മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

microsoft
microsoft

വാഷിംഗ്‌ടൺ: മൈക്രോസോഫ്റ്റ് വീണ്ടും പിരിച്ചുവിടൽ നടത്തുന്നു. നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് മൈക്രോസോഫ്റ്റിൻറെ പുതിയ നീക്കമെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിൽ കമ്പനി വലിയ നിക്ഷേപം നടത്തുന്നതിനിടെയാണ് മൈക്രോസോഫ്റ്റ് കൂട്ടപ്പിരിച്ചുവിടൽ തുടരുന്നത്. 9,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടൽ പ്രതികൂലമായി ബാധിക്കും.

tRootC1469263">

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നാണ് മൈക്രോസോഫ്റ്റ്. ലോകമെമ്പാടും 228,000 ജീവനക്കാർ മൈക്രോസോഫ്റ്റിനുണ്ടെന്നാണ് 2024 ജൂണിൽ പുറത്തുവന്ന കണക്ക്. ആറായിരത്തോളം ജീവനക്കാരെ ബാധിക്കുന്ന പിരിച്ചുവിടൽ കഴിഞ്ഞ മെയ് മാസം മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. സെയിൽസ് വിഭാഗത്തിലാണ് ഇത് കൂടുതലായി ബാധിക്കുകയെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ അടുത്ത പിരിച്ചുവിടലിന് മൈക്രോസോഫ്റ്റ് തയ്യാറെടുക്കുകയാണ്. പുതിയ ലേഓഫ് 9,000-ത്തോളം മൈക്രോസോഫ്റ്റ് ജീവനക്കാരെ ബാധിക്കും. മൈക്രോസോഫ്റ്റിൻറെ ഗെയിം ഡിവിഷനിൽ ഉൾപ്പടെ ഈ പിരിച്ചുവിടലുണ്ടാകും. മൈക്രോസോഫ്റ്റിന് കീഴിലുള്ള കാൻഡി ക്രഷ് ഗെയിം നിർമ്മാതാക്കളായ ബാഴ്‌സലോണ ആസ്ഥാനമായുള്ള കിംഗ് ഡിവിഷനിൽ 200 പേർക്കെങ്കിലും തൊഴിൽ നഷ്ടമാകുമെന്നാണ് സൂചന. കമ്പനിയുടെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ പിരിച്ചുവിടലുകളെല്ലാം എന്നാണ് മൈക്രോസോഫ്റ്റിൻറെ വാദം.

ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ കോടികളുടെ നിക്ഷേപം കമ്പനി നടത്തുന്നതിനിടയിൽ കൂടിയാണ് ഈ ലേഓഫുകൾ നടക്കുന്നത്. എഐ രംഗത്ത് നിക്ഷേപം നടത്തുന്ന മറ്റ് ടെക് ഭീമൻമാരായ മെറ്റയും ആമസോണും ഗൂഗിളും അടക്കമുള്ള കമ്പനികളും സമീപകാലത്ത് പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരുന്നു. പ്രകടനം കുറവുള്ള അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മെറ്റ ഈ വർഷാദ്യം പ്രഖ്യാപിച്ചിരുന്നു. ഗൂഗിൾ നൂറുകണക്കിന് ജീവനക്കാരെയാണ് 2024ൽ പറഞ്ഞുവിട്ടത്. ആമസോൺ ആവട്ടെ ബിസിനസ് സെഗ്മെൻറിലും ബുക്ക് ഡിവിഷനിലുമടക്കം ലേഓഫ് നടപ്പാക്കി. ഉപകരണങ്ങളുടെ വിഭാഗത്തിലും സർവീസ് യൂണിറ്റിലും കമ്മ്യൂണിക്കേഷൻ സ്റ്റാഫിലും പിരിച്ചുവിടലുകൾ നടത്തിയതിന് പുറമെയാണിത്.
 

Tags