അഫ്ഗാനിസ്ഥാനെതിരായ ഉഭയകക്ഷി പരമ്പരകൾ ബഹിഷ്കരിച്ച് സ്‌കോട്ട്‌ലൻഡ് ക്രിക്കറ്റ് ടീം; തീരുമാനം താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ

Scotland cricket team boycotts bilateral series against Afghanistan; decision against Taliban's anti-women policies

എഡിൻബർഗ്: താലിബാൻ ഭരണകൂടത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കർശന നിലപാടുമായി സ്‌കോട്ട്‌ലൻഡ് ക്രിക്കറ്റ് ടീം. ഇനി മുതൽ അഫ്ഗാനിസ്ഥാനുമായി ദ്വിരാഷ്ട്ര, ത്രിരാഷ്ട്ര പരമ്പരകൾ കളിക്കില്ലെന്നും ഐ.സി.സി നടത്തുന്ന ഔദ്യോഗിക പോരാട്ടങ്ങളിൽ (ലോകകപ്പ് പോലുള്ള ടൂർണമെന്റുകൾ) മാത്രമേ പങ്കെടുക്കൂ എന്നും ക്രിക്കറ്റ് സ്‌കോട്ട്‌ലൻഡ് ഔദ്യോഗികമായി വ്യക്തമാക്കി.

ഐ.സി.സിയുടെ ഔദ്യോഗിക മത്സരങ്ങൾക്കൊഴികെ അഫ്ഗാൻ ടീമിന് സ്‌കോട്ട്‌ലൻഡിൽ വേദി അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. പ്രീ-ടൂർ ട്രെയിനിംഗ് ക്യാമ്പുകൾ, പരിശീലന മത്സരങ്ങൾ എന്നിവ നടത്തുന്നതിനും ഇനി അനുമതിയുണ്ടാകില്ല. നിലവിൽ സ്വന്തം രാജ്യത്ത് വിദേശ ടീമുകളെ നേരിടാൻ അഫ്ഗാനിസ്ഥാന് സാധിക്കാത്തതിനാൽ യു.എ.ഇ, ഇന്ത്യ തുടങ്ങിയ ഇടങ്ങളിലാണ് അവർ ഹോം മത്സരങ്ങൾ നടത്തുന്നത്.

ഐ.സി.സി പോരാട്ടങ്ങളിൽ കളിക്കുമെങ്കിലും അതിനർത്ഥം താലിബാൻ ഭരണകൂടത്തെയോ അവരുടെ സ്ത്രീവിരുദ്ധ നയങ്ങളെയോ പിന്തുണയ്ക്കുന്നു എന്നല്ലെന്നും ക്രിക്കറ്റ് സ്‌കോട്ട്‌ലൻഡ് വ്യക്തമാക്കി. വനിതാ ക്രിക്കറ്റിന്റെ വളർച്ചയ്ക്കും കായികരംഗത്ത് ലിംഗസമത്വം ഉറപ്പാക്കുന്നതിനും മുൻഗണന നൽകുന്നതിനാലാണ് ഈ കടുത്ത നിലപാട്.

നേരത്തെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളും സമാന കാരണങ്ങളാൽ അഫ്ഗാനിസ്ഥാനെതിരായ ഉഭയകക്ഷി പരമ്പരകൾ റദ്ദാക്കിയിരുന്നു. അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗിൽ (APL) കളിക്കാൻ സ്‌കോട്ട്‌ലൻഡ് താരം ജോർജ് മുൻസി കരാറിലെത്തിയിട്ടുണ്ടെങ്കിലും ഐ.സി.സിയുടെ അംഗീകാരമുള്ള ലീഗുകളിൽ കളിക്കാൻ താരങ്ങൾക്ക് 'എൻ.ഒ.സി' (NOC) നൽകുമെന്നും സ്‌കോട്ട്‌ലൻഡ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

Tags