ത്രഡ്‌സിൽ ഡയറക്ട് മെസേജിംഗ് സൗകര്യം അവതരിപ്പിച്ച് മെറ്റ


കാലിഫോർണിയ: മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രഡ്‌സ് ആപ്പ് രണ്ട് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചു. ഡയറക്ട് മെസേജിംഗ് (DM), ഹൈലൈറ്റർ എന്നീ ഫീച്ചറുകളാണ് ത്രഡ്‌സിലേക്ക് മെറ്റ കൊണ്ടുവന്നത്. ത്രഡ്‌സ് പ്ലാറ്റ്‌ഫോം ഇൻസ്റ്റഗ്രാമിൽ നിന്ന് കൂടുതൽ സ്വതന്ത്രമാകുന്നതിനും എക്‌സുമായുള്ള മത്സരം കടുപ്പിക്കുന്നതിനും വഴിയൊരുക്കുന്ന അപ്‌ഡേറ്റുകളാണിത്.
tRootC1469263">ത്രഡ്‌സിൽ ഡയറക്ട് മെസേജിംഗ് എത്തി (Direct Messaging)
ഇൻസ്റ്റഗ്രാമിനൊപ്പം ലോഗിൻ ചെയ്യാനാവുന്ന സോഷ്യൽ മീഡിയ എന്ന നിലയിൽ മെറ്റ രണ്ട് വർഷം മുമ്പ് അവതരിപ്പിച്ച പ്ലാറ്റ്‌ഫോമായിരുന്നു ത്രഡ്‌സ്. ഇലോൺ മസ്‌കിൻറെ എക്‌സിന് (പഴയ ട്വിറ്റർ) മത്സരം നൽകുക എന്ന ലക്ഷ്യമായിരുന്നു ത്രഡ്‌സ് അവതരിപ്പിക്കുമ്പോൾ മാർക് സക്കർബർഗിനുണ്ടായിരുന്നത്. നാളിതുവരെ ഇൻസ്റ്റയോട് ചേർന്നുതന്നെ പ്രവർത്തിച്ചിരുന്ന ത്രഡ്‌സ് പ്ലാറ്റ്‌ഫോം സ്വതന്ത്രമാകുന്നതിൽ വലിയ പടിയാണ് ഡിഎമ്മിൻറെ അവതരണം. ത്രഡ്‌സിലെ പുതിയ ഡയറക്ട് മെസേജിംഗ് ഫീച്ചർ ത്രഡ്‌സിനുള്ളിൽ വച്ചുതന്നെ ആളുകൾക്ക് മെസേജുകൾ അയക്കാനും സ്വീകരിക്കാനും വഴിയൊരുക്കും. പ്രൈവറ്റ്, വൺ-ഓൺ-വൺ മെസേജിംഗ് സംവിധാനമാണ് ത്രഡ്‌സിലേക്ക് വന്നിരിക്കുന്നത്. രണ്ട് വർഷം മുമ്പ് ത്രഡ്‌സ് മെറ്റ ലോഞ്ച് ചെയ്യുമ്പോൾ ബിൽട്ട്-ഇൻ മെസേജിംഗ് ഫീച്ചറിൻറെ അഭാവം പ്രകടമായിരുന്നു. ഇതോടെ ആശയവിനിമയത്തിനായി ത്രഡ്‌സ് ഉപഭോക്താക്കൾ ഇൻസ്റ്റഗ്രാമിനെ തന്നെ ആശ്രയിച്ചുവരികയായിരുന്നു. അതേസമയം, മെറ്റയുടെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഇൻ-ബിൽട്ട് മെസേജിംഗ് സൗകര്യമുണ്ടായിരുന്നു.

ത്രഡ്‌സ് പ്ലാറ്റ്‌ഫോമിൽ മെറ്റ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഡിഎം സൗകര്യത്തിൽ രണ്ട് നിയന്ത്രണമുണ്ട്. 18 വയസിന് മുകളിൽ പ്രായമുള്ള ഉപഭോക്താക്കൾക്ക് മാത്രമേ ഡയറക്ട് മെസേജിംഗ് സൗകര്യം ഇപ്പോൾ ലഭ്യമുള്ളൂ. മാത്രമല്ല, ത്രഡ്‌സിലെ ഫോളോവേഴ്സ് തമ്മിലോ മ്യൂച്ചൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് തമ്മിലോ മാത്രമേ മെസേജുകൾ കൈമാറാനാകൂ. ത്രഡ്‌സിൽ ഗ്രൂപ്പ് മെസേജിംഗ്, ഇൻബോക്സ് ഫിൽട്ടേർസ് തുടങ്ങിയ ഫീച്ചറുകൾ പിന്നാലെ മെറ്റ അവതരിപ്പിക്കും.
എന്താണ് ത്രഡ്‌സ് ഹൈലൈറ്റർ?
ഡിഎമ്മിന് പുറമെ മെറ്റ ത്രഡ്‌സിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു പുത്തൻ ഫീച്ചറാണ് ഹൈലൈറ്റർ. ത്രഡ്‌സിൽ ട്രെൻഡിംഗ് ആയ ടോപ്പിക്കുകൾ പ്രത്യേകം മാർക് ചെയ്ത് കാണിക്കുന്ന ഫീച്ചറാണിത്. ഇത് പ്ലാറ്റ്‌ഫോമിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾക്ക് കൂടുതൽ വിസിബിളിറ്റി നൽകുമെന്നാണ് മെറ്റയുടെ പ്രതീക്ഷ.