കെ-ടെറ്റ് ചോദ്യക്കടലാസ് ഇനി തമിഴ്, കന്നഡ ഭാഷകളിലും


പാലക്കാട് : കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് തമിഴ്, കന്നഡ ഭാഷകളിൽക്കൂടി ചോദ്യക്കടലാസ് നൽകും. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ തുടർന്നാണ് പരിഷ്ക്കര്ണം. പരീക്ഷയിലെ മൂന്ന് വിഭാഗങ്ങളിലായി മലയാളം , ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലാണ് നിലവിൽ ചോദ്യങ്ങളുള്ളത്.
സംസ്ഥാനപരീക്ഷാ കമ്മിഷണർ നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ തമിഴിൽ ലഭ്യമായിരുന്നില്ല. തമിഴ് മീഡിയത്തിൽ പഠിച്ച്, ഡി.എൽ.എഡ് കോഴ്സും തമിഴിൽ പാസാവുന്ന തമിഴ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് ഇത് വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. കേരളൈറ്റ് തമിഴ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി പീപ്പിൾസ് മൂവ്മെന്റാണ് ഈ പ്രശ്നം ചൂണ്ടിക്കാട്ടിയത്.
2012 മുതൽ തുടരുന്ന ഈ ബുദ്ധിമുട്ട് കാരണം പലരുടെയും തൊഴിൽസാധ്യത നഷ്ടപ്പെട്ടതായി പരാതിപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സംഘടന നൽകിയ ഹർജിയെ തുടർന്നായിരുന്നു നടപടി. പരാതി നേരിൽക്കേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചു.
കേരള സ്റ്റേറ്റ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി തമിഴ് ടീച്ചേഴ്സ് അസോസിയേഷനും നിവേദനം നൽകിയതിനെ തുടർന്നാണ് തമിഴിലും കന്നഡയിലും ചോദ്യപേപ്പർ ലഭ്യമാക്കാൻ ഉത്തരവിട്ടത്.
