ഇന്ത്യയ്ക്കായി എഐ മോഡല്‍ നിര്‍മിക്കാൻ പുറത്താക്കപ്പെട്ട സാം ഓള്‍ട്മാനോട് അനുപം മിത്തല്‍

google news
anupam mithal

ഇന്ത്യയ്ക്ക് വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ നിര്‍മിക്കാന്‍ ഓള്‍ട്ട്മാനെ ക്ഷണിച്ച് ഷാര്‍ക്ക് ടാങ്ക് ഇന്ത്യ ജഡ്ജും ശാദി.കോം സിഇഒയുമായ അനുപം മിത്തല്‍.ഓപ്പണ്‍ എഐ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ഓള്‍ട്ട്മാന്‍ പങ്കുവെച്ച എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് അനുപം മിത്തല്‍ അദ്ദേഹത്തെ ക്ഷണിച്ചത്.

വരൂ.. ഇന്ത്യയ്ക്ക് വേണ്ടി അടിസ്ഥാന എഐ മോഡലുകള്‍ നിര്‍മിക്കൂ... വലിയ സാങ്കേതിക വിദ്യാ കമ്പനികള്‍ക്ക് പുറത്ത് ലോകം കൂടുതല്‍ എഐ പ്ലാറ്റ്‌ഫോമുകള്‍ ആവശ്യപ്പെടുന്നു. ദൈവത്തിനറിയാം ഇത് ഞങ്ങളുടെ സമയമാണെന്ന്' മിത്തല്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

ചാറ്റ് ജിപിടിയെ പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ പ്രതീക്ഷയില്ലെന്ന് മുമ്പ് സാം ഓള്‍ട്ട്മാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യം ഓള്‍ട്മാന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ മുന്‍ ഗൂഗിള്‍ ഇന്ത്യ മേധാവി രാജന്‍ ആനന്ദനുമായുള്ള സംഭാഷണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

വെള്ളിയാഴ്ചയാണ് സിഇഒ സ്ഥാനത്ത് നിന്ന് സാം ഓള്‍ട്ട്മാനെയും ബോര്‍ഡ് അംഗത്വത്തില്‍ നിന്ന് ഗ്രെഗ് ബ്രോക്ക്മാനെയും പുറത്താക്കിയതായി ഓപ്പണ്‍ എഐ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചത്. നടപടിയെ തുടര്‍ന്ന് ഗ്രെഗ് ബ്രോക്ക്മാന്‍ കമ്പനിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു.

അതേസമയം, ഓള്‍ട്ട്മാനെ തിരികെ എത്തിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതിന് നിലവിലെ ബോര്‍ഡ് അംഗങ്ങളെ എല്ലാം പുറത്താക്കണം എന്നതുള്‍പ്പടെയുള്ള വ്യവസ്ഥകളാണ് ഓള്‍ട്ട്മാന്‍ മുന്നോട്ട് വെക്കുന്നത്. ഇതിന് പുറമെ ഓള്‍ട്ട്മാന്‍ പുതിയൊരു സംരംഭം ആരംഭിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും വിവരമുണ്ട്.

Tags