‘മോട്ടോറോള എഡ്‍ജ് 70 പ്രോ+’ ഉടൻ ഇന്ത്യയിലെത്തും

Motorola Edge 70 Pro+ to arrive in India soon

 മോട്ടോറോളയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ ‘മോട്ടോറോള എഡ്‍ജ് 70 പ്രോ+’ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. എഡ്‍ജ് 70 സീരീസിലെ നാലാമത്തെ മോഡലായ ഈ ഫോണിന്റെ വരവ് കമ്പനിയാണ് ഔദ്യോഗികമായി സൂചന നൽകിയത്. പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ ഫോണിനായുള്ള പ്രത്യേക മൈക്രോസൈറ്റ് ഇതിനോടകം തന്നെ ലൈവായിക്കഴിഞ്ഞു. ഇതിലൂടെ ഫോണിന്റെ ആകർഷകമായ ഡിസൈൻ, നിറങ്ങൾ, ചില പ്രധാന സവിശേഷതകൾ എന്നിവ പുറത്തുവന്നിട്ടുണ്ട്. മുൻ മോഡലുകളേക്കാൾ മികച്ച ഡിസൈൻ അപ്ഗ്രേഡുകളോടെയാണ് പുതിയ ഫോൺ എത്തുന്നത്.

ഡിസൈനിലും ക്യാമറയിലുമാണ് മോട്ടോറോള എഡ്‍ജ് 70 പ്രോ+ പ്രധാനമായും വിസ്മയം തീർക്കുന്നത്. ബ്രൗൺ, റെഡ്, ടീൽ എന്നീ മൂന്ന് പ്രീമിയം നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. ബ്രൗൺ മോഡലിന് സ്കൾപ്റ്റഡ് വുഡ് ഫിനിഷും, റെഡ് പതിപ്പിന് സാറ്റിൻ-ലക്സ് ഫിനിഷും, ടീൽ വേരിയന്റിന് ട്വിൽ-ഇൻസ്പയർഡ് ടെക്‌സ്ചറുമാണ് നൽകിയിരിക്കുന്നത്. ഫോണിന്റെ പിൻഭാഗത്ത് ചതുരാകൃതിയിലുള്ള മോഡ്യൂളിൽ എൽ.ഇ.ഡി ഫ്ലാഷോട് കൂടിയ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. സോണിയുടെ അത്യാധുനിക എൽവൈടി സെൻസർ ഉപയോഗിക്കുന്ന ക്യാമറ സംവിധാനം 81 എംഎം ഫോക്കൽ ലെങ്തും ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനും പിന്തുണയ്ക്കുന്നതാണ്. മികച്ച സൂം ഫോട്ടോഗ്രഫിക്കും സ്റ്റേബിൾ വീഡിയോ റെക്കോർഡിംഗിനും ഇത് സഹായിക്കും.

ടെലിഫോട്ടോ ക്യാമറ, വയർലെസ് ചാർജിങ് സൗകര്യം, 16 ജിബി വരെയുള്ള റാം ശേഷി എന്നിവ ഈ ഫോണിൽ പ്രതീക്ഷിക്കാം. മുൻഭാഗത്ത് സെൽഫി ക്യാമറയ്ക്കായി ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനാണ് നൽകിയിരിക്കുന്നത്. വലതുവശത്തായി പവർ ബട്ടണും വോള്യം കൺട്രോളുകളും ക്രമീകരിച്ചിരിക്കുന്നു. കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോട്ടോറോള എഡ്‍ജ് 70 പ്രോയ്ക്ക് 41,999 രൂപയായിരുന്നു പ്രാരംഭ വില. മീഡിയടെക് ഡൈമെൻസിറ്റി 8500 എക്‌സ്‌ട്രീം പ്രോസസർ, 6500 എംഎഎച്ച് ബാറ്ററി, 90 വാട്‌സ് ഫാസ്റ്റ് ചാർജിങ് എന്നിവയായിരുന്നു അതിന്റെ സവിശേഷതകൾ. പുതിയ പ്ലസ് (+) പതിപ്പ് അതിനേക്കാൾ ഉയർന്ന പ്രീമിയം ഫീച്ചറുകളോടെ എത്തുന്നതിനാൽ വിപണിയിൽ വലിയ പ്രതീക്ഷയാണുള്ളത്.

Tags