ആഖിബ് ജാവേദ് സ്ഥാനത്ത് തുടരുന്നിടത്തോളം കാലം പാകിസ്ഥാൻ ക്രിക്കറ്റ് പിന്നോട്ട് മാത്രമേ പോകൂ ; ഗുരുതര ആരോപണവുമായി ജേസൺ ഗില്ലെസ്പി
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ നിലനിൽക്കുന്ന കടുത്ത പ്രതിസന്ധികൾക്ക് പിന്നിൽ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആഖിബ് ജാവേദാണെന്ന ഗുരുതര ആരോപണവുമായി മുൻ ടെസ്റ്റ് പരിശീലകൻ ജേസൺ ഗില്ലെസ്പി. ആഖിബ് ജാവേദ് സ്ഥാനത്ത് തുടരുന്നിടത്തോളം കാലം പാകിസ്ഥാൻ ക്രിക്കറ്റ് പിന്നോട്ട് മാത്രമേ പോകൂ എന്ന് മുൻ ഓസ്ട്രേലിയൻ പേസർ കൂടിയായ ഗില്ലെസ്പി തുറന്നടിച്ചു. ‘ദി ടെലഗ്രാഫിന്’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പാകിസ്ഥാൻ ക്രിക്കറ്റിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ മനസ്സ് വേദനിക്കുന്നതായി ഗില്ലെസ്പി പറഞ്ഞു. കാര്യങ്ങളെല്ലാം വലിയ പ്രതിസന്ധിയിലാണെന്നും ഇതിന്റെ പ്രധാന കാരണം ആഖിബ് ജാവേദാണെന്നും അദ്ദേഹം ആരോപിച്ചു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ നയിക്കാൻ കായികരംഗത്തെ കുറിച്ച് വ്യക്തമായ ബോധ്യമുള്ള വ്യക്തികൾ വേണമെന്നും ഗില്ലെസ്പി അഭിപ്രായപ്പെട്ടു.
ടീം സെലക്ഷനിലും നായകനെ തിരഞ്ഞെടുക്കുന്നതിലും പി.സി.ബി ചെയർമാൻ മുഹ്സിൻ നഖ്‌വി ഇടപെടുന്നതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. യോഗ്യരായ പരിശീലകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും നായകനെ തിരഞ്ഞെടുക്കാനും അവസരം നൽകിയാൽ മാത്രമേ പാകിസ്ഥാൻ ക്രിക്കറ്റിന് മുന്നോട്ട് പോകാനാകൂ എന്ന് ഗില്ലെസ്പി വ്യക്തമാക്കി. തന്റെ പരിശീലക കാലയളവിൽ ബോർഡിൽ നിന്നും ആഖിബ് ജാവേദിൽ നിന്നും നേരിടേണ്ടി വന്ന അപമാനങ്ങളെ കുറിച്ചും അദ്ദേഹം മനസ്സുതുറന്നു.
.jpg)

