കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി
ചണ്ഡിഗഡ്: മോട്ടോറോളയുടെ ‘ആകാശവാണി’ പദ്ധതിയിലൂടെ ഹരിയാനയിലെ 17,000 കർഷകർക്ക് എഐ അധിഷ്ഠിത ഹൈപ്പർലോക്കൽ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാക്കി. പദ്ധതിയുടെ പൂർത്തീകരണ സർട്ടിഫിക്കറ്റ് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നിക്ക് കൈമാറി.
കുരുക്ഷേത്ര, യമുനാനഗർ ജില്ലകളിലെ ഗ്രാമങ്ങളിൽ 35 ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. മഴ, താപനില, ഈർപ്പം, കാറ്റിൻ്റെ വേഗതയും ദിശയും, അന്തരീക്ഷമർദം തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് തത്സമയ കാലാവസ്ഥാ പ്രവചനങ്ങളും മുന്നറിയിപ്പുകളും കർഷകർക്കുള്ള നിർദേശങ്ങളും നൽകുന്നു. പദ്ധതിയിലൂടെ 87,000 ഗ്രാമീണ ജനങ്ങൾക്ക് പ്രയോജനം ലഭിക്കും.
കൃഷിയുമായി ബന്ധപ്പെട്ട വിത്തിടൽ, ജലസേചനം, വിളസംരക്ഷണം, വിളവെടുപ്പ് തുടങ്ങിയ തീരുമാനങ്ങളിൽ കാലാവസ്ഥാ വിവരങ്ങൾ പ്രയോജനപ്പെടുത്താനും പദ്ധതി സഹായിക്കുന്നു. മോട്ടോറോള, ടാർഖ് ഫൗണ്ടേഷൻ, ഐഐടി റോപർ, അന്നം.എഐ എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. ഈ വർഷം പദ്ധതി ഉത്തർപ്രദേശിലെ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് മോട്ടോറോള അറിയിച്ചു.
.jpg)

