സിം ഇല്ലാതെ 5ജി അതിവേഗ ഇന്‍റർനെറ്റ് ആരംഭിച്ച് ബി.എസ്.എൻ.എൽ


സിം രഹിത 5ജി ഇന്‍റർനെറ്റ് സർവീസ് പുറത്തിറക്കി ബി.എസ്.എൻ.എൽ. ടെലികോം രംഗത്തെ അടുത്ത നാഴികക്കല്ല് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ജൂൺ 18ന് ബി.എസ്.എൻ. എൽ അതിന്‍റെ 5ജി സർവീസിന്‍റെ പേര് പ്രഖ്യാപിച്ചിരുന്നു. ക്വാണ്ടം 5.ജി എന്ന് പേരിട്ടിരിക്കുന്ന സർവീസ് ക്യൂ.5ജി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ സിം രഹിത 5ജി നെറ്റ്‍വർക്കാണിത്.
tRootC1469263">പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ബി.എസ്.എൻ.എൽ ഹൈദരാബാദില്‍ ക്യു-5ജി ഫിക്സഡ് വയർലെസ് ആക്‌സസ് ആരംഭിച്ചു. സിം ഇല്ലാതെ ബി.എസ്.എൻ.എൽ അതിവേഗ ഇന്‍റർനെറ്റ് നൽകുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഹൈദരാബാദിലെ ഈ സേവനം ബി.എസ്.എൻ.എല്ലിന്‍റെ അമീർപേട്ട് എക്‌സ്‌ചേഞ്ചിൽ ബി.എസ്.എൻ.എൽ/എം.ടി.എൻ.എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ. റോബർട്ട് ജെ. രവി ഉദ്ഘാടനം ചെയ്തു.

പൂർണമായും ഇന്ത്യയിലെ തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം നിർമിച്ചിരിക്കുന്നത്. നിലവിൽ ഇത് തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം ആരംഭിക്കാനാണ് ലക്ഷ്യം വെക്കുന്നത്.
എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവ വാഗ്ദാനം ചെയ്യുന്ന സാധാരണ 5ജി സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി ബി.എസ്.എൻ.എല്ലിന്റെ ക്യു-5ജി എഫ്.ഡബ്ല്യു.എ-യിൽ വോയ്‌സ് കോൾ ഉൾപ്പെടുത്തിയിട്ടില്ല. അതായത് ഉപയോക്താക്കൾക്ക് കോളുകൾ ചെയ്യാൻ കഴിയില്ല. അതിവേഗ ഡാറ്റ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. എയർടെൽ എക്സ്സ്ട്രീം ഫൈബറിനും ജിയോ എയർഫൈബറിനും സമാനമായാണ് ഇത് പ്രവർത്തിക്കുന്നത്.
100 എം.ബി.പി.എസ് പ്ലാനിന് കമ്പനി തുടക്കത്തിൽ 999 രൂപയും 300 എം.ബി.പി.എസ് പ്ലാനിന് 1,499 രൂപയുമാണ് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഈടാക്കുന്നത്. സാധാരണ ഉപഭോക്താക്കള്‍ക്ക് ഇത് ലഭിക്കില്ല. ബി.എസ്.എൻ.എല്ലിന്റെ ക്വാണ്ടം 5ജി എഫ്.ഡബ്ല്യു.എ സാങ്കേതികവിദ്യ ഫിസിക്കൽ സിം ഇല്ലാതെ പ്രവർത്തിക്കുകയും നിലവിലുള്ള ബി.എസ്.എൻ.എൽ ടവറുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് 980 എം.ബി.പി.എസ് വരെ ഡൗൺലോഡും 140 എം.ബി.പി.എസ് അപ്‌ലോഡ് വേഗതയും നൽകും. അള്‍ട്രാ എച്ച്.ഡി വിഡിയോ സ്ട്രീമിങ്, ക്ലൗഡ് ഗെയിമിങ്, ഓൺലൈൻ ജോലികൾ എന്നിവക്ക് ഇത് മികച്ചതാണ്. ഗേറ്റ്‌വേ ഉപകരണം ഉപഭോക്താക്കൾക്ക് തന്നെ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.