ഇനി പതിനാറ് വയസ്സിന് താഴെയുള്ളവർക്ക് ഇൻസ്റ്റഗ്രാം ലൈവ് ഉപയോഗിക്കാനാവില്ല ; വിലക്കുമായി മെറ്റ


പതിനാറ് വയസ്സിൽ താഴെയുള്ളവർ ഇൻസ്റ്റഗ്രാം ലൈവ് ഉപയോഗിക്കുന്നത് നിരോധിച്ച് മെറ്റ. കൗമാരപ്രായക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നടപടി. ഇൻസ്റ്റഗ്രാമിന് പുറമെ ഫേസ്ബുക്കിലും മെസഞ്ജറിലും പുതിയ ഫീച്ചർ നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്. മാതാപിതാക്കളുടെ അനുവാദമില്ലാതെ ലൈവ് ഉപയോഗിക്കുക, ഡയറക്ട് മെസ്സേജിൽ ബ്ലറർ ചെയ്യാതെ നഗ്ന ദൃശ്യങ്ങൾ പങ്കിടുക തുടങ്ങിയവ നിയന്ത്രിക്കുന്ന ഫീച്ചറുകളാണ് പുതുതായി മെറ്റ കൊണ്ടുവന്നിരിക്കുന്നത്.
പ്രായത്തിനനുയോജ്യമായ കണ്ടന്റുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയാണ് പുതിയ നടപടിയെന്ന് കമ്പനി അറിയിച്ചു. 2023ൽ മെറ്റ അവതരിപ്പിച്ച ടീൻ അക്കൗണ്ട് പോഗ്രാമിലാണ് ആദ്യമായി സാമൂഹ്യ മാധ്യമങ്ങളിൽ രക്ഷാകർത്താക്കളുടെ മേൽനോട്ടം വർധിപ്പിക്കാനുള്ള ഓപ്ഷനുകൾ കൊണ്ടു വരുന്നത്. ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളിലായിരിക്കും പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുക. വരും മാസങ്ങളിൽ ആഗോളതലത്തിൽ ഇത് വ്യാപിപ്പിക്കും. ഇൻസ്റ്റഗ്രാം ലൈവിന് പുറമെ ഫേസ് ബുക്കിലും മെസ്സഞ്ചറിലും വിവിധ നിയന്ത്രണങ്ങൾ മെറ്റ കൊണ്ടു വരുന്നുണ്ട്.
