ആധാർ: കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യം
കണ്ണൂർ : ആധാർ എടുത്ത കുട്ടികൾക്ക് 5 വയസ്സിലും 15 വയസ്സിലും ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) എന്നിവ നിർബന്ധമായും പുതുക്കുന്നത് .2026 സെപ്റ്റംബർ വരെ എല്ലാ ആധാർ കേന്ദ്രങ്ങളിലും സൗജന്യമായി ചെയ്തു നൽകും. കൃത്യസമയത്ത് ബയോമെട്രിക് പുതുക്കാത്ത കുട്ടികളുടെ ആധാർ കാർഡുകൾ താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്. സ്കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ/കോളേജ് അഡ്മിഷൻ, ഡിജിലോക്കർ, പാൻ കാർഡ് എന്നിവയ്ക്ക് ആധാർ അത്യാവശ്യമാണ്.
സമയബന്ധിതമായി ബയോമെട്രിക് പുതുക്കുന്നതിലൂടെ
നീറ്റ്, ജെ.ഇ.ഇ, കീം തുടങ്ങിയ മത്സരപരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.
ഇത് കൂടാതെ, നവജാതശിശുക്കൾക്ക് ഉൾപ്പെടെ ആധാറിന് എൻട്രോൾ ചെയ്യാം. 0 മുതൽ 5 വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) ശേഖരിക്കുന്നില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ആധാർ നൽകുന്നത്. കുട്ടിയുടെ ഫോട്ടോ എടുക്കുന്നതിനൊപ്പം ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാവും.
കുട്ടികൾക്ക് ഭാവിയിൽ വിവിധ സർക്കാർ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ ആധാർ എടുക്കാൻ ശ്രദ്ധിക്കണം.
പരാതി പരിഹാര നമ്പറുകൾ:
സിറ്റിസൺ കോൾ സെൻറർ-1800 4251 1800, 0471 2335523, സംസ്ഥാന ഐടി മിഷൻ ആധാർ സെക്ഷൻ-0471 2525442.
.jpg)

