എയർപ്ലെയിൻ മോഡ് ഓൺ ചെയ്‌താൽ ഫോൺ വേഗത്തിൽ ചാർജ് ആകുമോ?
ദിവസവും ഏറെ നേരം സ്‌മാര്‍ട്ട്‌ഫോണുകളില്‍ സമയം ചെലവിടുന്നവരാണ് നമ്മള്‍. യാത്ര ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴും ജോലി ചെയ്യുന്നതിനിടയിലുമെല്ലാം നമ്മുടെ കൈ എപ്പോഴും ഫോണിൽ അറിയാതെ ഒരുവട്ടമെങ്കിലും പോയിരിക്കും. ചാര്‍ജിംഗ് സാധ്യമല്ലെങ്കില്‍ ബാറ്ററി സേവ് ചെയ്യാൻ ആളുകള്‍ ഉപയോഗിക്കുന്ന ഒരു ടെക്‌നിക്കാണ് ഫോൺ എയർപ്ലെയിൻ മോഡിൽ ഇടുക എന്നത്. പല സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളുടെയും ധാരണ ഫോണിൽ ചാർജ് നിലനിൽക്കാൻ എയർപ്ലെയിൻ മോഡ് ഒണാക്കിയാൽ മതി എന്നാണ്. എയർപ്ലെയിൻ മോഡിലിട്ടാല്‍ വേഗം ഫോണ്‍ ചാര്‍ജാവും എന്നും പലരും കരുതുന്നു. എന്നാൽ എയർപ്ലെയിൻ മോഡ് യഥാർഥത്തിൽ ചാർജ് നിലനിർത്തുന്നതിൽ എന്തെങ്കിലും പങ്കുവഹിക്കുന്നുണ്ടോ, അതോ ഇത് വെറും മിഥ്യാ ധാരണയാണോ? ടെക് വിദഗ്‌ധർക്കും സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്കും പറയാനുള്ള കാര്യങ്ങൾ ഇതാണ്.
എയർപ്ലെയിൻ മോഡ് ചാര്‍ജിംഗ്
എയർപ്ലെയിൻ മോഡ് ഓണാക്കുന്ന സമയം, എല്ലാ വയർലെസ് നെറ്റ്‌വർക്കുകളിൽ നിന്നും ആ ഫോൺ വിച്ഛേദിക്കപ്പെടും. ഇതിൽ മൊബൈൽ ഡാറ്റ, കോളുകൾ, വൈ-ഫൈ, ബ്ലൂടൂത്ത്, ബാക്ക്‌ഗ്രൗണ്ട് സിങ്കിംഗ് എന്നിവ ഉൾപ്പെടുന്നു. ഇതുമൂലം ഫോൺ, നെറ്റ്‌വർക്ക് സിഗ്നലുകൾക്കായി തുടര്‍ച്ചയായി തിരയുന്നത് അവസാനിപ്പിക്കുന്നു. ചാർജ് ഊറ്റുന്ന ബാക്ക്‌ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം താൽക്കാലികമായി നിര്‍ത്തലാക്കപ്പെടുന്നു. എയർപ്ലെയിൻ മോഡിലായിരിക്കുമ്പോള്‍, ഫോണിൽ വളരെ കുറച്ച് പ്രവര്‍ത്തനങ്ങള്‍ മാത്രം നടക്കുന്നതിനാൽ ഫോണിലെ ചാര്‍ജ് വേഗം തീരില്ല. സമാനമായി, നെറ്റ്‌വർക്ക് കണക്ഷനുകളും ബാക്ക്‌ഗ്രൗണ്ട് ടാസ്‌ക്കുകളും തീർക്കാൻ സഹായിക്കാത്തതിനാൽ, എയർപ്ലെയിൻ മോഡ് ഓണാക്കുന്നത് ഫോൺ വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കും. ചാർജ് ചെയ്യുമ്പോൾ സിസ്റ്റം കുറവ് പവർ ഉപയോഗിക്കുന്നതിനാൽ, ഫോണിലേക്ക് വരുന്ന ഊര്‍ജത്തില്‍ കൂടുതല്‍ ഭാഗവും നേരിട്ട് ബാറ്ററി ചാർജ് ചെയ്യുന്നതിനായി ഉപയോഗിക്കപ്പെടുന്നു.
എന്നിരുന്നാലും, ചാര്‍ജിംഗ് വേഗതയിലെ വർധനവ് പ്രധാനമായും ഫോൺ മോഡൽ, ബാറ്ററി ആരോഗ്യം, ഉപയോഗിക്കുന്ന ചാർജർ എന്നിവയെ ആശ്രയിച്ചാണുണ്ടാകുക. അതിനാൽ ഫോൺ എയർപ്ലെയിൻ മോഡിലാകുമ്പോൾ കുറച്ച് മിനിറ്റ് മുതൽ ഏകദേശം 10-15% വേഗതയിൽ വരെ മാത്രമാണ് ചാർജിംഗ് വ്യത്യാസം വരികയെന്ന് ചില പഠനങ്ങളും ബാറ്ററി വിദഗ്‌ധരും പറയുന്നു. വലിയ വേഗത വ്യത്യാസമൊന്നും ആരും പ്രതീക്ഷിക്കേണ്ട.
ഫോണ്‍ എയർപ്ലെയിൻ മോഡിലിടുന്നത് ഒരു പരിധിവരെ ബാറ്ററി ചാർജിംഗിൽ വർക്കാകുമെങ്കിലും വേഗമാര്‍ന്ന ചാര്‍ജിംഗിന് മറ്റ് പല ഘടകങ്ങളും പങ്കുവഹിക്കും. ഫാസ്റ്റ് ചാർജർ, ഉയര്‍ന്ന നിലവാരമുള്ള കേബിള്‍, വാൾ സോക്കറ്റില്‍ നിന്നാണോ ചാര്‍ജ് ചെയ്യുന്നത് എന്നിവയെ ആശ്രയിച്ചും ചാര്‍ജിംഗില്‍ വേഗ വ്യത്യാസം വരും. കമ്പ്യൂട്ടറോ പവര്‍ ബാങ്കോ ആയി കണക്റ്റ് ചെയ്‌താണ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതെങ്കില്‍ സ്വാഭാവികമായും ചാര്‍ജിംഗ് വേഗം കുറവായിരിക്കും. ഫോണിലെ ഓവര്‍-ഹീറ്റിംഗ് ചാർജ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഫോൺ ചൂടാകുമ്പോൾ ഫ്ലൈറ്റ് മോഡ് ഓണാക്കിയാൽ ഓവര്‍-ഹീറ്റിംഗ് കുറയും. ഇതിലൂടെ ചാർജ് കൂടുതൽ കാര്യക്ഷമമാക്കുകയും ബാറ്ററിയുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം.
യാഥാര്‍ഥ്യം ഇനിയെങ്കിലും അറിയണം
എയർപ്ലെയിൻ മോഡ് ഫോൺ വേഗത്തിൽ ചാർജ് ചെയ്യിക്കുമെന്നത് ഒരു വസ്തുതയാണെങ്കിലും വലിയ വേഗക്കൂടുതലുണ്ടാവില്ല. ഫോണിന്‍റെ തന്നെ ശരിയായ ചാർജർ ഉപയോഗിക്കുന്നത്, ചാർജിങ്ങിനിടെയുള്ള ഫോൺ ഉപയോഗം ഒഴിവാക്കൽ എന്നിവ തന്നെയാണ് വേഗത്തില്‍ ഫോണ്‍ ചാര്‍ജാവാന്‍ എയർപ്ലെയിൻ മോഡിനേക്കാൾ ഫലപ്രദം.
.jpg)


