സംസ്ഥാന ജേർണലിസ്റ്റ് വോളിക്ക് ആവേശത്തുടക്കം

google news
State Journalist Volley

കണ്ണൂർ : കണ്ണൂർ പ്രസ് ക്ളബ്ബ് കാനറാബാങ്ക് നാലാമത് ജേർണലിസ്റ്റ് വോളിക്ക് ആവേശ തുടക്കം. മഴ മേഘങ്ങൾ മാറി നിന്നപ്പോൾ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ കണ്ണൂർ ആംസ്റ്റർമിംമ്‌സും കണ്ണൂർ സെൻട്രൽ പ്രിസണും തമ്മിൽ പ്രദർശന മത്സരത്തിൽ തന്നെ തീപ്പൊരി ചിതറി. ഏകപക്ഷീയമായ രണ്ടു സെറ്റുകൾക്ക് സെൻട്രൽ പ്രിസൺ മത്സരം സ്വന്തമാക്കി.

ഇന്റർനാഷനൽ വോളി ബോൾ താരവും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.  ചലച്ചിത്ര സംവിധായകൻ സംഗീത് രാജൻ, എഴുത്തുകാരനും തിരക്കഥാകൃത്തുമായ വിനോയ് തോമസ് എന്നിവർ വിശിഷ്ടാതിഥികളായി. സംഘാടക സമിതി ചെയർമാൻ ഒ.കെ. വിനീഷ് അധ്യക്ഷത വഹിച്ചു.

കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹനൻ , പി.സന്തോഷ്കുമാർ എം പി, കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ, കെ.വി.സുമേഷ് എം എൽ എ, എം.വിജിൻ എം എൽ എ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, സി പി ഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ,  മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള, കാനറാ ബാങ്ക് റീജണൽ മാനേജർ സി.വി. ജയചന്ദ്രൻ , പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ, സെക്രട്ടറി കെ.വിജേഷ്, സ്പോർട്സ് കൺവീനർ പ്രശാന്ത് പുത്തലത്ത് എന്നിവർ പ്രസംഗിച്ചു.

വോളി കോർട്ടിൽ ജനപ്രതിനിധികളുടെയും രാഷ്ടീയ നേതാക്കളുടെയും പോലീസ് ഓഫീസർമാരുടെയും  ആവേശപ്പോരിൽ ഇടിയും മിന്നലും മഴയും വഴിമാറി. കണ്ണൂർ  പ്രസ്ക്ലബ് കാനറാ ബാങ്ക് നാലാമത് സംസ്ഥാന ജേർണലിസ്റ്റ് വോളിയിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കൻമാരുമടങ്ങിയ ടീം കണ്ണൂരിലെ പൊലീസ് ഓഫിസർമാരുടെ ടീമും തമ്മിൽ നടന്ന സൗഹ്യദ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് ജനപ്രതിനിധികളെ കീഴടക്കി പൊലീസ് ഓഫിസർമാരുടെ ടീം ജയിച്ചു.

പ്രായം മറന്നു കൊണ്ടും കളിക്കളത്തിൽ ഊർജസ്വലമായ സർവീസുകളിലൂടെ കണ്ണൂർ മണ്ഡലം എം.എൽ എ രാമചന്ദ്രൻ കടന്ന പള്ളി ആവേശകരമായ സാന്നിധ്യമായി. യുവത്വത്തിന്റെ പ്രതീകങ്ങളായി കെ.വി സുമേഷ് എം.എൽ.എ , എം. വിജിൻ , എന്നിവർ മികച്ച സർവീസിലൂടെയും ലിഫ്റ്റിലൂടെയും കളം നിറഞ്ഞു കളിച്ചപ്പോൾ  കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ടീമും ഉണർന്നു കളിച്ചു. മുൻ നിരയിൽ നിന്ന് അഡ്വ.പി. സന്തോഷ് കുമാർ എം പി ജനപ്രതിനിധികളുടെ നീക്കങ്ങൾക്ക് മികച്ച ലിഫ്റ്റുകളിലൂടെയും സ്മാഷുകളിലൂടെയും ശക്തി പകർന്നപ്പോൾ കാണികളും ആർപ്പുവിളിച്ചു. 

ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്, ബി.ജെ.പി ജില്ലാ സെക്രട്ടറി ബിജു ഏളക്കുഴി, കെ.എസ് യു സംസ്ഥാന നേതാവ് മുഹമ്മദ് ഷമ്മാസ് , മുസ്ലീം ലീഗ് നേതാവ് വി.കെ മുഹമ്മദലി , ബി ജെ പി ഉത്തരമേഖലാ സെക്രട്ടറി കെ.പി. അരുൺ എന്നിവർ കളം നിറഞ്ഞു കളിച്ചു. പൊലീസ് ഓഫിസർമാർക്ക് വേണ്ടി മുൻ സംസ്ഥാന വോളി ബോൾ താരം കൂടിയ അസി.കമ്മിഷണർ ഓഫ് പൊലിസ് ടി.കെ രത്ന കുമാർ 1 മുൻ ദേശീയ താരമായ കെ.എ.പി ഫോർത്ത് ബറ്റാലിയൻ കമാൻഡന്റ് സാലു ജോർജ് പൊലീസ് ഇൻസ്പെക്ടറായ എം.പി ആസാദ് (പാനൂർ ) കെ.വി പ്രമോദൻ (മട്ടന്നൂർ ), വിനോദ്, ജയചന്ദ്രൻ തുടങ്ങിയവർ കളത്തിലിറങ്ങി.

വോളിയിൽ  ആദ്യ ജയം ആതിഥേയർക്ക്.  ഇഞ്ചോടിഞ്ച് പോരാട്ട ത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് കണ്ണൂർ പ്രസ്ക്ലബ് കോഴിക്കോടിനെ കീഴടക്കി (  25-21, 23 -25, 23- 25, 25 - 18, 15-13).  ഇന്ന്  എറണാകുളം പ്രസ്ക്ലബ് കോഴിക്കോട്  പ്രസ്ക്ലബിനെ നേരിടും. വൈകുന്നേരം ആറിന് സെലിബ്രിറ്റി മത്സരത്തിൽ അബു സലിം നയിക്കുന്ന . സിനിമാ താരങ്ങളുടെ ടീമും ഡോക്ടർമാരും ഏറ്റുമുട്ടും.

Tags