ലോകകപ്പ് സാധ്യതകള്‍ ആര്‍ക്കൊക്കെ..?

World Cup 2026 Predictions for Winners for Every Group ...

ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ എല്ലാം അവസാനിച്ചെന്ന് ഫ്രാന്‍സ് ആരാധകര്‍ പോലും വിശ്വസിച്ചിരുന്ന നിമിഷങ്ങളില്‍ എംബാപ്പെ ടീമിനെ തിരിച്ച് കൊണ്ടുവന്നത് എങ്ങനെയാണെന്ന് എല്ലാരും കണ്ടതാണ്.

2026 ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ, വിജയ സാധ്യതയില്‍ മുന്നില്‍ ആരൊക്കെ ? ഫുട്ബോള്‍ ലോകം കണക്ക് കൂട്ടലുകളും പന്തയങ്ങളും ആരംഭിച്ച് കഴിഞ്ഞു. ടീമുകളുടെ എണ്ണം കൊണ്ടും കാലാവസ്ഥ പ്രത്യേകതകള്‍ കൊണ്ടും ഇത്തവണത്തെ ലോകകപ്പിന് കാഠിന്യം അല്‍പ്പം അധികമാണ്. കളിക്കാര്‍ അല്‍പ്പം കൂടുതല്‍ വിയര്‍പ്പ് ഒഴുക്കേണ്ടി വരുമെന്ന് ഉറപ്പ്. ഏത് ലോകകപ്പിലും പ്രവചനങ്ങള്‍ അസാധ്യം ആണ്. അട്ടിമറികള്‍ സംഭവിക്കാം, കരുത്തര്‍ക്ക് കാലിടറിയേക്കാം, കുഞ്ഞന്മാര്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കാം. ഈ പരീക്ഷണങ്ങള്‍ എല്ലാം മറികടന്ന് കപ്പില്‍ മുത്തമിടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീമുകള്‍ ഏതൊക്കെ ? 2026 ഫുട്ബോള്‍ ലോകകപ്പിലെ ഹോട്ട് ഫേവറൈറ്റ്സ് ആരൊക്കെ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.

സാധ്യതകളില്‍ മുന്നില്‍ സ്പെയിന്‍ തന്നെയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി അവര്‍ കളിക്കളത്തില്‍ സൃഷ്ടിക്കുന്ന മേധാവിത്വം തന്നെയാണ് അതിന് കാരണം. പണ്ട് സ്പെയിനിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ടിക്കി ടാക്ക എന്ന ഗെയിം പ്ലാന്‍ അല്ല ഇത്തവണ അവര്‍ പിന്തുടരുന്നത്. കുറേകൂടി വേഗമേറിയ ഗെയിമും ലോങ്ങ്‌ പാസുകളും അവരുടെ സ്റ്റൈലിലേക്ക് ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

ലമീന്‍ യമാല്‍ എന്ന അത്ഭുതബാലന്റെ സാന്നിദ്ധ്യം ആണ് സ്പെയിനിന്റെ ഏറ്റവും വലിയ അഡ്വാന്റേജുകളില്‍ ഒന്ന്. യമാല്‍ കളിക്കളത്തില്‍ എന്തൊക്കെ മാജിക്കുകള്‍ ആയിരിക്കും ചെയ്യുക എന്ന് കാണാന്‍ ആണ് ലോകം തന്നെ കാത്തിരിക്കുന്നത്. പെഡ്രിയും റോഡ്രിയും അടങ്ങുന്ന മധ്യനിര ശക്തമാണ്. പ്രതിരോധത്തില്‍ ആണ് സ്പെയിനിന് അല്‍പ്പം എങ്കിലും ബലഹീനത ഉള്ളത്. സ്പെയിനിനെ ചാമ്പ്യന്‍മാര്‍ ആക്കിയ പുയോള്‍-പീക്വെ-റാമോസ് ത്രയത്തിന്റെ പ്രതിഭയോ പരിചയസമ്പത്തോ ഇപ്പോഴത്തെ കളിക്കാര്‍ക്ക് അവകാശപ്പെടാനില്ല. എന്നിരുന്നാലും ചിട്ടയോടെ ഉള്ള കളിയോടെ സ്പെയിനിന് ഈ ലോകകപ്പില്‍ ബഹുദൂരം മുന്നേറാന്‍ ആവും എന്ന് തന്നെയാണ് ആരാധകരും ഫുട്ബോള്‍ പണ്ഡിതരും കണക്ക് കൂട്ടുന്നത്.    

World Cup 2026 Predictions for Winners for Every Group ...

കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനല്‍ കളിച്ച ഫ്രാന്‍സിന്റെ സ്ക്വാഡ് ഡെപ്ത് മറ്റൊരു ടീമിനും അവകാശപ്പെടാനില്ല. മിന്നും താരങ്ങളുടെ നീണ്ട നിര തന്നെയാണ് ഫ്രാന്‍സില്‍ ഉള്ളില്‍. ക്ലബ്ബ് ഫുട്ബോളില്‍ വാഴുന്ന ഒട്ടേറെ കളിക്കാര്‍ ലൈനപ്പില്‍ ഉണ്ട്. താരത്തിളക്കം മാത്രമല്ല, ഒത്തൊരുമയോടെ ഉള്ള കളിയും ഫ്രാന്‍സിന്റെ സവിശേഷത ആണ്. അര്‍ദ്ധാവസരങ്ങള്‍ പോലും ഗോള്‍ ആക്കി മാറ്റാനുള്ള കിലിയന്‍ എംബാപ്പെ എന്ന സൂപ്പര്‍സ്റ്റാറിന്റെ സാന്നിദ്ധ്യം ആണ് ആരാധകരില്‍ ഫ്രാന്‍സിന്റെ ജനപ്രീതി കൂട്ടുന്നത്.

ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ എല്ലാം അവസാനിച്ചെന്ന് ഫ്രാന്‍സ് ആരാധകര്‍ പോലും വിശ്വസിച്ചിരുന്ന നിമിഷങ്ങളില്‍ എംബാപ്പെ ടീമിനെ തിരിച്ച് കൊണ്ടുവന്നത് എങ്ങനെയാണെന്ന് എല്ലാരും കണ്ടതാണ്. എംബാപ്പെയുടെ വേഗവും കണിശതയും കൂടിയിട്ടേ ഉള്ളു. സഹതാരങ്ങള്‍ മികച്ച പിന്തുണ അയാള്‍ക്ക് നല്‍കിയാല്‍ ഈ ലോകകപ്പും എംബാപ്പെ സ്വന്തം പേരില്‍ കുറിച്ചേക്കാം. ഫൈനലിലും സെമിഫൈനലിലും ഒക്കെ കളിച്ച് തഴക്കം വന്ന ടീം ആയതിനാല്‍ സമ്മര്‍ദ്ദങ്ങളില്‍ വീണു പോകാനുള്ള സാധ്യതയും ഫ്രാന്‍സിന് തുലോം കുറവാണ്. അനുകൂല ഘടകങ്ങള്‍ ഒരുപാട് ഉണ്ട് ഫ്രാന്‍സിന്. ഇത്തവണയും ഫൈനലിലെ രണ്ട് ടീമുകളില്‍ ഒന്നില്‍ ഫ്രാന്‍സ് ആയാല്‍ അത് ഒട്ടും അപ്രതീക്ഷിതം ആയിരിക്കില്ല എന്നതാണ് സത്യം.  

നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ഇത്തവണയും കരുത്തരായ സംഘവും ആയാണ് ലോകകപ്പിന് എത്തുന്നത്. നാല് വര്‍ഷം മുന്നേയുള്ള ലോകകപ്പിന് ഇറങ്ങിയ ടീമില്‍ നിന്നും അധികം മാറ്റങ്ങള്‍ ഇല്ല അര്‍ജന്റീന ടീമില്‍. വര്‍ഷങ്ങളായി ഒരുമിച്ച് കളിക്കുന്ന കളിക്കാര്‍ ആയതിനാല്‍ അവര്‍ തമ്മിലുള്ള കെമിസ്ട്രിയും പരസ്പര ധാരണയും ഒക്കെ മറ്റൊരു ടീമിനും അവകാശപ്പെടാന്‍ ഇല്ലാത്തതാണ്. ആ ഒത്തിണക്കത്തോടെ ടീമിനെ ഇപ്പോഴും മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് കോച്ച് ലയണല്‍ സ്കലോണിയുടെ ഏറ്റവും വലിയ മിടുക്ക്.

മുമ്പുള്ള അര്‍ജന്റീന ടീമുകള്‍ക്ക് ഇല്ലാതിരുന്ന വിന്നിംഗ് മെന്റാലിറ്റിയും കോണ്‍ഫിഡന്‍സും അര്‍ജന്റീനയ്ക്ക് നല്‍കിയത് സ്കലോണി ആണ്. ഇതിനെല്ലാം പുറമേ അവര്‍ക്ക് ഒരു വജ്രായുധം കൂടി ഉണ്ട്. 20 വര്‍ഷത്തോളമായി ടീമിനെ എല്ലാ പ്രതിസന്ധികളില്‍ നിന്നും രക്ഷിച്ച് കൊണ്ടിരിക്കുന്ന ലയണല്‍ മെസ്സി എന്ന അവരുടെ നായകന്‍. ഇത് അയാളുടെ അവസാന ടൂര്‍ണമെന്റ് ആണ്.

World-Cup-2026-Predictions-for-Winners-for-Every-Group-...jpg

ഖത്തര്‍ ലോകകപ്പില്‍ വിശ്വരൂപം പുറത്തെടുത്ത മെസ്സിയെ അതേ ഫോമില്‍ ഈ ലോകകപ്പില്‍ പ്രതീക്ഷിക്കുക വയ്യ. പ്രായം അയാളെ തളര്‍ത്തിയിട്ടുണ്ട്. എന്നിരുന്നാലും മെസ്സി മെസ്സി തന്നെയാണ്. നിമിഷങ്ങള്‍ കൊണ്ട് കളിയുടെ ഗതി തന്നെ മാറ്റാന്‍ അയാള്‍ക്ക് സാധിക്കും. അമിതാത്മവിശ്വാസം വിന ആയില്ലെങ്കില്‍ ഒരു പക്ഷെ അര്‍ജന്റീന വീണ്ടും അത്ഭുതം സൃഷ്ടിച്ചേക്കാം. 

പ്രതാപ കാലത്ത് അല്ലെങ്കിലും നിസ്സരന്മാരായി കാണരുതാത്ത ഒരു ടീം ആണ് ജര്‍മ്മനി. 2014 ല്‍ ലോകകപ്പ് നേടിയ ടീമിന്റെയോ 2002 ഫൈനലില്‍ എത്തിയ ടീമിന്റെയോ ഒന്നും പ്രതിഭയുമായി താരതമ്യം പോലും അര്‍ഹിക്കുന്നില്ല ഇത്തവണത്തെ ജര്‍മ്മന്‍ ടീം. പക്ഷെ ജര്‍മ്മനി ആണ്. കളി കഴിയും വരെ അവരെ ഒരിക്കലും എഴുതി തള്ളാന്‍ പാടില്ല. ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റുകളിലെ ജര്‍മ്മനിയുടെ മത്സരവീര്യം പേര് കേട്ടതാണ്.

ഏതെങ്കിലും ഒരു താരത്തെ മാത്രം ആശ്രയിച്ച് ഗെയിം പ്ലാന്‍ നടപ്പിലാക്കുന്ന രീതി ജര്‍മ്മനി ഒരിക്കലും പിന്തുടര്‍ന്നിട്ടില്ല. 2014 ലെ മെസ്സിയുടെ അര്‍ജന്റീനയ്ക്കെതിരെ ജര്‍മ്മനി പട നയിച്ചത് ആ സംഘശക്തിയില്‍ ആണ്. കളിയുടെ മര്‍മ്മം അറിയാവുന്ന മിടുക്കന്മാര്‍ ചിലര്‍ ഇത്തവണയും ഉണ്ട് ജര്‍മ്മന്‍ ലൈനപ്പില്‍. മുസിയാല, കിമ്മിച്ച്, റൂഡിഗര്‍, സാനെ എന്നിങ്ങനെയുള്ള യുവരക്തങ്ങളോടൊപ്പം മാനുവല്‍ ന്യൂയറിന്റെ പരിചയ സമ്പത്ത് കൂടി ചേരുമ്പോള്‍ ജര്‍മ്മനി ശക്തമായ ടീം ആകുന്നു. ജൂലിയന്‍ നേഗില്‍സ്മാന്‍ എന്ന ചെറുപ്പക്കാരനായ കോച്ചിന്റെ എനര്‍ജിയും ടീമിന് നിര്‍ണ്ണായഘട്ടത്തില്‍ ഗുണം ചെയ്തേക്കും.

എല്ലാ ലോകകപ്പിലും ഹോട്ട് ഫേവറൈറ്റ്സ് ആയി വരുന്ന ബ്രസീല്‍ ടീം ഇത്തവണ അല്‍പ്പം കിതപ്പിലാണ്. ലോകമെമ്പാടും ഉള്ള ബ്രസീല്‍ ആരാധകരും അതുകൊണ്ട് പൂര്‍ണ്ണ ആത്മവിശ്വാസത്തില്‍ ആയിരിക്കില്ല. ഒത്തൊരുമയോടെ ഉള്ള കളി കുറച്ചധികം നാളുകളായി അവര്‍ക്ക് കാഴ്ച വെക്കാനാകുന്നില്ല എന്നതാണ് സത്യം. ഇതിഹാസങ്ങള്‍ ടീമില്‍ യഥേഷ്ടം വന്നും പോയും ഇരുന്നിട്ടും 2002 ന് ശേഷം ലോകകപ്പ് നേടാന്‍ സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ബ്രസീലിന്റെ മുന്നില്‍ ഉണ്ട്. ഒട്ടേറെ ടൂര്‍ണമെന്റുകള്‍ വിജയിപ്പിച്ച് ശീലമുള്ള കാര്‍ലോ ആഞ്ചലോട്ടി ആണ് ഇത്തവണ പരിശീലക സ്ഥാനത്ത്.

World-Cup-2026-Predictions-for-Winners-for-Every-Group-...jpg

ക്ലബ്ബ് തലത്തില്‍ അദ്ദേഹം സൃഷ്ടിച്ചിട്ടുള്ള മഹാവിജയങ്ങള്‍ രാജ്യാന്തര മേളയില്‍ ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നാണ് ഇനി കണ്ടറിയണ്ടത്. പ്രതിഭകള്‍ ഉണ്ടെങ്കിലും അവരെ ഒത്തിണക്കത്തില്‍, ഒരേ മനസ്സോടെ കൊണ്ടുപോകാന്‍ കോച്ചിന് സാധിക്കുമോ എന്നതായിരിക്കും ഏറ്റവും വലിയ വെല്ലുവിളി. പ്രതിരോധത്തിലെ ന്യൂനതകളും ടീമിന് ഒരു പോരായ്മ ആയേക്കാം. എന്നിരുന്നാലും വിനീഷ്യസും റാഫിനയും കസമീറോയും അടങ്ങുന്ന ടീം ക്ലിക്ക് ആയാല്‍ അപകടകാരികള്‍ തന്നെയാണ്. ഒപ്പം ലോകഫുട്ബോളിലെ കിരീടമില്ലാത്ത സുല്‍ത്താന്‍ നെയ്മര്‍ ജൂനിയറും. പരിക്കുകള്‍ ഒക്കെ ഭേദമായി പൂര്‍ണ്ണ ഫിറ്റ്‌നസ്സില്‍ നെയ്മര്‍ കളിക്കാന്‍ ഇറങ്ങിയാല്‍ അത് തന്നെ ബ്രസീലിന് നല്‍കുന്ന ആത്മവിശ്വാസം ചില്ലറ ആയിരിക്കില്ല. 

പ്രതീക്ഷകളും സ്വപ്നങ്ങളുമായി പറങ്കിപ്പട ഇത്തവണയും ലോകകപ്പിന് എത്തുന്നുണ്ട്. ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍. നേഷന്‍സ് ലീഗ് വിജയിച്ചതിന്റെ കരുത്തില്‍ ആണ് പോര്‍ച്ചുഗല്‍ കളിക്കാന്‍ ഇറങ്ങുന്നത്. ചരിത്രത്തില്‍ ഇതുവരെ ഒരു ലോകകിരീടം അവര്‍ സ്വന്തമാക്കിയിട്ടില്ല. പോര്‍ച്ചുഗലിനെ ലോകത്തിന് മുമ്പില്‍ അടയാളപ്പെടുത്തിയ റൊണാള്‍ഡോ നയിക്കുമ്പോള്‍ അല്ലാതെ മറ്റെപ്പോള്‍ ആണ് അവരത് നേടുക. കരിയറില്‍ ആകെ ബാക്കിയുള്ള കിരീടം റൊണാള്‍ഡോയ്ക്ക് ലോകകപ്പ് ആണ്.

41 ആം വയസ്സിലും ഒരു ഇരുപതുകാരന്റെ ഊര്‍ജ്ജസ്വലതയോടെ അയാള്‍ കളിക്കാന്‍ ഇറങ്ങുന്നത് ആ ആഗ്രഹം സഫലമാക്കാനാണ്. എന്നാല്‍ പുതുരക്തം നിറഞ്ഞ് നില്‍ക്കുന്ന പോര്‍ച്ചുഗല്‍ ടീമിന്റെ വേഗത്തിനൊപ്പം റൊണാള്‍ഡോയ്ക്ക് സിങ്ക് ആകാന്‍ സാധിക്കുമോ എന്നതാണ് ആരാധകര്‍ കാണാന്‍ കാത്തിരിക്കുന്ന ഒരു കാര്യം. ബ്രൂണോ ഫെര്‍ണാണ്ടസും ബെര്‍ണാര്‍ഡോ സില്‍വയും വൈറ്റീന്നയും അടങ്ങുന്ന മധ്യനിര ആണ് പോര്‍ച്ചുഗലിന്റെ കരുത്ത്. ക്ലച്ച് മൊമെന്റുകളില്‍ ഡെലിവര്‍ ചെയ്ത് തഴക്കവും പഴക്കവും ഉള്ള റൊണാള്‍ഡോ കൂടി അവരുടെ ഒപ്പം ചേരുമ്പോള്‍ ഇത്തവണ സ്വപ്നം പൂവണിയും എന്ന് തന്നെ അവര്‍ കരുതുന്നു.  

ഇവരെ കൂടാതെ സാധ്യത കല്‍പ്പിക്കുന്ന ടീമുകള്‍ ഇനിയും ഉണ്ട്. ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ്‌, ക്രോയേഷ്യ, ബെല്‍ജിയം എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു. പക്ഷെ പേപ്പറുകളില്‍ എന്തൊക്കെ തന്നെ ആണെങ്കിലും ലോകം ഉറ്റു നോക്കുമ്പോള്‍ ഗ്രൗണ്ടില്‍ എന്തൊക്കെ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും എന്നതിലാണ് പ്രാധാന്യം. ആരൊക്കെ വാണാലും വീണാലും, വീറും വാശിയും ഏറിയ മികച്ച ലോകകപ്പ് തന്നെ ആരാധകര്‍ക്ക് കാണാന്‍ സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം. യുദ്ധവും കാലാവസ്ഥ ദുരിതങ്ങളും ഒക്കെയായി കലുഷിതമായ ഇന്നത്തെ ലോകത്തില്‍ അല്‍പ്പമെങ്കിലും സന്തോഷം നിറയ്ക്കാന്‍ ഇത്തരം കായികമേളകള്‍ക്ക് ആണ് സാധിക്കുക. ഒരു മാസക്കാലത്തേക്ക്, മറ്റെല്ലാം മറന്ന് നമുക്ക് ആഘോഷിക്കാം ഈ ഫുട്ബോള്‍ വിരുന്ന് സമ്മാനിക്കാന്‍ പോകുന്ന മായിക രാത്രികളെ...