പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണം ; പുതിയ ചട്ടം മേയ് ഒന്ന് മുതൽ
പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന ഈ ചട്ടമനുസരിച്ച്, നിയമവിരുദ്ധമായി പണം വെച്ച് കളിപ്പിക്കുന്ന ആപ്പുകൾക്ക് അഞ്ച് വർഷം വരെ തടവും രണ്ട് കോടി രൂപ വരെ പിഴയും ലഭിക്കാം. എന്നാൽ വാതുവെപ്പില്ലാത്ത സാധാരണ ഗെയിമുകൾക്കും സ്റ്റാർട്ടപ്പുകൾക്കും പുതിയ ചട്ടം വലിയ ആശ്വാസമാണ് നൽകുന്നത്. ഇ-സ്പോർട്സ്, പണമിടപാട് നടക്കാത്ത ഗെയിമുകൾ എന്നിവയ്ക്ക് ഇനി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല.
ഓൺലൈൻ ഗെയിമിങ് മേഖല നിരീക്ഷിക്കുന്നതിനായി ഡൽഹി ആസ്ഥാനമായി ഇന്ത്യൻ ഓൺലൈൻ ഗെയിമിങ് അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്. ഐ.ടി മന്ത്രാലയത്തിലെയും മറ്റ് പ്രധാന വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ഈ സമിതിയാകും ഒരു ഗെയിം ചൂതാട്ടമാണോ എന്ന് തീരുമാനിക്കുന്നതും പരാതികൾ പരിശോധിക്കുന്നതും. ഗെയിമുകളെ തരംതിരിക്കുക, കമ്പനികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകുക, കേന്ദ്ര-സംസ്ഥാന ഏജൻസികളുമായി ചേർന്ന് നിരീക്ഷണം ശക്തമാക്കുക എന്നിവയാണ് അതോറിറ്റിയുടെ പ്രധാന ചുമതലകൾ. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ സാമ്പത്തിക തട്ടിപ്പുകൾ തടയാനും ഉത്തരവാദിത്തമുള്ള ഗെയിമിങ് സംസ്കാരം പ്രോത്സാഹിപ്പിക്കാനും ഈ പുതിയ നീക്കം സഹായിക്കും.
.jpg)

