വില കൂടിയ താരമായി സഞ്ജു സാംസൺ, പത്ത് ലക്ഷത്തിലേറെ നേടി രണ്ട് താരങ്ങൾ, കെസിഎൽ രണ്ടാം സീസൺ താരലേലം പൂർത്തിയായി

Sanju Samson becomes most expensive player, two players earn more than 10 lakhs, KCL second season player auction complete
Sanju Samson becomes most expensive player, two players earn more than 10 lakhs, KCL second season player auction complete

തിരുവനന്തപുരം:  പ്രതിഫല തുകകളിൽ പുതിയ റെക്കോഡ് കുറിച്ച് കേരള ക്രിക്കറ്റ് ലീഗിൻ്റെ രണ്ടാം സീസണിലേക്കുള്ള താരലേലം പൂർത്തിയായി. 26.80 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയ സഞ്ജു സാംസനാണ് ഈ സീസണിലെ വിലയേറിയ താരം. സഞ്ജുവിനെക്കൂടാതെ വിഷ്ണു വിനോദ്, ജലജ് സക്സേന എന്നിവരും പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ നേടി. ആകെയുള്ള 168 താരങ്ങളിൽ നിന്ന്  91 പേരെയാണ് വിവിധ ടീമുകൾ ലേലത്തിലൂടെ സ്വന്തമാക്കിയത്. കൊല്ലവും ആലപ്പുഴയും കോഴിക്കോടും നാല് താരങ്ങളെ വീതവും തിരുവനന്തപുരം മൂന്ന് താരങ്ങളെയും നേരത്തെ നിലനിർത്തിയിരുന്നു. ബാക്കിയുള്ളവർക്കായാണ് ഇന്ന് ലേലം നടന്നത്. എ കാറ്റഗറിയിൽ നിന്ന് 26 പേരും ബി കാറ്റഗറിയിൽ നിന്ന് 16 താരങ്ങളും സി കാറ്റഗറിയിൽ നിന്ന് 49 പേരും തെരഞ്ഞെടുക്കപ്പെട്ടു.

tRootC1469263">

സഞ്ജു സാംസണായി വാശിയേറിയ പോരാട്ടമാണ് അരങ്ങേറിയത്. കൊച്ചിയ്ക്കൊപ്പം ട്രിവാൺഡ്രം റോയൽസും തൃശൂർ ടൈറ്റൻസുമായിരുന്നു സഞ്ജുവിനായി അവസാനം വരെ രംഗത്തുണ്ടായിരുന്നത്. ഒടുവിൽ റെക്കോഡ് തുകയ്ക്ക് കൊച്ചി സഞ്ജുവിനെ ടീമിലെത്തിച്ചു. വിഷ്ണു വിനോദിനെ 12 ലക്ഷത്തി എൺപതിനായിരം രൂപയ്ക്ക് ഏരീസ് കൊല്ലം സെയിലേഴ്സും ജലജ് സക്സേനയെ 12 ലക്ഷത്തി നാല്പതിനായിരം രൂപയ്ക്ക് ആലപ്പി റിപ്പിൾസുമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ വിലയേറിയ താരമായ എം എസ് അഖിലിന് വേണ്ടിയും കടുത്ത മല്സരമാണ് അരങ്ങേറിയത്. ഒടുവിൽ എട്ട് ലക്ഷത്തി നാല്പതിനായിരം രൂപയ്ക്ക് കൊല്ലം സെയിലേഴ്സാണ് അഖിലിനെ ടീമിലെത്തിച്ചത്.

ലേലത്തിലെ ആദ്യ പേരുകാരനായിരുന്ന ബേസിൽ തമ്പിക്കും എട്ട് ലക്ഷത്തി നാല്പതിനായിരം രൂപ ലഭിച്ചു. അദാനി ട്രിവാൺഡ്രം റോയൽസാണ് ബേസിൽ തമ്പിയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച അബ്ദുൾ ബാസിതിനെ ആറ് ലക്ഷത്തി നാല്പതിനായിരം രൂപയ്ക്കും ട്രിവാൺഡ്രം ലേലത്തിലൂടെ നിലനിർത്തി. ആനന്ദ് കൃഷ്ണനെ ഏഴ് ലക്ഷത്തിനും ലീഗിലെ മുതിർന്ന താരങ്ങളിലൊരാളായ വിനോദ് കുമാറിനെ ആറ് ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കും  തൃശൂരും ടീമിലെത്തിച്ചപ്പോൾ എം അജ്നാസിനെ ആറ് ലക്ഷത്തി നാല്പതിനായിരം രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും സ്വന്തമാക്കി. സിജോമോൻ ജോസഫ്, ബേസിൽ എൻ പി, സച്ചിൻ സുരേഷ്, നിഖിൽ എം എന്നിവരാണ് അഞ്ച് ലക്ഷത്തിൽ കൂടുതൽ നേടിയ മറ്റ് താരങ്ങൾ. സിജോമോൻ ജോസഫിന് അഞ്ച് ലക്ഷത്തി ഇരുപതിനായിരവും ബേസിലിന് അഞ്ച് ലക്ഷത്തി നാല്പതിനായിരവും , സച്ചിൻ സുരേഷിന് അഞ്ച് ലക്ഷത്തി മുപ്പതിനായിരവും, നിഖിലിന് അഞ്ച് ലക്ഷത്തി തൊണ്ണൂറായിരവും ലഭിച്ചു.

എഴുപത്തി അയ്യായിരം രൂപ അടിസ്ഥാന വിലയുള്ള സി വിഭാഗത്തിൽ ഏറ്റവും ഉയർന്ന വില ലഭിച്ചത് വി അജിത്തിനാണ്.  3.95 ലക്ഷം രൂപയ്ക്ക് ട്രിവാൺഡ്രം റോയൽസാണ് അജിത്തിനെ സ്വന്തമാക്കിയത്. സഞ്ജീവ് സതീശനെയും 2.20 ലക്ഷത്തിന് ട്രിവാൺഡ്രം ടീമിലെത്തിച്ചു.  ഇബ്ലുൾ അഫ്താബിനെ 3.65 ലക്ഷത്തിനും മോനു കൃഷ്ണയെ 2.10 ലക്ഷത്തിനും കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും  അർജുൻ എ കെയെ 2.85 ലക്ഷത്തിന് തൃശൂരും, ആൽഫി ഫ്രാൻസിസിനെ 2.20 ലക്ഷത്തിന് കൊച്ചിയും ഈ വിഭാഗത്തിൽ സ്വന്തമാക്കി.

ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവഴിക്കാൻ കഴിയുമായിരുന്നത്. ഇതിൽ കൊച്ചി മാത്രമാണ് മുഴുവൻ തുകയും ചെലവഴിച്ചത്. കൊല്ലം 49.80 ലക്ഷവും ആലപ്പി 49.35ഉം കാലിക്കറ്റ് 49.80ഉം ട്രിവാൺഡ്രം 49.40ഉം തൃശൂർ 49.65 ലക്ഷം വീതവും ചെലവഴിച്ചു. ഓരോ ടീമിലും പരമാവധി 20 പേരെയാണ് ഉൾപ്പെടുത്താൻ കഴിയുക. എല്ലാ ടീമുകളും 20 താരങ്ങളെയും ഉൾപ്പെടുത്തിയതും ശ്രദ്ധേയമായി.

 രാവിലെ പത്തിന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിലാണ്  ലേല നടപടികൾ ആരംഭിച്ചത്.  ചാരു ശർമ്മ നിയന്ത്രിച്ച ലേലം അഞ്ചു മണിക്ക് സമാപിച്ചു.

Tags