റോയൽസിന്റെ ബാറ്റിങ് നിരയെ തകർത്ത് വിഗ്നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനം

VigneshPuthur

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ട്രിവാൻഡ്രം റോയൽസിനെ തകർത്തത് വിഗ്നേഷ് പുത്തൂരിന്റെ ഉജ്ജ്വല ബൗളിംഗ് മികവാണ്. മികച്ച ടേണും വൈവിധ്യവും കൊണ്ട് ബാറ്റർമാരെ വട്ടംകറക്കിയ വിഗ്നേഷ് 13 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി റോയൽസിന്റെ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. മൂന്നാം സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേർന്ന് പടുത്തുയർത്തിയ 51 റൺസിന്റെ കൂട്ടുകെട്ട് തകർത്താണ് വിഗ്നേഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഏഴാം ഓവറിൽ പന്തെറിഞ്ഞ താരം കൃത്യമായ ഡോട്ട് ബോളുകളിലൂടെ റണ്ണൊഴുക്ക് തടഞ്ഞ് ബാറ്റർമാരിൽ സമ്മർദ്ദം സൃഷ്ടിച്ചു. ഗൂഗ്ലിയിലൂടെ കൃഷ്ണപ്രസാദിനെ ലോംഗ് ഓണിൽ അശ്വിൻ ആനന്ദിന്റെ കൈകളിലെത്തിച്ചാണ് വിഗ്നേഷ് വിക്കറ്റ് കൊയ്ത്ത് ആരംഭിച്ചത്. തുടർന്ന് ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പിച്ച് ചെയ്ത വേഗം കുറഞ്ഞ ഗൂഗ്ലിയിൽ ഗോവിന്ദ് ദേവ് പൈയെ വരുൺ നയനാർ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. മൂന്നാം ഓവറിൽ അക്ഷയ് മനോഹറിനെയും നാലാം ഓവറിൽ സിജോമോൻ ജോസഫിനെയും നിഖിൽ എമ്മിനെയും പുറത്താക്കി വിഗ്നേഷ് റോയൽസിന്റെ ബാറ്റിങ് നിരയെ തകർത്തു.

കൃത്യമായ ഫീൽഡിങ് ക്രമീകരണങ്ങൾക്കൊപ്പം പന്തിന്റെ വേഗത്തിലും ലൈനിലും വരുത്തിയ വൈവിധ്യങ്ങളാണ് വിഗ്നേഷിന്റെ ബൗളിങ്ങിനെ കൂടുതൽ അപകടകാരിയാക്കിയത്. 13 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ശ്രദ്ധേയ പ്രകടനത്തോടെ മത്സരത്തിലെ താരമായി മാറിയ വിഗ്നേഷ് പുത്തൂർ കെ.സി.എല്ലിലെ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
 

Tags