രോഹിത് ശര്‍മ്മയ്ക്കെതിരായ അധിക്ഷേപ പോസ്റ്റ് പിന്‍വലിച്ച് ഷമ മുഹമ്മദ്


ഷമയുടെ പോസ്റ്റ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കെതിരായ അധിക്ഷേപ പോസ്റ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. പരസ്യമായുള്ള അഭിപ്രായ പ്രകടനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയത്തിന് പിന്നാലെയാണ് ഷമ പോസ്റ്റ് പിന്‍വലിച്ചതെന്നാണ് വിവരം. ഷമയുടെ പോസ്റ്റ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
കായിക താരത്തിന് ചേരാത്ത തരത്തില്‍ തടിയനാണ് രോഹിത് ശര്‍മയെന്നും അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റന്മാരില്‍ ഒരാളാണെന്നുമാണ് ഷമ പറഞ്ഞത്. എക്സ് പോസ്റ്റിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശം. ഒരാളുടെ ശരീരഭാഷയെ അധിക്ഷേപിക്കുന്നത് ഏറ്റവും വലിയ കുറ്റമാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. രോഹിത് ശര്‍മ എന്ന വ്യക്തിയെ മാത്രമല്ല, ഏതൊരാളെയും മാനസികമായി ബുദ്ധിമുട്ടിക്കുന്നതാണ് പരാമര്‍ശമെന്നും പ്രതികരണങ്ങള്‍ ഉണ്ടായി.
ഇതിനിടെ രോഹിത് ശര്‍മയെ ലോകോത്തര കളിക്കാരന്‍ എന്ന് വിശേഷിപ്പിച്ച എക്സ് പോസ്റ്റിനോടും ഷമ സമാനമായി പ്രതികരിച്ചിരുന്നു.
'രോഹിത് ശര്‍മയുടെ മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ലോകോത്തര നിലവാരം എന്താണ്? രോഹിത് ഒരു ശരാശരി ക്യാപ്റ്റനും കൂടാതെ ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരനുമാണ്,' ഷമയുടെ മറുപടി.