കാനറ ബാങ്ക് : സംസ്ഥാന ജേർണലിസ്റ്റ് വോളിബാൾ ടൂർണ്ണമെന്റ് : കണ്ണൂർ പ്രസ് ക്ളബ്ബ് ചാംപ്യൻമാർ

google news
State Journalist Volleyball Tournament  Kannur Press Club Champions

കണ്ണൂർ: കണ്ണൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച കാനറ ബാങ്ക് സംസ്ഥാന ജേർണലിസ്റ്റ് വോളിബോൾ ടൂർണമെന്റിൽ ആതിഥേയർക്ക് കിരീടം. കലാശപോരാട്ടത്തിൽ നിലവിലുള്ള ചാമ്പ്യൻമാരായ എറണാകുളം പ്രസ്ക്ലബിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് കീഴടക്കിയതോടെയാണ്  കണ്ണൂർ പ്രസ് ക്ളബ്ബ്  വിജയതിലകമണിഞ്ഞത്. 12 പോയിന്റാണ് കണ്ണൂരിന് ലഭിച്ചത്. 10 പോയിന്റുള്ള കോഴിക്കോട്ടിനാണ് രണ്ടാം സ്ഥാനം.  എണാകുളം പ്രസ് ക്ളബ് മൂന്നാം സ്ഥാനം നേടി. 

ഏക പക്ഷിയമായ ആദ്യ സെറ്റിലെ തോൽവിക്ക് ശേഷം (25-11 ) രണ്ടാം സെറ്റിൽ എറണാകുളം പൊരുതി കളിച്ചുവെങ്കിലും ഷമീർ ഊർപ്പള്ളി, സി.വി നിഥിൻ , സുമേഷ് കോടിയത്ത് എന്നിവർ കിടിലൻ സ്മാഷുകളുമായി കളം നിറഞ്ഞു കളിച്ചതോടെ ( 25 - 20) ന് എറണാകുളം കീഴടങ്ങുകയായിരുന്നു. മൂന്നാം സെറ്റിൽ പോരാട്ടം പൊടിപാറിയെങ്കിലും ഒത്തിണക്കത്തോടെ കളിച്ച കണ്ണൂർ (25-22 )സ്കോറോടെ കിരീടത്തിൽ മുത്തമിട്ടു. നിറഞ്ഞ കാണികളുടെ കൈയ്യടിയും ആർപ്പു വിളികളും കൊണ്ടു മുഖരിതമായ ജേർണലിസ്റ്റ് വോളി കണ്ണൂരിലെ ആവേശത്തിലാക്കിയാണ് സമാപിച്ചത്. ടൂർണമെന്റിലെ മികച്ച ഓൾ റൗണ്ടറായി കണ്ണൂർ പ്രസ് ക്ളബ്ബിന്റെ  ഷമീർ ഊർപ്പള്ളിയെയും ബെസ്റ്റ് ഒഫൻഡർമാരായി കണ്ണൂരിന്റെ സുമേഷ് കോടിയത്ത്, എറണാകുളത്തിന്റെ ശ്രീ നേഷ് പൈ എന്നിവരെയും ബെസ്റ്റ് ഡിഫൻഡറായി കോഴിക്കോടിന്റെ കെ.പി സജീവനെയും തെരഞ്ഞെടുത്തു.

സമാപന സമ്മേളനം കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒന്നാം സ്ഥാനക്കാർക്കുള്ള ട്രോഫിയും അരലക്ഷം രൂപ പ്രൈസ് മണിയും അദ്ദേഹം സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫിയും 30,000 രൂപയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി ഒ.കെ. വിനീഷും  സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാർക്കുള്ള പുരസ്കാരങ്ങൾ മുഖ്യാതിഥിയായ  കനറാബാങ്ക് ജനറൽ മാനേജർ എസ്. പ്രേംകുമാറും റീജണൽ മാനേജർ പി.യു. രാജേഷും, ഗെയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ജോർജ് ആന്റണിയും സമ്മാനിച്ചു. സംഘാടക സമിതി ചെയർമാൻ ഒ.കെ. വിനീഷ് അധ്യക്ഷത വഹിച്ചു.  പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി, പ്രസ്ക്ലബ്  പ്രസിഡന്റ് സിജി ഉലഹന്നാൻ, സെക്രട്ടറി കെ.വിജേഷ് എന്നിവർ പ്രസംഗിച്ചു.  

സ്പോർട്സ് ഡിവിഷനും കണ്ണൂർ സിക്സേഴ്സും തമ്മിലുള്ള വനിതാ വോളിബോൾ പ്രദർശന മത്സരത്തിലെ വിജയികളായ കണ്ണൂർ സ്പോർട്സ് ഡിവിഷനും റണ്ണറപ്പായ കണ്ണൂർ സിക്സേഴ്സിന് കോർപറേഷൻ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ  മെഡലുകൾ സമ്മാനിച്ചു. സംഘാടക സമിതി ചെയർമാൻ ഒ.കെ. വിനീഷ്, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ബി.പി. റൗഫ്,  കെയുഡബ്ള്യു ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ശശി, കെ.പി. ജൂലി, പ്രശാന്ത് പുത്തലത്ത്, പ്രസ്ക്ലബ് ട്രഷറർ കബീർ കണ്ണാടിപ്പറമ്പ് എന്നിവർ വിവിധ ഉപഹാരങ്ങൾ സമ്മാനിച്ചു.  സ്പോർട്സ് കൗൺസിൽ മുൻ ട്രഷറർ കെ.എ. ഗംഗാധരൻ , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് രാജൻ തിയറേത്ത് എന്നിവർ വനിതാ മത്സരത്തിലെ കളിക്കാരെ പരിചയപ്പെട്ടു.

Tags