ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുമായി ഗൂഗിള്‍


ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുമായി ഗൂഗിള്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായ വിസിനെ ഗൂഗിള്‍ ഏറ്റെടുത്തു . ടെക് ഭീമന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിത്. 2.77 ലക്ഷം കോടി രൂപയ്ക്ക് (32 ബില്യണ്‍ യുഎസ് ഡോളര്‍) ആണ് ഇടപാട്. ആമസോണിനെയും മൈക്രോസോഫ്റ്റിനെയും മറികടക്കാൻ ഗൂഗിള്‍ ക്ലൗഡിന്റെ സുരക്ഷയും എ ഐ ശേഷിയും വര്‍ധിപ്പിക്കാൻ കൂടിയാണ് ഈ നീക്കം.
അതേസമയം, പ്രധാന ക്ലൗഡ് പ്ലാറ്റ്ഫോമുകളില്‍ വിസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് തുടരും. ഗൂഗിളിന്റെ ക്ലൗഡ് സുരക്ഷാ ശേഷികള്‍ പുതുക്കിപ്പണിയാനാണ് ഈ നീക്കം. മാര്‍ച്ച് 18ന് ആണ് കമ്പനി കരാര്‍ സ്ഥിരീകരിച്ചത്. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ബിസിനസുകള്‍ക്കും സര്‍ക്കാരുകള്‍ക്കും ശക്തമായ സുരക്ഷാ പരിഹാരങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ ഈ ഏറ്റെടുക്കലിന്റെ പ്രാധാന്യം എടുത്തുകാട്ടി.

ക്ലൗഡ് സുരക്ഷയില്‍ ഗൂഗിള്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിവരുന്നുണ്ട്. ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്താനും സൈബര്‍ ഭീഷണികളില്‍ നിന്ന് തന്ത്രപ്രധാന ഡാറ്റ സംരക്ഷിക്കാനും മള്‍ട്ടി- ക്ലൗഡ് സുരക്ഷാ ശേഷികള്‍ വികസിപ്പിക്കാനും ഈ കരാര്‍ ഗൂഗിളിനെ അനുവദിക്കും. എ ഐ അധിഷ്ഠിത സൈബര്‍ ഭീഷണികള്‍ വര്‍ധിക്കുന്നതിനനുസരിച്ച്, ടെക് ഭീമന്മാരുടെ മത്സരത്തിൽ മുന്നില്‍ നില്‍ക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഈ ഏറ്റെടുക്കല്‍.