വാട്സാപ്പിലൂടെ മൊബൈൽ റീചാർജും

WhatsApp


ന്യൂഡൽഹി : പുതിയ പ്രീ പെയ്ഡ് മൊബൈൽ റീചാർജ് സേവനം ഇന്ത്യയിൽ  ആരംഭിച്ച് വാട്സാപ്പ്. ഇതോടെ ഉപഭോക്താക്കൾക്ക് മറ്റ് ആപ്പുകളെ ആശ്രയിക്കാതെ തന്നെ വാട്സാപ്പിൽ നിന്ന് നേരിട്ട് മൊബൈൽ റീചാർജ് ചെയ്യാൻ സാധിക്കും. പേയു (PayU) ആപ്പുമായി സഹകരിച്ചാണ് ഈ പുതിയ സംവിധാനം വാട്സാപ്പ് നടപ്പിലാക്കുന്നത്.

ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (V​i) എന്നീ പ്രമുഖ ടെലികോം സേവനദാതാക്കളുടെ നമ്പറുകൾ ഇത്തരത്തിൽ റീചാർജ് ചെയ്യാം. വാട്സാപ്പ് ഹോം സ്ക്രീനിൽ പുതുതായി നൽകിയിട്ടുള്ള രൂപ (₹) ഐക്കൺ ക്ലിക്ക് ചെയ്ത് വളരെ വേഗത്തിൽ റീചാർജ് നടപടികൾ പൂർത്തിയാക്കാം.

യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യവും ആപ്പിൽ തന്നെ ഒരുക്കിയിട്ടുണ്ട്.

മെസേജിംഗിന് പുറമെ പേയ്‌മെന്റ്, ടിക്കറ്റ് ബുക്കിംഗ്, ബിൽ പേയ്‌മെന്റ് തുടങ്ങിയ സേവനങ്ങളിലേക്ക് വാട്സാപ്പ് പ്രവർത്തനം വ്യാപിപ്പിക്കുന്നത് ഡിജിറ്റൽ വിപണിയിൽ ആധിപത്യം ഉറപ്പിക്കാനാണ്. മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം നേരത്തെ തന്നെ വാട്സാപ്പിൽ ലഭ്യമായിരുന്നു. ഇതിന് പിന്നാലെയാണ് റീചാർജ് സൗകര്യവും എത്തുന്നത്.

ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഘട്ടം ഘട്ടമായാണ് ഈ ഫീച്ചർ ലഭ്യമാക്കുന്നത്. വരും ആഴ്ചകളിൽ എല്ലാ ഉപഭോക്താക്കൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. സാധാരണക്കാർക്ക് ഏറ്റവും എളുപ്പത്തിൽ റീചാർജ് സൗകര്യം ലഭ്യമാക്കുന്നതിലൂടെ ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ കമ്പനികൾക്ക് വലിയ വെല്ലുവിളിയാണ് വാട്സാപ്പ് ഉയർത്തുന്നത്.

Tags