കൂച്ച് ബെഹാർ ട്രോഫിയിൽ പോണ്ടിച്ചേരി 332 റൺസിന് പുറത്ത്; കേരളം ഒരു വിക്കറ്റിന് 62 റൺസെന്ന നിലയിൽ

Cooch Behar Trophy: Rajasthan 71 for 2 vs Kerala

വയനാട്: 19 വയസ്സിൽ താഴെയുള്ളവരുടെ കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ പോണ്ടിച്ചേരിയുടെ ആദ്യ ഇന്നിങ്സ് 332 റൺസിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റിന് 62 റൺസെന്ന നിലയിലാണ്.

അഞ്ച് വിക്കറ്റിന് 207 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ പോണ്ടിച്ചേരിക്ക് മൂന്നാം ഓവറിൽ തന്നെ ഹാരിസ് മരയ്ക്കാറുടെ വിക്കറ്റ് നഷ്ടമായി. 96 റൺസെടുത്ത ഹാരിസിനെ ലെറോയ് ജോക്വിനാണ് പുറത്താക്കിയത്. എന്നാൽ ആറാം വിക്കറ്റിൽ ഒന്നിച്ച സായ് കൃഷ്ണയും ശ്രുജൻ സിൻഹാസനും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. 39 റൺസെടുത്ത ശ്രുജനെ പുറത്താക്കി ഹർഷിത് ഹരീഷ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടതോടെ പോണ്ടിച്ചേരിയുടെ ഇന്നിങ്സ് അധികം നീണ്ടില്ല. 42 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകൾ കൂടി വീണതോടെ പോണ്ടിച്ചേരിയുടെ ഇന്നിങ്സിന് 332-ൽ അവസാനമായി. സായ് കൃഷ്ണ 71 റൺസെടുത്തു. കേരളത്തിന് വേണ്ടി ഹർഷിത് ഹരീഷ് നാലും ലെറോയ് ജോക്വിനും തോമസ് മാത്യുവും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി അർജുൻ ഹരിയും കെ.ആർ. രോഹിതും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 45 റൺസ് കൂട്ടിച്ചേർത്തു. 22 റൺസെടുത്ത അർജുൻ, ഡൊണോവന്റെ പന്തിൽ പുറത്തായി. കളി നിർത്തുമ്പോൾ കെ.ആർ. രോഹിത് 32-ഉം സംഗീത് സാഗർ ഏഴും റൺസ് നേടി ക്രീസിലുണ്ട്.

Tags