ഡ്യുവല്‍ അക്കൗണ്ട്, ചാറ്റ് ട്രാന്‍സ്ഫര്‍ ടൂള്‍ ; പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്‌ആപ്പ്
ന്യൂഡല്‍ഹി: പുത്തന്‍ ഫീച്ചറുകള്‍ പ്രഖ്യാപിച്ച് വാട്‌സ്ആപ്പ്. ക്രോസ്-പ്ലാറ്റ്ഫോം പ്രവര്‍ത്തനം, ഓര്‍ഗനൈസേഷന്‍, ഉപയോഗക്ഷമത എന്നിവ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.സ്റ്റോറേജ് മാനേജ് ചെയ്യുക, ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകള്‍ക്കിടയില്‍ ചാറ്റുകള്‍ കൈമാറുക, എഐ ഫീച്ചറില്‍ സംഭാഷണങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കായി വാട്‌സ്ആപ്പ് പുതിയ ടൂളുകള്‍ പുറത്തിറക്കും. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു ഡിവൈസില്‍ രണ്ട് അക്കൗണ്ടുകള്‍ നിലനിര്‍ത്താനും കഴിയും. മുമ്പ് ആന്‍ഡ്രോയിഡിന് മാത്രമായിരുന്ന ഒരു സവിശേഷത.
ഏറ്റവും ശ്രദ്ധേയമായ ഫീച്ചറാണ് ക്രോസ്-പ്ലാറ്റ്ഫോം ചാറ്റ് ട്രാന്‍സ്ഫര്‍ ഫീച്ചര്‍. ഐഒഎസില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്കും തിരിച്ചും സംഭാഷണങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുന്നതാണിത്. ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് വിവരങ്ങള്‍, വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകള്‍, കമ്മ്യൂണിറ്റികള്‍, വാട്‌സ്ആപ്പ് ചാനല്‍ അപ്ഡേറ്റുകള്‍, ചാറ്റ് ഹിസ്റ്ററി, കോള്‍ ഹിസ്റ്ററി എന്നിവ മൈഗ്രേറ്റ് ചെയ്യാന്‍ കഴിയും.കൂടാതെ ഫോട്ടോകളും വിഡിയോകളും പുതിയ ഡിവൈസിലേക്ക് മാറ്റാം.
പ്ലാറ്റ്‌ഫോമില്‍ സ്റ്റോറേജ് മാനേജ്മെന്റും മെച്ചപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത ചാറ്റുകള്‍ക്കുള്ളില്‍ വലിയ ഫയലുകള്‍ നേരിട്ട് കണ്ടെത്താനും ഡിലീറ്റ് ചെയ്യാനും വാട്സ്ആപ്പ് ഇപ്പോള്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ചാറ്റ് നെയിമില്‍ ടാപ്പ് ചെയ്ത് മാനേജ് സ്റ്റോറേജ് തെരഞ്ഞെടുത്ത് ഈ ഫീച്ചര്‍ ഉപയോഗിക്കാം. ചാറ്റ് ഹിസ്റ്ററി സൂക്ഷിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് മീഡിയ ഫയലുകള്‍ മാത്രം ഡിലീറ്റ് ചെയ്യാനും സാധിക്കും.
ഐഒഎസില്‍ രണ്ട് അക്കൗണ്ടുകള്‍ക്കുള്ള പിന്തുണയും വാടസ്ആപ്പ് കൊണ്ടുവരുന്നു. മുമ്പ് ആന്‍ഡ്രോയിഡില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമായിരുന്നുള്ളൂ. ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, ഉപയോക്താക്കള്‍ക്ക് ഒരു ഐഫോണില്‍ രണ്ട് അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയും. മെച്ചപ്പെട്ട എഐ പവര്‍ ഫീച്ചറുകളും ഉണ്ട്. മെറ്റാ എഐ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ചാറ്റുകള്‍ക്കുള്ളില്‍ നേരിട്ട് ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയും. ഇതില്‍ അനാവശ്യ ഘടകങ്ങള്‍ നീക്കം ചെയ്യുക, പശ്ചാത്തലങ്ങള്‍ മാറ്റുക, അല്ലെങ്കില്‍ ശൈലികള്‍ പ്രയോഗിക്കുക എന്നിവ ഉള്‍പ്പെടുന്നു.
സംഭാഷണ സന്ദര്‍ഭത്തെ അടിസ്ഥാനമാക്കി പ്രതികരണങ്ങള്‍ നിര്‍ദേശിക്കുന്നതിനായി റൈറ്റിങ് ഹെല്‍പ്പ് ഫീച്ചര്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് റിപ്ലെ കൂടുതല്‍ എളുപ്പത്തില്‍ ഡ്രാഫ്റ്റ് ചെയ്യാന്‍ ഇത് ഉപയോക്താക്കളെ സഹായിക്കും. പുതിയ ഫീച്ചറുകള്‍ പുറത്തിറങ്ങിയതായും വരും ആഴ്ചകളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നും മെറ്റ അറിയിച്ചു.
.jpg)


