ചാന്ദ്ര ദൗത്യത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ആർട്ടിമിസ് 2 സംഘാംഗങ്ങൾ
ഹൂസ്റ്റൺ: ചാന്ദ്ര ദൗത്യത്തിലെ അവിസ്മരണീയ അനുഭവങ്ങൾ പങ്കുവെച്ച് ആർട്ടിമിസ് 2 സംഘാംഗങ്ങൾ. നാസയുടെ ജോൺസൺ സ്പേസ് സെന്റർ ആൻഡ് മിഷൻ കൺട്രോളിന് സമീപം എല്ലിങ്ടൺ ഫീൽഡിൽ ഒരുക്കിയ സ്വീകരണത്തിലാണ് ബഹിരാകാശ യാത്രികൾ ചരിത്ര യാത്രയുടെ വിശേഷങ്ങൾ ഓർത്തെടുത്തത്. കുടുംബാംഗങ്ങളും സഹപ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ നാല് സഞ്ചാരികളെയും ആവേശത്തോടെ വരവേറ്റു.ശനിയാഴ്ച പുലർച്ചെയാണ് സംഘം സഞ്ചരിച്ച പേടകം സാൻ ഡീഗോ തീരത്തിന് സമീപം സമുദ്രത്തിൽ ഇറങ്ങിയത്. കുടുംബാംഗങ്ങളുമായി ഹ്രസ്വ കൂടിക്കാഴ്ചക്കുശേഷം ബഹിരാകാശയാത്രികർ വേദിയിലെത്തി.
നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ, ഫ്ലൈറ്റ് ഡയറക്ടർമാർ, ലോഞ്ച് ഡയറക്ടർ, ഉന്നത സൈനിക ഉദ്യോഗസ്ഥർ, കോൺഗ്രസ് അംഗങ്ങൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ദീർഘമായ കാത്തിരിപ്പ് അവസാനിച്ചുവെന്നും 53 വർഷത്തെ ചെറിയ ഇടവേളക്കു ശേഷം കഥ തുടരുകയാണെന്നും ഐസക്മാൻ പറഞ്ഞു. ഇതാ നിങ്ങളുടെ ആർട്ടിമിസ് 2 സംഘം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ സദസ്സിലുണ്ടായിരുന്നവർ എഴുന്നേറ്റ് കൈയടിച്ചു.
‘‘യാത്രക്ക് മുമ്പ് ഇത് ഭൂമിയിലെ ഏറ്റവും വലിയ സ്വപ്നംപോലെ തോന്നും. എന്നാൽ, ബഹിരാകാശത്ത് എത്തിയാൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് എത്രയും പെട്ടെന്ന് മടങ്ങാനാണ് ആഗ്രഹം. മനുഷ്യനായി ഭൂമിയിൽ ജീവിക്കുന്നത് വളരെ പ്രത്യേകതയുള്ള അനുഭവമാണ്’’ -വികാരാധീനനായി കമാൻഡർ റീഡ് വൈസ്‌മാൻ പറഞ്ഞു.ബഹിരാകാശത്തുനിന്ന് കണ്ട ഭൂമി തന്നെ അമ്പരപ്പിച്ചുവെന്ന് സംഘാംഗമായ ക്രിസ്റ്റീന കൗച്ച് പറഞ്ഞു. ഭൂമി മാത്രമല്ല, അതിനെ പൊതിഞ്ഞിരിക്കുന്ന കറുത്ത ശൂന്യതയും തന്നെ അത്ഭുതപ്പെടുത്തി. പ്രപഞ്ചത്തിൽ തങ്ങിനിൽക്കുന്ന ഒരു ജീവൻരക്ഷാ ബോട്ട് പോലെയാണ് ഭൂമിയെന്നും അവർ പറഞ്ഞു.
.jpg)

