5 ജിയിലേക്ക് മാറാനൊരുങ്ങി ബിഎസ്എൻഎൽ

bsnl
bsnl

 കേന്ദ്രസർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ 5ജി സേവങ്ങളിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു. ജൂൺ മുതൽ ഉപഭോക്താക്കൾക്ക് 5ജി കണക്ഷൻ നൽകാനുള്ള തയ്യാറെടുപ്പുകളിലേക്ക് കമ്പനി കടക്കുകയാണെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. 4ജി സേവനങ്ങൾ നൽകാനുള്ള ഒരു ലക്ഷം ടവര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഒപ്പമാകും 5ജി കണക്ഷനുളള പ്രാരംഭ നടപടികളും ആരംഭിക്കുക. ജൂൺ മുതൽ 5ജി യിലേക്ക് മാറാനാണ് ഉദ്ദേശിക്കുന്നത്.

4ജി സേവനങ്ങൾക്കായുള്ള ഒരു ലക്ഷം ടവറുകളാണ് ഇൻസ്റ്റാൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഇവയിൽ 89,000 എണ്ണത്തിന്‍റെ നിർമാണം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. 72000 സൈറ്റുകൾ മുഴുവനായും കമ്മീഷൻ ചെയ്തുകഴിയുകയും ചെയ്തു.

ഇനി ബാക്കിയുള്ളത് സിംഗിൾ സെൽ ഫങ്ഷൻ ടെസ്റ്റ് എന്ന പ്രക്രിയയാണ്. ഇവ കൂടി പൂർത്തിയാകുന്നതോടെ മെയ് ജൂൺ 2025ഓടെ 4ജി വിന്യാസം പൂർത്തിയാകും. ഇതിന് പിന്നാലെയാകും 5ജിക്കുള്ള തയ്യാറെടുപ്പുകളും നടക്കുകയെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെ മാറുന്നതിന് അധിക ഹാർഡ്‌വെയറും (ബിടിഎസ്) സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകളും ആവശ്യമായി വരുമെന്നും ഇത് അടുത്ത തലമുറ കണക്റ്റിവിറ്റിയിലേക്കുള്ള സുഗമമായ മാറ്റം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തമായി 4ജി ടെക്‌നോളജിയുളള അഞ്ച് ലോകരാജ്യങ്ങളിൽ ഒന്നാണ് നിലവിൽ ഇന്ത്യ. ചൈന, സൗത്ത് കൊറിയ, ഫിൻലൻഡ്‌, സ്വീഡൻ തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങൾ. 5ജി കണക്ഷന് കൂടി തുടക്കമിടുന്നതോടെ ഇന്ത്യയുടെ സ്വന്തം ബിഎസ്എൻഎൽ ലോക നെറുകയിൽ തന്നെ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറയുന്നു. ജിയോയും എയർടെല്ലും പോലെയുള്ള വമ്പൻ സ്വകാര്യ കമ്പനികൾ അടക്കിവാഴുന്ന മേഖലയിൽ ആധിപത്യമുറപ്പിക്കാൻ കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകളുമായി ബിഎസ്എൻഎല്ലും വിപണിയിലേക്ക് എത്തിയിരുന്നു.

Tags

News Hub