വാര്‍ത്തയ്ക്ക് പണം നല്‍കിയില്ലെങ്കിൽ കനത്ത നികുതി; ഗൂഗിളിനും ഫേസ്ബുക്കിനും 'പണിയുമായി ' ഓസ്ട്രേലിയ

google.jpg


പ്രാദേശിക മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ പങ്കുവെക്കുന്നതിന് ഗൂഗിള്‍, മെറ്റ, ടിക് ടോക് തുടങ്ങിയ കമ്പനികള്‍ പണം നല്‍കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മാധ്യമ സ്ഥാപനങ്ങളുമായി ന്യായമായ കരാറുകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകാത്ത ടെക് കമ്പനികള്‍ക്ക് മേല്‍ പുതിയ ഡിജിറ്റല്‍ ലെവി ഏര്‍പ്പെടുത്താനാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയയിലെ മാധ്യമ സ്ഥാപനങ്ങളുടെ ലാഭവിഹിതം കുറയുന്നത് തടയാന്‍, ഗൂഗിളും മെറ്റയും ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ പ്രാദേശിക മാധ്യമങ്ങളുമായി കരാറില്‍ ഒപ്പിടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

ഇതിന് തയ്യാറാകാത്ത കമ്പനികള്‍ക്ക് ഓസ്ട്രേലിയയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 2.25 ശതമാനം നികുതി നല്‍കേണ്ടി വരും. ഈ തുക പ്രാദേശിക പത്രപ്രവര്‍ത്തനത്തെയും മാധ്യമ സ്ഥാപനങ്ങളെയും സഹായിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കും. മുന്‍പ് ഈ പട്ടികയില്‍ ഗൂഗിളും മെറ്റായും മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍, പുതിയ നീക്കത്തില്‍ ടിക് ടോക്കിനെയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.

ഡിജിറ്റല്‍ യുഗത്തില്‍ പ്രാദേശിക വാര്‍ത്താ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണെന്നും, വലിയ പ്ലാറ്റ്ഫോമുകള്‍ വാര്‍ത്തകള്‍ ഉപയോഗിച്ച് ലാഭമുണ്ടാക്കുമ്പോള്‍ അതിന്റെ വിഹിതം വാര്‍ത്ത നിര്‍മിക്കുന്നവര്‍ക്ക് കൂടി ലഭിക്കണമെന്നുമാണ് സര്‍ക്കാരിന്റെ വാദം. പുതിയ നിയമത്തിന്റെ കരട് സര്‍ക്കാര്‍ പുറത്തുവിട്ടു. ജൂലൈ രണ്ടിന് ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മാധ്യ സ്ഥാപനങ്ങളുമായി കരാറിലെത്താന്‍ കമ്പനികള്‍ക്ക് ഒരവസരം കൂടി നല്‍കും. നികുതിയേര്‍പ്പെടുത്തുന്നതിലൂടെ പ്രതിവര്‍ഷം 14.9 കോടി ഡോളര്‍ മുതല്‍ 17.9 കോടി ഡോളര്‍ വരെ സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

സര്‍ക്കാരിന്റെ പുതിയ നീക്കത്തോട് പ്രതികരണവുമായി ടെക് ഭീമന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യമില്ലെന്നാണ് മെറ്റയുടെ വാദം. ഉപഭോക്താക്കള്‍ ഫേസ്ബുക്കിലേക്ക് വരുന്നത് വാര്‍ത്തകള്‍ വായിക്കാനല്ലെന്നും, വാര്‍ത്താ ലിങ്കുകള്‍ പ്ലാറ്റ്ഫോമില്‍ നല്‍കുന്നത് മാധ്യമ സ്ഥാപനങ്ങള്‍ക്ക് റീച്ച് ലഭിക്കാനാണെന്നും അവര്‍ അവകാശപ്പെടുന്നു. പുതിയ നികുതി ഏര്‍പ്പെടുത്തിയാല്‍ ഓസ്ട്രേലിയയില്‍ നിന്ന് വാര്‍ത്തകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനെക്കുറിച്ച് മെറ്റ ആലോചിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഗൂഗിള്‍ ഇതിനോടകം തന്നെ ചില പ്രാദേശിക മാധ്യമങ്ങളുമായി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ പുതിയ നികുതി സംവിധാനത്തോടും നിര്‍ബന്ധിത ചട്ടങ്ങളോടും അവര്‍ക്കും വിയോജിപ്പുണ്ട്. വിപണിയിലെ സ്വതന്ത്രമായ മത്സരത്തെ ഇത് ബാധിക്കുമെന്നും, ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ പ്രവര്‍ത്തിക്കുന്ന രീതിക്ക് ഇത് തിരിച്ചടിയാകുമെന്നുമാണ് അവരുടെ നിലപാട്. എന്നാല്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരാനാണ് ഗൂഗിള്‍ താല്‍പര്യപ്പെടുന്നത്. വിഷയം ആഗോളതലത്തില്‍ തന്നെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. കാനഡയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഓസ്ട്രേലിയയുടെ പാത പിന്തുടരാന്‍ ആലോചിക്കുന്നുണ്ട്.
 

Tags