ഓപ്പോ എ38 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഉപഭോക്താക്കളുടെ ദീർഘനാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ ഓപ്പോ എ സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഓപ്പോ എ38 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ വിലയിൽ അത്യാധുനിക ഫീച്ചറുകളുമായാണ് ഈ ഹാൻഡ്സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. കരുത്തുള്ള ചിപ്പ്സെറ്റ്, ഫാസ്റ്റ് ചാർജിംഗ്, രണ്ട് പിൻ ക്യാമറകൾ തുടങ്ങിയ നിരവധി സവിശേഷതകൾ ഓപ്പോ എ38 സ്മാർട്ട് ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രണ്ട് കളർ വേരിയന്റുകളിൽ എത്തുന്ന ഹാൻഡ്സെറ്റുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
6.56 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലേയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും, 720 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഉണ്ട്. ഡ്യുവൽ നാനോ സിം സപ്പോർട്ടുളള ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 13 ബേസ് കളർ ഒഎസ് 13.1-ലാണ് പ്രവർത്തിക്കുന്നത്. 4 ജിബി റാമും, 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ട കോർ മീഡിയടെക് ഹീലിയോ ജി85 എസ്ഒസിയാണ്.
ഓപ്പോ എ38 സ്മാർട്ട്ഫോൺ ഗ്ലോയിംഗ് ബ്ലാക്ക്, ഗ്ലോയിംഗ് ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുക. നിലവിൽ, ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഇവ പുറത്തിറക്കിയിട്ടുള്ളൂ. ഓപ്പോ എ38യുടെ 4 ജിബി റാമും, 128 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റിന് 12,999 രൂപയാണ് വില. ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിലും, ഫ്ലിപ്കാർട്ടിലും ഹാൻഡ്സെറ്റിന്റെ പ്രീഓർഡറുകൾ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 13 മുതലാണ് ഓപ്പോ എ38 സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുക.