'വി'യിൽ പിടിമുറിക്കി സർക്കാർ, പകുതിയോളം ഓഹരി സർക്കാർ ഏറ്റെടുക്കുന്നു

VI
VI

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ വോഡഫോണ്‍ ഐഡിയയിലെ ഓഹരി 48.99 ശതമാനമായി ഉയര്‍ത്തിയേക്കും. സര്‍ക്കാരിനുള്ള കുടിശിക തുക ഓഹരിയാക്കി മാറ്റാനാണ് നീക്കം. 36,950 കോടി രൂപയുടെ ഓഹരികള്‍ സര്‍ക്കാരിനു നല്‍കാന്‍ വാര്‍ത്താവിനിമയ മന്ത്രാലയം വോഡഫോണ്‍ ഐഡിയയോട് നിര്‍ദേശിച്ചിട്ടുണ്ട്.

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഉള്‍പ്പെടെയുള്ള മറ്റ് അധികാരികളുടെ അംഗീകാരത്തോടെ 30 ദിവസത്തിനുള്ളില്‍ ഇഷ്യു പൂര്‍ത്തിയാക്കേണ്ടതുണ്ട്. 10 രൂപ മുഖവിലയുള്ള 3,695 കോടി ഓഹരികളില്‍ ഓഹരിയൊന്നിന് 10 രൂപ എന്ന നിരക്കിലാണ് ഇഷ്യു ചെയ്യുന്നത്.

നിലവില്‍ വോഡഫോണ്‍ ഐഡിയയില്‍ സര്‍ക്കാരിന് 22.60 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഇതാണ് ഏതാണ്ട് 48.99 ശതമാനമായി ഉയരുക. അതേസമയം, കമ്പനിയുടെ പ്രവര്‍ത്തന നിയന്ത്രണം പ്രമോട്ടര്‍മാരില്‍ തുടരും.
 

Tags

News Hub