എഐ വന്നാലും കല സൃഷ്ടിക്കുന്ന കാര്യത്തിൽ മനുഷ്യന് പകരമാകാൻ അതിന് സാധിക്കില്ല : ജെയിംസ് കാമറൂൺ

JamesCameron

എത്ര വികസിതമായ എഐ സാങ്കേതികവിദ്യ വന്നാലും കല സൃഷ്ടിക്കുന്ന കാര്യത്തിൽ മനുഷ്യന് പകരമാകാൻ അതിന് സാധിക്കില്ലെന്ന് ഹോളിവുഡിലെ ഇതിഹാസ സംവിധായകൻ ജെയിംസ് കാമറൂൺ. ഡിസംബർ 19-ന് തിയറ്ററുകളിലെത്തുന്ന തന്റെ പുതിയ ചിത്രമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’മായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വൈകാരിക ബുദ്ധി, സഹജാവബോധം, യുക്തിബോധം എന്നിവ കൊണ്ടാണ് കലാസൃഷ്ടികൾ ഉണ്ടാകുന്നത്. ഇതിനെയൊന്നും ഒരു എഐക്കും അനുകരിക്കാൻ കഴിയില്ല. സർഗാത്മകത ഉപബോധമനസ്സിൽ നിന്ന് ഉരിത്തിരിയുന്നതിനാൽ അതിന്റെ കണക്കെടുപ്പും അസാധ്യമാണെന്ന് കാമറൂൺ വ്യക്തമാക്കി. കലാകാരന്മാരുടെ കയ്യിൽ തന്നെയാണ് സകല നിയന്ത്രണവും ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് സിനിമകൾക്ക് തിരക്കഥയെഴുതാൻ എഐ ടൂളിന്റെ ആവശ്യമില്ലെന്നും, ചിലപ്പോൾ 20 വർഷത്തിന് ശേഷം എഐ മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കാർ നേടിയാൽ മാത്രം അതിനെ ഗൗരവമായി എടുത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

മുൻചിത്രങ്ങളെപ്പോലെ മോഷൻ ക്യാപ്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ‘അവതാർ: ഫയർ ആൻഡ് ആഷി’ൽ പ്രമേയത്തിൽ ഇത്തവണ ചെറിയ വ്യത്യാസമുണ്ട്. ആദ്യ രണ്ട് ചിത്രങ്ങളിൽ മനുഷ്യരും നാവി വർഗ്ഗവും തമ്മിലുള്ള പോരാട്ടമായിരുന്നുവെങ്കിൽ, ഇത്തവണ നാവി ജനങ്ങൾക്കിടയിൽ നടക്കുന്ന സിവിൽ വാർ ആണ് പ്രധാന വിഷയം.

Tags