ഐസിസി ട്വന്റി20; രാജ്യാന്തര ബാറ്റർമാരുടെ റാങ്കിങ്ങിൽ നാലാം സ്ഥാനത്തെത്തി ശ്രേയസ് അയ്യർ
ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ട്വന്റി20 രാജ്യാന്തര ബാറ്റർമാരുടെ റാങ്കിങ്ങിൽ മൂന്ന് സ്ഥാനങ്ങൾ മുന്നേറി നാലാം റാങ്കിലെത്തി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. താരത്തിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച റാങ്കാണിത്. വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയതോടെയാണ് ഇന്ത്യൻ ക്യാപ്റ്റന്റെ മുന്നേറ്റം. ലഖ്നൗവിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ അയ്യർ തന്റെ കന്നി ട്വന്റി20 രാജ്യാന്തര സെഞ്ചുറി നേടിയിരുന്നു.
ശ്രേയസ് അയ്യർ കൂടി എത്തിയതോടെ ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിലെ ആദ്യ നാലിൽ മൂന്ന് ഇന്ത്യൻ താരങ്ങളായി. ഒന്നാം സ്ഥാനത്തുള്ള ഇഷാൻ കിഷനും രണ്ടാം സ്ഥാനത്തുള്ള അഭിഷേക് ശർമയ്ക്കുമൊപ്പം അയ്യറും ആദ്യ നാലിലെത്തി. പാക്കിസ്ഥാൻ ക്യാപ്റ്റൻ സാഹിബ്സാദ ഫർഹാൻ മൂന്നാം സ്ഥാനത്താണ്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ഫർഹാൻ കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിങ് സ്വന്തമാക്കിയതായി ഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ കുസാൽ മെൻഡിസ് മൂന്ന് സ്ഥാനങ്ങൾ മുന്നേറി 23ാമതെത്തി. ഷെർഫെയ്ൻ റഥർഫോർഡ് 13 സ്ഥാനങ്ങൾ മുന്നേറി 24ാം സ്ഥാനത്തെത്തി. സഞ്ജു സാംസൺ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 27ാം റാങ്കിലെത്തി.
ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മികച്ച പ്രകടനങ്ങളുടെ പിൻബലത്തിൽ പാക്കിസ്ഥാന്റെ യുവതാരം മാസ് സദാഖത്ത് ആദ്യ നൂറിന് പുറത്തുനിന്ന് 45ാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യയ്ക്കെതിരായ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ വെസ്റ്റ് ഇൻഡീസ് താരം റോസ്റ്റൺ ചേസും ട്വന്റി20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. ബൗളർമാരുടെ പട്ടികയിൽ 24 സ്ഥാനങ്ങൾ മുന്നേറി 23ാമതെത്തിയ ചേസ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി.
പാക്കിസ്ഥാന്റെ സൽമാൻ മിർസ ബൗളർമാരുടെ റാങ്കിങ്ങിൽ ഒമ്പത് സ്ഥാനങ്ങൾ മുന്നേറി 14ാമതെത്തി. സൈം അയൂബ് എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 54ാം റാങ്കിലെത്തി. ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഓസ്ട്രേലിയയ്ക്കെതിരായ മികച്ച പ്രകടനങ്ങൾക്കു പിന്നാലെ ദക്ഷിണാഫ്രിക്കൻ താരം വിയാൻ മൾഡർ ഒരു സ്ഥാനം മുന്നേറി നാലാമതെത്തി. സൈമൺ ഹാർമർ അഞ്ച് സ്ഥാനങ്ങൾ മുന്നേറി 23ാം സ്ഥാനവും നേടി.
ഡർബനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഓസ്ട്രേലിയ നേടിയ കൂറ്റൻ വിജയം ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഓസീസ് താരങ്ങളുടെ മുന്നേറ്റത്തിനും വഴിയൊരുക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ കിങ്സ്മീഡിൽ ഓസ്ട്രേലിയ 214 റൺസിനാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മികച്ച ഫോമിലുള്ള ബാറ്റർ മാത്യു റെൻഷോയുടെ പ്രകടനമാണ് വിജയത്തിൽ നിർണായകമായത്. മത്സരത്തിലെ താരമായ റെൻഷോ ആദ്യ ഇന്നിങ്സിൽ 190 റൺസ് നേടിയപ്പോൾ രണ്ടാം ഇന്നിങ്സിൽ 82 റൺസും സ്വന്തമാക്കി. ഇതോടെ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ നൂറിന് പുറത്തായിരുന്ന ഇടംകൈയൻ താരം 49ാം സ്ഥാനത്തേക്ക് ഉയർന്നു. മുൻ ഒന്നാം നമ്പർ ടെസ്റ്റ് ബാറ്ററായ ഓസ്ട്രേലിയയുടെ മാർനസ് ലബുഷെയ്ൻ നാല് സ്ഥാനങ്ങൾ മുന്നേറി 34ാമതെത്തി. ദക്ഷിണാഫ്രിക്കയുടെ ഓപ്പണർ എയ്ഡൻ മാർക്രം നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി.
.jpg)


