൂജ്യത്തിലേക്ക് സജ്ജീകരിക്കാനും കഴിയും. അതായത് കുട്ടി പഠിക്കുകയാണെങ്കിലോ ഹോം വർക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെങ്കിലോ ഷോർട്‌സ് വീഡിയോകള്‍ പൂർണ്ണമായും ഓഫ് ചെയ്യാം. അതേസമയം, കുടുംബം കാറിൽ എവിടെയെങ്കിലും പോകുകയാണെങ്കിൽ യൂട്യൂബിൽ വീഡിയോകൾ കാണുന്നതിനുള്ള സമയം 30 അല്ലെങ്കിൽ 60 മിനിറ്റായി നിശ്ചയിക്കാം. ഇത്തരമൊരു ഫീച്ചർ ആദ്യമായിട്ടാണ് അവതരിപ്പിച്ചതെന്ന് യൂട്യൂബ് പറയുന്നു. ഇത് മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ ഷോർട്‌സ് ഉള്ളടക്കത്തിൽ പൂർണ്ണ നിയന്ത്രണം നൽകുന്നു. ഇതിനുപുറമെ, മാതാപിതാക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉറക്കസമയം, ഇടവേളകൾ എന്നിവയ്ക്കുള്ള റിമൈൻഡറുകൾ സജ്ജീകരിക്കാനും കഴിയും.

കൗമാരക്കാർക്കായി മികച്ചതും അർഥവത്തായതുമായ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രധാന മാറ്റം. കൗമാരക്കാർ രസകരം മാത്രമല്ല, പ്രായത്തിനനുസരിച്ചുള്ളതും വിദ്യാഭ്യാസപരവുമായ ഉള്ളടക്കം കാണുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. പ്രൊഫഷണലുകൾ, യൂണിവേഴ്‌സിറ്റി പ്രൊഫസർമാർ, സൈക്കോളജിക്കൽ അസോസിയേഷൻ സംഘടനകൾ തുടങ്ങിയവയുമായി സഹകരിച്ചാണ് ഈ ഗൈഡ് വികസിപ്പിച്ചെടുത്തത്. ഇതിന്‍റെ കീഴിൽ ക്രാഷ്കോഴ്‌സ്, വിദ്യാഭ്യാസ ഉള്ളടക്കം എന്നിവ കൗമാരക്കാർക്ക് കൂടുതൽ കാണിക്കും. ഇതോടൊപ്പം യൂട്യൂബ് അതിന്റെ ശുപാർശ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തും. അങ്ങനെ നിലവാരം കുറഞ്ഞതോ ശ്രദ്ധ തിരിക്കുന്നതോ ആയ വീഡിയോകൾക്ക് പകരം പോസിറ്റീവും വിജ്ഞാനപ്രദവുമായ കണ്ടന്‍റ് കാണിക്കും.

കുടുംബങ്ങളുടെ അക്കൗണ്ട് മാനേജ്മെന്‍റ് ലളിതമാക്കുക എന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഇതിനായി മാതാപിതാക്കൾക്ക് അവരുടെ കുട്ടികൾക്കായി എളുപ്പത്തിൽ പുതിയ അക്കൗണ്ടുകൾ സൃഷ്‌ടിക്കാൻ അനുവദിക്കുന്ന ഒരു പുതിയ സൈൻ-അപ്പ് സംവിധാനം യൂട്യൂബ് ഉടൻ അവതരിപ്പിക്കും. കൂടാതെ, മൊബൈൽ ആപ്പ് കുറച്ച് ടാപ്പുകൾ ഉപയോഗിച്ച് കുട്ടികളുടെ അക്കൗണ്ട്, കൗമാരക്കാരുടെ അക്കൗണ്ട്, രക്ഷാകർതൃ അക്കൗണ്ട് എന്നിവയിലേക്ക് മാറാൻ അനുവദിക്കും. വീട്ടിൽ യൂട്യൂബ് കാണുന്ന ഏതൊരാൾക്കും പ്രായത്തിനനുസരിച്ചുള്ള കണ്ടന്‍റുകളും ഉചിതമായ ക്രമീകരണങ്ങളും ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കും. മാതാപിതാക്കൾക്ക് നിരന്തരം സെറ്റിംഗ്‍സുകൾ മാറ്റുന്നതിന്‍റെ ബുദ്ധിമുട്ട് ഈ ഫീച്ചർ ഒഴിവാക്കും. കൂടാതെ ഏത് സമയത്തും ആരാണ് യൂട്യൂബ് കാണുന്നതെന്ന് ഇത് വ്യക്തമായി കാണിക്കുകയും ചെയ്യും.
 

Tags