വായിച്ചാൽ മിനിറ്റുകൾക്കകം അപ്രത്യക്ഷമാകും മെസേജുകള്‍; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Now you won't be disturbed while talking on WhatsApp calls; know about this amazing feature

കാലിഫോര്‍ണിയ: മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് ഐഒഎസ്, ആന്‍ഡ്രോയ്‌ഡ് ഉപയോക്താക്കൾക്കായി പുതിയ സ്വകാര്യതാ ഫീച്ചറിന്‍റെ പരീക്ഷണം ആരംഭിച്ചു. മെസേജുകൾ വായിച്ചതിന് ശേഷം നിശ്ചിത സമയത്തിനകം സ്വമേധയാ ഡിലീറ്റ് ചെയ്യുന്ന സംവിധാനമാണ് പുതിയ ഫീച്ചറിന്‍റെ പ്രത്യേകത. നിലവിൽ ഉപയോഗത്തിലുള്ള ഡിസപ്പിയറിംഗ് മെസേജ് ഫീച്ചറിൽ സന്ദേശം അയച്ചതുമുതൽ കൗണ്ട്ഡൗൺ ആരംഭിക്കുമ്പോൾ, പുതിയ ഫീച്ചറിൽ സന്ദേശം റിസീവർ തുറന്നതിന് ശേഷമായിരിക്കും സമയം കണക്കാക്കുന്നത്.

വാട്‌സ്ആപ്പ് ബീറ്റ ഫോർ ഐഒഎസ് വേർഷൻ 26.19.10.72 ഉപയോഗിക്കുന്ന ചില ടെസ്റ്റ്ഫ്ളൈറ്റ് ഉപയോക്താക്കൾക്കാണ് ആദ്യം ഈ ഫീച്ചർ ലഭ്യമായതെന്ന് വാട്‌സ്ആപ്പ് ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആന്‍ഡ്രോയ്‌ഡില്‍ 2.26.19.11 ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഫീച്ചര്‍ ലഭ്യമായി. ആപ്പ് സ്റ്റോർ പതിപ്പിലെ കുറച്ച് ഉപയോക്താക്കൾക്കും പരീക്ഷണാടിസ്ഥാനത്തിൽ ഈ സൗകര്യം ലഭിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ. ആഫ്റ്റർ റീഡിംഗ് എന്ന പേരിലാണ് പുതിയ ഓപ്ഷൻ ഡിസപ്പിയറിംഗ് മെസേജ് സെറ്റിംഗ്‍സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് സന്ദേശം വായിച്ചതിന് ശേഷം അഞ്ച് മിനിറ്റ്, ഒരു മണിക്കൂർ, 12 മണിക്കൂർ എന്നീ സമയപരിധികളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം. റിസീവർ സന്ദേശം തുറക്കാത്ത പക്ഷം 24 മണിക്കൂറിന് ശേഷം അത് സ്വമേധയാ ഡിലീറ്റ് ചെയ്യപ്പെടും.

വാട്‌സ്ആപ്പിന്‍റെ നിലവിലെ ഡിസപ്പിയറിംഗ് മെസേജ് സംവിധാനത്തിൽ 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്നീ സമയപരിധികളാണ് ലഭ്യമാകുന്നത്. പുതിയ ‘ആഫ്റ്റർ റീഡിംഗ്’ ഫീച്ചർ ഇതോടൊപ്പം പ്രവർത്തിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. വ്യക്തിഗത ചാറ്റുകൾക്കോ പുതിയ എല്ലാ ചാറ്റുകൾക്കോ ഈ സംവിധാനം പ്രാപ്‍തമാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.
ഫീച്ചര്‍ നിങ്ങള്‍ തന്നെ സെറ്റ് ചെയ്യണം

ഫീച്ചർ സ്വമേധയാ പ്രവർത്തിക്കില്ലെന്നും ഉപയോക്താക്കൾ തന്നെ സജ്ജമാക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിലുള്ള ചാറ്റുകളിൽ മാറ്റമൊന്നും ഉണ്ടാകില്ല. അയച്ച വ്യക്തിയുടെ സന്ദേശത്തിന്‍റെ പകർപ്പ് തിരഞ്ഞെടുത്ത സമയക്രമം അനുസരിച്ച് ഇല്ലാതാകുമ്പോൾ, സ്വീകരിക്കുന്നയാളുടെ കൗണ്ട്ഡൗൺ സന്ദേശം വായിച്ചതിന് ശേഷമേ ആരംഭിക്കൂ.

സ്വകാര്യതയും സുരക്ഷയും കൂടുതൽ ശക്തമാക്കാനുള്ള വാട്‌സ്ആപ്പിന്‍റെ നീക്കമായാണ് പുതിയ ഫീച്ചറിനെ വിലയിരുത്തുന്നത്. അതേസമയം, ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും എപ്പോൾ ലഭ്യമാകുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അടുത്ത ആഴ്‌ചകളിൽ കൂടുതൽ ബീറ്റാ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും എന്നാണ് സൂചന.

Tags