ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയ്ക്ക് പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ച് മെറ്റ

Meta announces paid subscription plans for Facebook, Instagram, and WhatsApp

 കാലങ്ങളായി ഉപഭോക്താക്കൾ സൗജന്യമായി ഉപയോഗിച്ചുകൊണ്ടിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയ്ക്ക് പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ച് മെറ്റ. പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുന്ന ബിസിനസ്സ് മോഡലിൽ നിന്ന് മാറി വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുള്ള വലിയൊരു ചുവടുവെപ്പാണ് മെറ്റ ഇതിലൂടെ ലക്ഷ്യമിടുന്നത്. മെറ്റയുടെ ഹെഡ് ഓഫ് പ്രൊഡക്ട് ആയ നവോമി ഗ്ലീറ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്.

ഫേസ്ബുക്ക് പ്ലസ്, ഇൻസ്റ്റഗ്രാം പ്ലസ്, വാട്സാപ്പ് പ്ലസ്, എന്നിങ്ങനെയാണ് പുതിയ പെയ്ഡ് പ്ലാനുകളുടെ പേര്. റിപ്പോർട്ടുകൾ പ്രകാരം ഫേസ്ബുക്ക് പ്ലസ്, ഇൻസ്റ്റഗ്രാം പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 340 രൂപയാണ് നിരക്ക് വരുന്നത്. വാട്സാപ്പ് പ്ലസിന് പ്രതിമാസം 255 രൂപ നൽകേണ്ടി വരും. എങ്കിലും, നിലവിലുള്ള സാധാരണ ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. ഈ ആപ്പുകളുടെ സൗജന്യ പതിപ്പുകൾ മുൻപത്തെപ്പോലെ തന്നെ തുടർന്നും ലഭ്യമായിരിക്കും. കൂടുതൽ നിയന്ത്രണങ്ങളും വിപുലമായ ഫീച്ചറുകളും ആഗ്രഹിക്കുന്ന പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പ്ലസ് & ഇൻസ്റ്റഗ്രാം പ്ലസ് എന്നിവയുൽ ലഭിക്കുന്ന പ്രധാന ഫീച്ചറുകളാണ് അഡ്വാൻസ്ഡ് അനലിറ്റിക്സ്, സ്റ്റോറി റീവാച്ച് ഫീച്ചർ, പ്രൊഫൈൽ കസ്റ്റമൈസേഷൻ സൗകര്യങ്ങൾ, കൂടാതെ കൂടുതൽ ആളുകളിലേക്ക് പോസ്റ്റുകൾ എത്തിക്കാനുള്ള ടൂളുകൾ എന്നിവ. കണ്ടൻറ് ക്രിയേറ്റേഴ്സിനും ഇൻഫ്ലുവൻസർമാർക്കും ഏറെ ഉപകാരപ്പെടുന്ന ഫീച്ചറുകളാണിത്.

വാട്സാപ്പ് പ്ലസിൽ പ്രധാനമായും പേഴ്സണലൈസേഷനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. പ്രീമിയം സ്റ്റിക്കറുകൾ, കസ്റ്റം ആപ്പ് തീമുകൾ, പ്രത്യേക റിംഗ്‌ടോണുകൾ എന്നിവ ഇതിലൂടെ ലഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വികസനത്തിനായി മെറ്റ കോടിക്കണക്കിന് ഡോളറാണ് നിലവിൽ ചെലവഴിക്കുന്നത്. ഈ വർഷം മാത്രം എഐ ഡാറ്റാ സെന്ററുകൾക്കായി 125 ബില്യൺ മുതൽ 145 ബില്യൺ ഡോളർ വരെ ചെലവ് വരുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ഈ ഭാരിച്ച ചെലവുകൾക്കിടയിൽ പരസ്യത്തിന് പുറമെ മറ്റ് വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താൻ നിക്ഷേപകരിൽ നിന്ന് മെറ്റയ്ക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. പെയ്ഡ് പ്ലാൻ പ്രഖ്യാപിച്ചതിന് പിന്നാലെ മെറ്റയുടെ ഓഹരി മൂല്യത്തിൽ മൂന്ന് ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയത് നിക്ഷേപകർ ഇതിനെ അനുകൂലിക്കുന്നു എന്നതിൻറെ സൂചനയാണ്.

ഭാവിയിൽ ഈ പെയ്ഡ് സേവനങ്ങളെല്ലാം മെറ്റ വൺ എന്ന ഒറ്റ ബ്രാൻഡിന് കീഴിലേക്ക് കൊണ്ടുവരാൻ കമ്പനിക്ക് പദ്ധതിയുണ്ട്. 2023-ൽ യൂറോപ്യൻ യൂണിയനിലെ കർശനമായ സ്വകാര്യതാ നിയമങ്ങൾ പാലിക്കുന്നതിനായി മെറ്റ പരസ്യ രഹിത പെയ്ഡ് പതിപ്പുകൾ പരീക്ഷിച്ചിരുന്നെങ്കിലും, ആഗോളതലത്തിൽ ഉപഭോക്താക്കളെ നേരിട്ട് ലക്ഷ്യമിട്ടുള്ള ഏറ്റവും വലിയ പെയ്ഡ് റോൾഔട്ട് ഇതാദ്യമായാണ്. 

Tags