ഐപിഎല്ലിൽ ഡിജിറ്റൽ സ്ട്രീമിങ് ; ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണത്തിൽ വൻ കുറവ്

Digital streaming in IPL; Television viewership drops sharply

തിരുവനന്തപുരം : ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ടെലിവിഷൻ കാഴ്ചക്കാരുടെ എണ്ണത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. ബാർക്ക് ഇന്ത്യ, ടാം സ്പോർട്സ് എന്നിവ പുറത്തുവിട്ട കണക്കുകൾ പ്രകാരം ടൂർണമെന്റിന്റെ ആദ്യ പകുതിയിൽ ലീനിയർ ടിവി റേറ്റിങിലും പരസ്യദാതാക്കളുടെ പങ്കാളിത്തത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. പ്രേക്ഷകർ ടെലിവിഷനിൽ നിന്ന് ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുന്നതാണ് ഈ ഇടിവിന് പ്രധാന കാരണമായി കണക്കാക്കുന്നത്.

കണക്കുകൾ പ്രകാരം ഐപിഎൽ ടിവി റേറ്റിങ് കഴിഞ്ഞ വർഷത്തെ 4.57ൽ നിന്ന് 18.8 ശതമാനം കുറഞ്ഞ് 3.71ൽ എത്തി. ശരാശരി കാഴ്ചക്കാരുടെ എണ്ണം 10.6 ദശലക്ഷത്തിൽ നിന്ന് 7.84 ദശലക്ഷമായി കുറഞ്ഞു. ടൂർണമെന്റിന്റെ ആകെ ടിവി റീച്ചിലും 8.3 ശതമാനത്തിന്റെ കുറവുണ്ടായി. പ്രേക്ഷകർ മത്സരങ്ങൾ കാണാൻ ടിവി ഓൺ ചെയ്യുന്നുണ്ടെങ്കിലും അതിൽ ചെലവഴിക്കുന്ന സമയം ഗണ്യമായി കുറഞ്ഞു. മൊബൈൽ ഷോർട്ട് ഫോർമാറ്റ് ഡിജിറ്റൽ കണ്ടന്റുകളും പ്രേക്ഷകരെ ടിവിയിൽ നിന്ന് അകറ്റുന്നതായാണ് മാധ്യമ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പരസ്യ വിപണിയിലും ഈ മാന്ദ്യം പ്രകടമാണ്. കഴിഞ്ഞ സീസണിൽ 65ലധികം ബ്രാൻഡുകൾ പരസ്യം നൽകിയിരുന്ന സ്ഥാനത്ത് ഇത്തവണ അത് 45ലേക്ക് ചുരുങ്ങി. അതായത് പരസ്യദാതാക്കളുടെ എണ്ണത്തിൽ 31 ശതമാനത്തിന്റെ കുറവുണ്ടായി. ഏകദേശം 44 ബ്രാൻഡുകൾ ഐപിഎൽ പരസ്യ മേഖലയിൽ നിന്ന് പിന്മാറിയപ്പോൾ 24 പുതിയ ബ്രാൻഡുകൾ മാത്രമാണ് ഇത്തവണ എത്തിയത്. ഇ-ഗെയിമിംഗ് കമ്പനികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇതിന് കാരണമായിട്ടുണ്ട്. നിലവിൽ മൗത്ത് ഫ്രഷ്‌നർ ബ്രാൻഡുകളാണ് പരസ്യ വിപണിയിൽ മുന്നിട്ടുനിൽക്കുന്നത്.

ടെലിവിഷൻ രംഗത്ത് തിരിച്ചടിയുണ്ടായെങ്കിലും ഡിജിറ്റൽ മേഖലയിൽ ഐപിഎൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. ജിയോസ്റ്റാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഐപിഎൽ 2026ന്റെ ആദ്യ വാരം 515 ദശലക്ഷം ഡിജിറ്റൽ റീച്ച് കൈവരിച്ചു. മൊത്തം വാച്ച് ടൈം 32.6 ബില്യൺ മിനിറ്റായി ഉയർന്നു. പ്രേക്ഷകർ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലേക്ക് പൂർണമായി മാറിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്. ഈ പ്രവണത വരാനിരിക്കുന്ന മീഡിയ റൈറ്റ്‌സ് ലേലങ്ങളിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ മൂല്യം വർധി പ്പിക്കാനും ടെലിവിഷന്റെ സ്വാധീനം കുറയ്ക്കാനും ഇടയാക്കുമെന്നാണ് സൂചന.

Tags