M3 ചിപ്പ് കരുത്തിൽ പുതിയ ഐപാഡ് എയർ അവതരിപ്പിച്ച് ആപ്പിൾ


ആപ്പിൾ ഏറ്റവും പുതിയ ഐപാഡ് എയർ (iPad Air With M3) അവതരിപ്പിച്ചു. പുത്തൻ ഐപാഡ് എയർ എം3 ചിപ്പ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഈ അപ്‌ഡേറ്റ് മെച്ചപ്പെട്ട ഗ്രാഫിക്സ് പ്രകടനവും വർധിച്ച പ്രോസസ്സിംഗ് പവറും നൽകുന്നുവെന്നും ഇത് എം1 ചിപ്പിനൊപ്പം വരുന്ന ഐപാഡ് എയറിനേക്കാൾ ഇരട്ടി വേഗതയേറിയതാണെന്നും ആപ്പിൾ അവകാശപ്പെടുന്നു. മാത്രമല്ല, A14 ബയോണിക് പതിപ്പിനേക്കാൾ 3.5 മടങ്ങ് വരെ വേഗതയുമുണ്ട്.
11 ഇഞ്ച്, 13 ഇഞ്ച് എന്നിങ്ങനെ രണ്ട് വലുപ്പങ്ങളിൽ ഐപാഡ് എയർ എം3 ലഭ്യമാണ്. ഇത് ഉപയോക്താക്കൾക്ക് പോർട്ടബിലിറ്റിക്കും, സർഗ്ഗാത്മകവും പ്രൊഡക്ടീവുമായ ജോലികൾക്കുമായി വലിയ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. കണ്ടൻറ് നിർമ്മാണം മുതൽ ഗെയിമിംഗ് വരെയുള്ള എല്ലാ ജോലികളും പുതിയ ഐപാഡ് എയറിൽ വേഗത്തിൽ ചെയ്യാൻ സാധിക്കുമെന്ന് ആപ്പിൾ പറയുന്നു. പഴയ മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എം3 ചിപ്പാണ്. ഈ ചിപ്പിൽ 9-കോർ ജിപിയു ഉണ്ട്, ഇത് ഗ്രാഫിക് പ്രകടനം 40 ശതമാനം വരെ വർധിപ്പിക്കുന്നു. എഐ കഴിവുകൾ ഉൾപ്പെടുത്തുന്നതിനായി ഇതിൽ വേഗതയേറിയ ന്യൂറൽ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു.
പുതിയ ഐപാഡ് എയർ, ഐപാഡ് ഒഎസ് 18, ആപ്പിൾ ഇൻറലിജൻസ്, മാജിക് കീബോർഡ്, ആപ്പിൾ പെൻസിൽ പ്രോ, ആപ്പിൾ പെൻസിൽ (യുഎസ്ബി-സി) തുടങ്ങിയ ഫീച്ചറുകളെ പിന്തുണയ്ക്കുന്നു. ദൈനംദിന ഉപയോഗവും കൂടുതൽ ആവശ്യപ്പെടുന്ന വർക്ക്ഫ്ലോകളും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നവീകരിച്ച ക്യാമറകളും 5ജി കണക്റ്റിവിറ്റിയും ഇതിൽ നൽകിയിട്ടുണ്ട്. പുതിയ ഐപാഡ് എയർ ആപ്പിൾ ഇൻറലിജൻസിനെ പിന്തുണയ്ക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിൽ നൽകിയിരിക്കുന്ന ക്ലീൻ അപ്പ് ടൂൾ ഉപയോഗിച്ച് ഫോട്ടോയിൽ നിന്ന് ആവശ്യമില്ലാത്ത വസ്തുക്കൾ നീക്കം ചെയ്യാൻ കഴിയും. ഏതൊരു സ്കെച്ചും അതിശയകരമായ ചിത്രമാക്കി മാറ്റാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു മാജിക് വാൻഡ് നോട്ട്സ് ആപ്പിൽ ഉണ്ട്.

ഇതോടൊപ്പം, സിരി കൂടുതൽ സംഭാഷണാത്മകമായി മാറിയിരിക്കുന്നു. സിരിയിലും എഴുത്ത് ഉപകരണങ്ങളിലും ചാറ്റ്ജിപിടി സംയോജിപ്പിച്ചിരിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് മുമ്പത്തേക്കാൾ എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നു.
11 ഇഞ്ച്, 13 ഇഞ്ച് വലുപ്പങ്ങളിൽ നീല, പർപ്പിൾ, സ്റ്റാർലൈറ്റ്, സ്‌പേസ് ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന ഐപാഡ് എയർ എം3 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് വേരിയൻറുകളിലുണ്ട്. 11 ഇഞ്ച് മോഡലിൻറെ പ്രാരംഭ വില 59,900 രൂപയും 13 ഇഞ്ച് മോഡലിൻറെ പ്രാരംഭ വില 79,900 രൂപയും ആണ്. ഇതോടൊപ്പം, കമ്പനി മാജിക് കീബോർഡും പുറത്തിറക്കിയിട്ടുണ്ട്. ഇത് 26,900 രൂപ പ്രാരംഭ വിലയിൽ വാങ്ങാം. മാത്രമല്ല ഈ ഉൽപ്പന്നങ്ങളെല്ലാം വിദ്യാർഥികൾക്കും അധ്യാപകർക്കും കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ കഴിയും. ഇവ ഇപ്പോൾ മുൻകൂട്ടി ഓർഡർ ചെയ്യാം. മാർച്ച് 12 മുതൽ ഐപാഡ് എയർ എം3-യുടെ വിൽപ്പന ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.