മലിനമായ അന്തരീക്ഷം വൃത്തിയാക്കും; അതിഭീമന്‍ വാക്വം ഉപകരണം ഐസ് ലാന്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു

google news
air

ലോകം നേരിടുന്ന വിപത്തുകളിൽ ഒന്നാണ് അന്തരീക്ഷ മലിനീകരണം. മനുഷ്യന്റേയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടേയും നിലനിൽപ്പിന്‌ തന്നെ ഇത് ഭീഷണിയാകാനിടയുണ്ട്. എന്നാൽ ഇനി മലിനമായ അന്തരീക്ഷം വൃത്തിയാക്കിയെടുക്കാം. മലിനമായ അന്തരീക്ഷം വൃത്തിയാക്കുന്നതിനുള്ള അതി ഭീമന്‍ വാക്വം ഉപകരണം ഐസ് ലാന്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. മാമത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ ഡയറക്ട് എയര്‍ കാപ്ചര്‍ (ഡിഎസി) ഉപകരണം സ്വിസ് കമ്പനിയായ ക്ലൈംവര്‍ക്ക്‌സ് ആണ് നിര്‍മിച്ചത്. കമ്പനിയുടെ ഇത്തരത്തിലുള്ള രണ്ടാമത്തെ ഉപകരണമാണിത്. 2021 ലാണ് ഒര്‍ക എന്ന പേരില്‍ ക്ലൈംവര്‍ക്ക്‌സ് ഐസ് ലാന്‍ഡില്‍ ആദ്യ ഡിഎസി സ്ഥാപിച്ചത്.

വായുവലിച്ചെടുത്ത് അതിലടങ്ങിയിരിക്കുന്ന കാര്‍ബണ്‍ രാസവസ്തുക്കളുപയോഗിച്ച് വേര്‍തിരിച്ചെടുക്കുകയാണ് ഡിഎസി ചെയ്യുക. ഇങ്ങനെ ശേഖരിക്കുന്ന കാര്‍ബണ്‍ ഭൂമിക്കടിയിലേക്ക് മാറ്റും. ഇത് പിന്നീട് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ഭൂമിക്കടിയിലേക്ക് മാറ്റുന്ന കാര്‍ബണ്‍ സ്വാഭാവികമായി കല്ലായി രൂപാന്തരപ്പെടും. ഇങ്ങനെ ചെയ്യുന്നതോടെ കാര്‍ബണ്‍ വീണ്ടും പുറത്തുവരില്ല. സീക്വസ്‌ട്രേഷന്‍ എന്ന ഈ പ്രക്രിയയ്ക്കായി ഐസ് ലാന്‍ഡിലെ തന്നെ കാര്‍ബ്ഫിക്‌സ് എന്ന കമ്പനിയുമായി സഹകരിക്കാനാണ് ക്ലൈം വര്‍ക്ക്‌സിന്റെ പദ്ധതി.

vaccuam

ഐസ് ലാന്‍ഡില്‍ സമൃദമായ ജിയോതെര്‍മല്‍ എനര്‍ജി അഥവാ ഭൂതാപോര്‍ജം ഉപയോഗിച്ചാണ് ഈ പ്ലാന്റുകളുടെ മുഴുവന്‍ പ്രവര്‍ത്തനവും. ഫോസില്‍ ഇന്ധനങ്ങളുടെ വ്യാപകമായ ഉപയോഗം അന്തരീക്ഷത്തിലെ കാര്‍ബണ്‍ സാന്നിധ്യം വര്‍ധിപ്പിക്കുകയും അത് ഭൂമിയിലെ താപനില വര്‍ധിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നം വ്യാപകമായതോടെ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന ഭരണകൂടങ്ങള്‍ ഡിഎസി ഉപകരണങ്ങള്‍ പോലുള്ള വരും തലമുറ കാലാവസ്ഥാ സംരക്ഷണ സംവിധാനങ്ങളില്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഡിഎസി ചിലവേറിയതാണെന്നും വലിയ ഊര്‍ജ്ജം ആവശ്യമുള്ളതാണെന്നുമുള്ള വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. 2022 ജൂണിലാണ് മാമത്ത് ഡിഎസിയുടെ നിര്‍മാണം ആരംഭിച്ചത്. ഇത്തരത്തില്‍ ലോകത്തെ ഏറ്റവും വലിയ പ്ലാന്റ് ആണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു വര്‍ഷം 36000 ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിന്ന് വലിച്ചെടുക്കാന്‍ മാമത്തിന് സാധിക്കിമെന്നാണ് ക്ലൈം വര്‍ക്ക്‌സ് അവകാശപ്പെടുന്നത്.

അതേസമയം ഒരു ടണ്‍ കാര്‍ബണ്‍ നീക്കം ചെയ്യുന്നതിനുള്ള ചെലവ് എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ടണിന് ഏകദേശം 1000 ഡോളര്‍ വരുമെന്നാണ് അനുമാനം. ഈ ചെലവ് കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി. 2030 ഓടെ ചിലവ് ടണ്ണിന് 350 ഡോളറായും 2050 ഓടെ ടണ്ണിന് 100 ഡോളറായും കുറയ്ക്കാനാവുമെന്ന് ക്ലൈം വര്‍ക്ക്‌സ് സിഇഒയും സഹസ്ഥാപകനുമായ വുര്‍സ്ബാക്കര്‍ പറഞ്ഞു.

Tags