മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു
ന്യൂഡൽഹി: മോട്ടോറോള പുതിയ മോട്ടോ ജി മാക്‌സ് സ്‌മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ആഡംബര സാറ്റിൻ ഫിനിഷ്, പാന്റോൺ തിരഞ്ഞെടുത്ത നിറങ്ങൾ, 50 മെഗാപിക്‌സൽ സോണി ലിറ്റിയ 600 പ്രധാന ക്യാമറ, സ്‌നാപ്ഡ്രാഗൺ 6എസ് ജെൻ 4 പ്രോസസർ, 6.72 ഇഞ്ച് 120 ഹേർട്സ് 1050 നിറ്റ് വരെ ഉയർന്ന തെളിച്ചവുമുള്ള ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്പ്ലേയിൽ, നനഞ്ഞ വിരലുകൾ ഉപയോഗിച്ചും പ്രവർത്തിക്കുന്ന വാട്ടർ ടച്ച് സൗകര്യവുമുണ്ട്.
50 മെഗാപിക്‌സൽ പ്രധാന ക്യാമറയ്ക്കൊപ്പം 8 മെഗാപിക്‌സൽ അൾട്രാ-വൈഡ് ക്യാമറയും 32 മെഗാപിക്സൽ മുൻ ക്യാമറയുമുണ്ട്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ പകർത്താൻ ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യ, ഓട്ടോ നൈറ്റ് വിഷൻ, നൈറ്റ് വിഷൻ, കൃത്രിമബുദ്ധി അധിഷ്ഠിത ചിത്രസംസ്കരണ സംവിധാനങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ ഫോട്ടോസിലെ മാജിക് ഇറേസർ, ഫോട്ടോ അൺബ്ലർ, റീഇമാജിൻ തുടങ്ങിയ ചിത്രസംസ്കരണ സൗകര്യങ്ങളും ലഭ്യമാണ്.
6 ജിബി എൽപിഡിഡിആർ5എക്‌സ് റാമും 128 ജിബി യുഎഫ്എസ് 3.1 സംഭരണശേഷിയുമുണ്ട്. റാം ബൂസ്റ്റ് വഴി റാം 18 ജിബി വരെ വർധിപ്പിക്കാനാകും. 7000 എംഎഎച്ച് ബാറ്ററി ഒറ്റ ചാർജിൽ 63 മണിക്കൂർ വരെ ഉപയോഗവും സാധാരണ ഉപയോഗത്തിൽ മൂന്ന് ദിവസം വരെ ബാറ്ററി ദൈർഘ്യവും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 33 വാട്ട് ടർബോപവർ ചാർജറും ബാറ്ററി കെയർ സംവിധാനവും ലഭ്യമാണ്.
കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണം, സൈനിക നിലവാരത്തിലുള്ള എംഐഎൽ-എസ്‌ടിഡി-810എച്ച് സർട്ടിഫിക്കേഷൻ, ഐപി64 ജലപ്രതിരോധം എന്നിവയും ഫോണിലുണ്ട്. ആൻഡ്രോയ്‌ഡ് 16-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഗൂഗിൾ ജെമിനി, മോട്ടോ സെക്യൂർ, തിങ്ക്ഷീൽഡ് ഫോർ മൊബൈൽ, വശത്തുള്ള വിരലടയാള തിരിച്ചറിയൽ, മുഖം തിരിച്ചറിയൽ തുടങ്ങിയ സൗകര്യങ്ങളുണ്ട്. രണ്ട് ആൻഡ്രോയ്‌ഡ് ഓപ്പറേറ്റിങ് സിസ്റ്റം നവീകരണങ്ങളും മൂന്ന് വർഷത്തെ സുരക്ഷാ നവീകരണങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
6 ജിബി റാം, 128 ജിബി സംഭരണശേഷിയുള്ള മോഡലിന് 27,999 രൂപയാണ് വില. 1,000 രൂപയുടെ തൽക്ഷണ ബാങ്ക് ഇളവ് ഉൾപ്പെടെ ഫലപ്രദമായ വില 26,999 രൂപയാണ്. പാന്റോൺ സ്റ്റാർഗേസർ, പാന്റോൺ അലാസ്കൻ ബ്ലൂ, പാന്റോൺ മലാഗ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഓഗസ്റ്റ് 20 മുതൽ ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ വെബ്സൈറ്റ്, രാജ്യത്തെ പ്രമുഖ ചില്ലറ വിൽപ്പനശാലകൾ എന്നിവിടങ്ങളിൽ വിൽപ്പന ആരംഭിക്കും.
.jpg)

