ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ


ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ കമ്മ്യൂണിറ്റി ചാറ്റ് ഓപ്ഷനും ലഭ്യമാകും. 250 പേരെ വരെ ഉൾപ്പെടുത്തി കൊണ്ട് വിവിധ വിഷയങ്ങളിൽ ഗ്രൂപ്പ് ചാറ്റ് നടത്താൻ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്. നിലവിൽ പ്രോടൈപ്പ് ആയി ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ചാറ്റിൽ ഉപഭോക്താക്കളുടെ വിവിധ വിഷയങ്ങളിലെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് ഗ്രൂപ്പുകളിൽ അംഗമാവാൻ സാധിക്കും.
കമ്മ്യൂണിറ്റി ചാറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും നിലവിൽ കമ്പനിക്ക് പുറത്ത് പരീക്ഷിക്കപ്പെടാത്ത ഒരു പ്രോടൈപ്പാണിതെന്ന് ഇൻസ്റ്റാഗ്രാം വക്താവിനെ ഉദ്ധരിച്ച് എൻഗാഡ്ജെറ്റ് റിപ്പോർട്ട് ചെയ്തു. ചാറ്റുകൾ ഹോസ്റ്റ് ചെയ്യുന്നവർക്ക് ആളുകളെ നിയന്ത്രിക്കാനുള്ള അവസരം ഉണ്ടായിരിക്കുമെന്നാണ് സ്‌ക്രീൻഷോട്ടുകൾ സൂചിപ്പിക്കുന്നത്. ആർക്കൊക്കെ സംഭാഷണങ്ങളിൽ ചേരാനാകുമെന്ന് നിർണ്ണയിക്കുന്നതിന് പുറമെ ഇൻ-ബിൽറ്റ് മോഡറേഷൻ ടൂളുകൾ ഉപയോഗിച്ച് അഡ്മിനിസ്‌ട്രേറ്റർമാർക്ക് അംഗങ്ങൾ അയക്കുന്നതിൽ പ്രശ്‌നകരമായ സന്ദേശങ്ങൾ നീക്കം ചെയ്യാനും അനുവദിക്കും.