സൂപ്പർ ലീഗ് കേരള; വിജയിച്ച് തുടങ്ങി കണ്ണൂർ വാരിയേഴ്‌സ്
സൂപ്പർ ലീഗ് കേരള മൂന്നാം പതിപ്പിന് കണ്ണൂർ മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി എതിരില്ലാത്ത ഒരു ഗോളിന് തൃശൂർ മാജിക് എഫ്‌സിയെ തോൽപ്പിച്ചു. കണ്ണൂർ വാരിയേഴ്‌സിന് വേണ്ടി സ്പാനിഷ് താരം അസിയർ ഗോമസ് ഗോൾ നേടി. ആദ്യ പകുതിയുടെ 17 ാം മിനുട്ടിലായിരുന്നു ഗോൾ. സൂപ്പർ ലീഗ് കേരളയിൽ ഇന്ന് (26-09-2026) കാലിക്കറ്റ് എഫ്‌സി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ നേരിടും. വൈകീട്ട് 7 മണിക്ക് കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ പകുതി
4-3-3 ഫോർമേഷനിൽ വിങ്ങറായി കളിക്കുന്ന നിജോ ഗിൽബേർട്ടിനെ അറ്റാക്കിംങ് മിഡ്ഫിൽഡർ റോളിൽ ഫസലു റഹ്‌മാനെ വിങ്ങറായി ഇറക്കിയാണ് കണ്ണൂർ വാരിയേഴ്‌സ് ഇറങ്ങിയത്. സ്പാനിഷ് സ്‌ട്രൈക്കർ ജെറാർഡ് ആർട്ടിഗസിനെ ബെഞ്ചിലിരുക്കി സെർബിയർ താരം ബോഗ്ദാനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. 4-3-3 ഫോർമേഷനിൽ കമാലുദ്ദിനെയും മുഹമ്മദ് ജിയാദിനെയും സൂപ്പർ താരം ലെനി റോഡ്‌റിഗസിനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് തൃശൂർ ഇറങ്ങിയത്.
ആദ്യ അവസരം കണ്ണൂർ വാരിയേഴ്‌സിനാണ് ലഭിച്ചത്. കോർണറിൽ നിന്ന് നിജോ ഗിൽബേർട്ട് ഇടത് കാലുകൊണ്ട് നൽകിയ ഉഗ്രൻ ക്രോസ് പ്രതിരോധ താരം വാരോ അൽവാരോ ഹെഡ് ചെയ്ത് ഗോളാക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. തുടർന്നും കണ്ണൂരിനെ തേടി കോർണറിൽ നിന്ന് അവസരം ലഭിച്ചു. ആദ്യം ബോഗ്ദാനും പിന്നീട് വികാസും അവസരം നഷ്ടപ്പെടുത്തി. 17 ാം മിനുട്ടിൽ കണ്ണൂർ ലീഡ് എടുത്തു. തൃശൂർ മാജിക് പ്രതിരോധ താരം ഹെന്റി വരുത്തിയ പിഴവിൽ നിന്ന് ലഭിച്ച പന്ത് ലൈനിലൂടെ ഓടി കയറിയ ബോഗ്ദാൻ ബോക്‌സിൽ നിലയുറപ്പിച്ചിരുന്ന അസിയർ ഗോമസിന് ലക്ഷ്യം തട്ടാതെ നൽകി. അസിയർ കൃത്യമായി ടാപ് ചെയ്ത് ഗോളാക്കി മാറ്റി. സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലെ ആദ്യ ഗോൾ. ഗോൾ നേടിയതോടെ അസിയർ ഗോമസ് ഏഴ് ഗോളുമായി കണ്ണൂർ വാരിയേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടകാരനായി. 40 ാം മിനുട്ടിൽ കണ്ണൂരിനെ തേടി സുവർണാവസരമെത്തി. വലത് വിങ്ങിലൂടെ മുന്നേറിയ മുഹമ്മദ് സിനാൻ ബോക്‌സിന് അകത്തുനിന്ന് വിങ്ങർ ഫസലു റഹ്‌മാനെ ലക്ഷ്യമാക്കി ഉഗ്രൻ മൈനസ് പാസ് നൽകിയെങ്കിലും ഫസലു റഹ്‌മാൻ പോസ്റ്റിന് മുകളിലൂടെ ഉയർത്തി അടിച്ചു. ആദ്യ പകുതിയുടെ അധിക സമയത്ത് 48 ാം മിനുട്ടിൽ കണ്ണൂർ വാരിയേഴ്‌സ് സ്‌ട്രൈക്കർ ബോഗ്ദാൻ ബോക്‌സിന് പുറത്ത് നിന്ന് ഗോൾ ലക്ഷ്യമാക്കി ഉഗ്രൻ ഷോട്ട് അടിച്ചെങ്കിലും തൃശൂർ ഗോൾ കീപ്പർ മനോഹരമായി തട്ടി അകറ്റി
രണ്ടാം പകുതി
രണ്ടാം പകുതി ഇരുടീമുകളും പതുക്കെ തുടങ്ങി. 56 ാം മിനുട്ടിലാണ് ആദ്യ അവസരം വന്നത്. കണ്ണൂർ വാരിയേഴ്‌സ് താരം സച്ചിൻ സുനിൽ സ്വന്തം പകുതിയിൽ നിന്ന് തൃശൂർ പ്രതിരോധ താരങ്ങളുടെ മുകളിലൂടെ ബോഗ്ദാനെ ലക്ഷ്യമാക്കി നൽകി. ബോഗ്ദാൻ പന്ത് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറി ബോക്‌സിന് അകത്തു നിന്ന് ഗോൾ ലക്ഷ്യമാക്കി അടിച്ചെങ്കിലും സൈഡ് നെറ്റിൽ തട്ടി പുറത്തേക്ക്. രണ്ടാം പകുതിയിൽ ഇരുടീമുകളും മാറ്റങ്ങൾ നടത്തി. ഇരുവശത്തും ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടായെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല.
.jpg)

