വിജയക്കുതിപ്പിൽ പയ്യന്നൂർ കോളേജ് ; കണ്ണൂർ സർവകലാശാല ഇന്റർ കോളേജിയറ്റ് അത്ലറ്റിക്സ് മീറ്റിൽ ചാമ്പ്യന്മാർ
ട്രാക്കിലും ഫീൽഡിലും കരുത്ത് തെളിയിച്ച് കണ്ണൂർ സർവകലാശാല കായികമേളയിൽ പയ്യന്നൂർ കോളേജിന്റെ ആധിപത്യം. പുരുഷ-വനിതാ വിഭാഗങ്ങളിൽ ഒരുപോലെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്റർ കോളേജിയറ്റ് അത്ലറ്റിക്സ് മീറ്റിൽ പയ്യന്നൂർ കോളേജ് ചാമ്പ്യൻമാരായി. മികച്ച പ്രകടനങ്ങളിലൂടെ ഇരുവിഭാഗങ്ങളിലും മുന്നിലെത്തിയ പയ്യന്നൂർ കോളേജ് കായികമേളയുടെ കിരീടം സ്വന്തം പേരിൽ കുറിച്ചു. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ നടന്ന സമാപന സമ്മേളനം സർവകലാശാല സിൻഡിക്കേറ്റ് അംഗം ഫർഹാൻ മുണ്ടേരി ഉദ്ഘാടനം ചെയ്തു.

പുരുഷ വിഭാഗത്തിൽ 77 പോയിന്റും വനിതാ വിഭാഗത്തിൽ 61 പോയിന്റും നേടിയാണ് പയ്യന്നൂർ കോളേജ് ഒന്നാമതെത്തിയത്. പുരുഷ വിഭാഗത്തിൽ 37 പോയിന്റുമായി ഗവൺമെന്റ് ബ്രണ്ണൻ കോളേജ് രണ്ടാം സ്ഥാനത്തെത്തി. വനിതാ വിഭാഗത്തിൽ 58 പോയിന്റോടെ ബ്രണ്ണൻ കോളേജ് തന്നെയാണ് രണ്ടാം സ്ഥാനം നേടിയത്.
പുരുഷ വിഭാഗത്തിൽ ആദ്യദിനം മുതൽ പയ്യന്നൂർ കോളേജിന്റെ ആധിപത്യം പ്രകടമായിരുന്നു. എന്നാൽ വനിതാ വിഭാഗത്തിൽ രണ്ടാം ദിനത്തിൽ ബ്രണ്ണൻ കോളേജിനെ പിന്തള്ളിയാണ് പയ്യന്നൂർ കോളേജ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, 400 മീറ്റർ ഹർഡിൽസ്, വനിതാ റേസ് വാക്ക് തുടങ്ങി വിവിധ ഇനങ്ങളിൽ പയ്യന്നൂർ കോളേജിന് സ്വർണ മെഡൽ സ്വന്തമാക്കാനായി . വിവിധ കോളേജുകളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുത്ത മീറ്റിൽ ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറിയത്.
സമാപന സമ്മേളനം സർവകലാശാല സിൻഡിക്കേറ്റ് അംഗം ഫർഹാൻ മുണ്ടേരി ഉദ്ഘാടനം ചെയ്തു.
ആന്തൂർ നഗരസഭ വൈസ് ചെയർപേഴ്സൺ വിനോദ് പാച്ചേനി മുഖ്യാതിഥിയായി. സ്റ്റംസ് മോറാഴ ചെയർപേഴ്സൺ പി ഓ മുരളീധരൻ അധ്യക്ഷത വഹിച്ചു. പി നാരായണൻകുട്ടി ,ഡോ പിടി ജോസഫ്,ഡോ ജോ ജോസഫ്,സി എൻ മോഹനൻ,ഡോ കെ വി അനൂപ്, തുടങ്ങിയവർ സംസാരിച്ചു
.jpg)

