നീട്ടി വലിച്ച് മെസ്സേജ് അയച്ചാലും കുഴപ്പമില്ല; വാട്സ്ആപ്പ് ഇനി അത് ചുരുക്കിക്കോളും
May 11, 2025, 09:45 IST


പുതിയ ഒരു ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ് . ദൈർഘ്യമേറിയ സന്ദേശത്തിന്റെ ഉള്ളടക്കം വളരെ വേഗം മനസിലാക്കാൻ സഹായിക്കുകയും സമയം ലാഭിക്കുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചർ. വായിക്കാത്ത സന്ദേശങ്ങൾ ധാരാളം ഉണ്ടെങ്കിൽ അതിന്റെ സംഗ്രഹിച്ച ഭാഗം തയ്യാറാക്കാനുള്ള ബട്ടൺ വാട്സ്ആപ്പിൽ കാണാൻ സാധിക്കും. ഇതുവഴി നീണ്ട സന്ദേശങ്ങൾ അയക്കുന്നവർ അയച്ചോട്ടെ, നമുക്കത് ചുരുക്കി മനസിലാക്കാൻ സാധിക്കും.
മെറ്റയുടെ പ്രൈവറ്റ് പ്രോസസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സംഗ്രഹം തയ്യാറാക്കുന്നത്. ഇതിനിടയിൽ സന്ദേശം സെന്റാകില്ലെന്നും മെറ്റ ഉറപ്പുനൽകുന്നുണ്ട്. സന്ദേശത്തിന്റെ ഉള്ളടക്കം പെട്ടെന്നുതന്നെ നിങ്ങളുടെ മൊബൈൽ ഫോൺ അടക്കമുളളവയിലേക്ക് തിരികെ ലഭ്യമാകും. എന്നാൽ അഡ്വാൻസ് ചാറ്റ് പ്രൈവസി ഓണാക്കിയിട്ടുളള ചാറ്റുകളിൽ ഈ ഫീച്ചർ ലഭ്യമാകില്ല. ഇത് സുരക്ഷ സംബന്ധിച്ച ആശങ്കകൾ കൊണ്ടല്ല മറിച്ച് സംഭാഷണങ്ങളിൽ എഐ ടൂളുകൾ ഉപയോഗിക്കാൻ താൽപര്യമില്ലാത്ത ഉപയോക്താക്കളെ മുന്നിൽ കണ്ടാണ്.

സന്ദേശങ്ങൾ സംഗ്രഹിക്കാനുള്ള ഓപ്ഷനുകൾ ചാറ്റുകളിലും ഗ്രൂപ്പുകളിലും ചാനലുകളിലും ലഭ്യമാകും. ഇത് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നിലനിർത്തിക്കൊണ്ടുതന്നെ എല്ലാ സന്ദേശങ്ങളിലൂടെയും കടന്നുപോകാതെ കാര്യം വളരെ വേഗത്തിൽ മനസിലാക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകും.
ഇത് മാത്രമല്ല ചാറ്റുകളുടെ പശ്ചാത്തലത്തിൽ എ ഐ വാൾപേപ്പറുകൾ സൃഷ്ടിക്കാൻ കഴിയുന്ന സംവിധാനവും വാട്സ് ആപ്പിൽ ഉടൻ വരും. എഐ വാൾപേപ്പർ ജനറേറ്റ് ചെയ്യാനും ചാറ്റുകളുടെ പശ്ചാത്തലത്തിൽ ഉപയോഗിക്കാനും ടെക്സ്റ്റ് പ്രോംപ്റ്റ് ഉപയോഗിച്ച് നിങ്ങൾക്ക് എന്തും സൃഷ്ടിക്കാനും കഴിയും എന്നാണ് സവിശേഷത. ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം വഴി ഈ ടൂൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്, ഇപ്പോൾ ഇത് പരിമിതമായ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. പരീക്ഷണം വിജയകരമായി പൂർത്തിയായിക്കഴിഞ്ഞാൽ എല്ലാവർക്കും ഇത് ഉപയോഗിക്കാൻ സാധിക്കും.
വിവിധ സ്ക്രീൻ വലുപ്പങ്ങൾക്ക് അനുയോജ്യമായ രീതിയിൽ AI- ജനറേറ്റ് ചെയ്ത വാൾപേപ്പറുകൾ ഒപ്റ്റിമൈസ് ചെയ്തിരിക്കും, കൂടാതെ ചാറ്റ് തീം ക്രമീകരണങ്ങൾ വഴി ആക്സസ് ചെയ്യാനും കഴിയും. ഉപയോക്താക്കൾക്ക് എല്ലാ ചാറ്റുകളിലും ഈ ഡിസൈനുകൾ പ്രയോഗിക്കാനോ വ്യക്തിഗത സംഭാഷണങ്ങൾക്കായി അവ ക്രമീകരിക്കാനോ ഉള്ള ഓപ്ഷൻ ഉണ്ടായിരിക്കും