ഉപയോക്താക്കളെ ഞെട്ടിക്കാൻ ഒരുങ്ങി ഓപ്പൺഎഐ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ആധിപത്യ മത്സരം കടുക്കുന്നതിനിടെ ഉപയോക്താക്കളെ ഞെട്ടിക്കാൻ ഒരുങ്ങി പ്രമുഖ എഐ കമ്പനിയായ ഓപ്പൺഎഐ. തങ്ങളുടെ ജനപ്രിയ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ ഗണ്യമായി വെട്ടിക്കുറയ്ക്കാൻ കമ്പനി ആലോചിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പ്രമുഖ സാമ്പത്തിക മാധ്യമമായ ‘വാൾസ്ട്രീറ്റ് ജേണൽ’ പുറത്തുവിട്ട വിവര പ്രകാരം, എതിരാളിയായ ആന്ത്രോപിക്കിൽ നിന്നുള്ള കടുത്ത വെല്ലുവിളി മറികടക്കാനും കൂടുതൽ ബഹുജന ഉപയോക്താക്കളെ ആകർഷിക്കാനുമായി ടോക്കണുകളുടെ വില വൻതോതിൽ കുറയ്ക്കാനാണ് ഓപ്പൺഎഐ പദ്ധതിയിടുന്നത്. എങ്കിലും ഇത് സംബന്ധിച്ച അന്തിമ ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
ഒരു എഐ മോഡൽ ഉപയോക്താക്കളുമായി ഇടപഴകുമ്പോൾ പ്രോസസ്സ് ചെയ്യുന്ന വിവരങ്ങളുടെ അളവുകോലാണ് ‘ടോക്കണുകൾ’. ഈ ടോക്കൺ ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനികൾ നിരക്ക് ഈടാക്കാറുള്ളത്. നിലവിൽ പ്രീമിയം പ്ലാനുകളിൽ പോലും പരിമിതമായ ടോക്കണുകളാണ് ലഭിക്കുന്നത്. ഇത് തീരുന്ന മുറയ്ക്ക് ഉപയോക്താക്കൾ സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കുകയോ അടുത്ത ക്വാട്ടയ്ക്കായി കാത്തിരിക്കുകയോ വേണം. നിലവിൽ സൗജന്യം, ഗോ, പ്ലസ്, പ്രോ എന്നിങ്ങനെ നാല് പ്ലാനുകളാണ് ഓപ്പൺഎഐ നൽകുന്നത്. ഇതിൽ സാധാരണക്കാർക്കായി കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ‘ഗോ’ പ്ലാനിന് പ്രതിമാസം വെറും 399 രൂപ മാത്രമാണ് വില. അതേസമയം ഹെവി ഉപയോക്താക്കൾക്കും ഡെവലപ്പർമാർക്കുമായുള്ള ഉയർന്ന പ്ലാനുകൾക്ക് പ്രതിമാസം 10,699 രൂപ വരെ ഈടാക്കുന്നുണ്ട്. പുതിയ പരിഷ്കാരം വരുന്നതോടെ ഈ നിരക്കുകളിൽ വലിയ കുറവുണ്ടാകും.
പ്രമുഖ എഐ ഗവേഷണ സ്ഥാപനങ്ങൾ ഐപിഒയിലേക്ക് നീങ്ങുന്നതാണ് നിലവിലെ ഈ വിലയുദ്ധത്തിന് പ്രധാന കാരണം. പ്രാരംഭ പബ്ലിക് ഓഫറിംഗുമായി മുന്നോട്ട് പോകുന്നതിനായി ഓപ്പൺഎഐയും ആന്ത്രോപിക്കും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ രഹസ്യ ഫോമുകൾ ഫയൽ ചെയ്തുകഴിഞ്ഞു. 2015-ൽ സ്ഥാപിതമായ ഓപ്പൺഎഐ, ചാറ്റ്ജിപിടിയുടെ വിജയത്തോടെ ആഗോളതലത്തിൽ തന്നെ ഏറ്റവും സ്വാധീനമുള്ള കമ്പനിയായി മാറിയിരുന്നു. നിലവിൽ 850 ബില്യൺ ഡോളർ മൂല്യമുള്ള ഓപ്പൺഎഐ ലോകത്തെ രണ്ടാമത്തെ വലിയ എഐ സ്ഥാപനമാണ്. 965 ബില്യൺ ഡോളർ മൂല്യവുമായി തൊട്ടുമുന്നിലുള്ള ആന്ത്രോപിക്കിനെ വെട്ടിച്ച് വിപണി പിടിച്ചെടുക്കാനാണ് ഓപ്പൺഎഐ ഇപ്പോൾ നിരക്കുകൾ കുറച്ച് കളം പിടിക്കാൻ ഒരുങ്ങുന്നത്.
.jpg)

