'ഐപിഎല്‍ കളിക്കാൻ വരുമ്പോള്‍ പെണ്‍ സുഹൃത്തുക്കളുമായി വരേണ്ട'; താരങ്ങളോട് കടുത്ത നിലപാടറിയിച്ച്‌ ബിസിസിഐ

bcci

നിലവിലെ നയപ്രകാരം താരങ്ങളുടെ ഭാര്യമാർക്കും കുടുംബാംഗങ്ങള്‍ക്കുമാണ് നിർദ്ദിഷ്ട മാർഗനിർദ്ദേശങ്ങളോടെ കൂടെ യാത്ര ചെയ്യാനും താമസിക്കാനും അനുമതി

മുംബൈ : ഐപിഎല്ലില്‍ പുതിയ നിയന്ത്രണങ്ങളുമായി ബിസിസിഐ.സീസണ്‍ നടക്കുന്നതിനിടെ താരങ്ങള്‍ ഗേള്‍ഫ്രണ്ട്സിനൊപ്പം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതും ടീം ബസുകളിലും ഹോട്ടലുകളിലും ഒപ്പം കൂട്ടുന്നതും വർധിച്ചതോടെയാണ് ബോർഡ് ഇടപെടല്‍ ശക്തമാക്കുന്നത്. 'ഗേള്‍ഫ്രണ്ട് കള്‍ച്ചർ' എന്ന പേരിലാണ് ഈ പ്രവണതയെ ബിസിസിഐ വിലയിരുത്തുന്നത്.ഇൻഫ്ലുവൻസർമാരായ ഇവരിലൂടെ ടീമിന്റെ ആന്തരിക വിവരങ്ങള്‍ പുറത്തുപോകാനുള്ള സാധ്യത ഉണ്ടെന്ന ആശങ്കയാണ് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം ഉയർത്തിയത്.

ഇതിനൊപ്പം, ചില താരങ്ങളുടെ പങ്കാളികള്‍ മുൻപ് ബെറ്റിംഗ് ആപ്പുകള്‍ പ്രമോട്ട് ചെയ്ത സംഭവങ്ങളും ബോർഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഐപിഎല്ലിന്റെ വിശ്വാസ്യതക്കും പ്രതിച്ഛായയ്ക്കും തിരിച്ചടിയാകാമെന്നാണ് വിലയിരുത്തല്‍. ഗേള്‍ഫ്രണ്ട്സിനായി ടീം ബസുകള്‍ കാത്തുനില്‍ക്കുന്നതും ഔദ്യോഗിക അനുമതിയില്ലാതെ ഹോട്ടലുകളില്‍ താമസിക്കുന്നതുമൊക്കെയായി ചില അനിയന്ത്രിത പ്രവണതകളും അന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചനയുണ്ട്.

നിലവിലെ നയപ്രകാരം താരങ്ങളുടെ ഭാര്യമാർക്കും കുടുംബാംഗങ്ങള്‍ക്കുമാണ് നിർദ്ദിഷ്ട മാർഗനിർദ്ദേശങ്ങളോടെ കൂടെ യാത്ര ചെയ്യാനും താമസിക്കാനും അനുമതി. എന്നാല്‍ ചിലർ തങ്ങളുടെ പങ്കാളികളെ 'ഓഫീഷ്യല്‍ പാർട്ണർ' എന്ന നിലയില്‍ പരിചയപ്പെടുത്തി ഒപ്പം താമസിപ്പിക്കുന്നതായും ഇത് ആരുടെ അനുമതിയോടെയാണെന്നതില്‍ വ്യക്തത വേണമെന്നുമാണ് ബോർഡിന്റെ നിലപാട്.

ഹാർദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാള്‍, ഇഷാൻ കിഷൻ, അർഷ്ദീപ് സിംഗ് എന്നിവരുള്‍പ്പെടെയുള്ള ചില താരങ്ങള്‍ ഈ സീസണില്‍ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്തതും വാർത്തയായിരുന്നു. ഫ്രാഞ്ചൈസികള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതായാലും എല്ലാ ടീമുകള്‍ക്കും ഒരുപോലെ ബാധകമായ ഏകീകൃത ചട്ടങ്ങള്‍ കൊണ്ടുവരാനാണ് ബിസിസിഐയുടെ നീക്കം. പുതിയ മാർഗനിർദ്ദേശങ്ങള്‍ ഇന്ത്യൻ ടീമിന്റെ വിദേശ പര്യടനങ്ങള്‍ക്കും ബാധകമാക്കാനാണ് ആലോചന. അടുത്ത ബോർഡ് യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം പ്രതീക്ഷിക്കപ്പെടുന്നു.

Tags