കെസിഎ - എൻ.എസ്.കെ ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിനും കാസർകോടിനും വിജയം
തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എൻ.എസ്.കെ ട്രോഫി ട്വന്റി-20 ടൂർണമെന്റിലെ ഗ്രൂപ്പ് ബി മത്സരങ്ങളിൽ തിരുവനന്തപുരത്തിനും കാസർകോടിനും വിജയം. തിരുവനന്തപുരം പത്തനംതിട്ടയെ 35 റൺസിനും കാസർകോട് കോട്ടയത്തെ 25 റൺസിനുമാണ് തോൽപ്പിച്ചത്.
തിരുവനന്തപുരത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത പത്തനംതിട്ട 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. ഷൈൻ ജോൺ ജേക്കബ് (46), സുധീഷ് മോഹൻ (30), കെ.ബി. അനന്ദു (20) എന്നിവരാണ് പത്തനംതിട്ടയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. തിരുവനന്തപുരത്തിന് വേണ്ടി ആദിത്യ മോഹൻ മൂന്നും അഭിജിത് പ്രവീൺ, വിജയ് വിശ്വനാഥ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തിരുവനന്തപുരത്തിന് അഹമ്മദ് ഇമ്രാനും ഷോൺ റോജറും ചേർന്ന് തകർപ്പൻ തുടക്കം നൽകി. അഹമ്മദ് ഇമ്രാൻ 12 പന്തുകളിൽ നാല് സിക്സും രണ്ട് ഫോറുമടക്കം 32 റൺസും ഷോൺ റോജർ 24 പന്തുകളിൽ നിന്ന് പുറത്താകാതെ 34 റൺസും നേടി. തിരുവനന്തപുരം 7.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 77 റൺസെടുത്ത് നിൽക്കെ മഴ മൂലം കളി തടസ്സപ്പെട്ടു. തുടർന്ന് വി.ജെ.ഡി നിയമപ്രകാരം തിരുവനന്തപുരത്തെ വിജയികളായി പ്രഖ്യാപിച്ചു.
മഴ മൂലം ഏഴ് ഓവർ മാത്രമാക്കി ചുരുക്കിയ മത്സരത്തിൽ കോട്ടയത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത കാസർകോട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 88 റൺസെടുത്തു. കെ. ആദർശ് നാല് പന്തുകളിൽ 17-ഉം ആഷിഖ് അലി ഏഴ് പന്തുകളിൽ 18-ഉം അക്ഷയ് കുമാർ എട്ട് പന്തുകളിൽ 17-ഉം റൺസെടുത്തു. കോട്ടയത്തിന് വേണ്ടി ശ്രീഹരി നായരും ആദിത്യ ബൈജുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കോട്ടയത്തിന് ഏഴോവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് മാത്രമാണ് നേടാനായത്. ആറ് പന്തുകളിൽ 19 റൺസെടുത്ത ഉണ്ണിമോൻ സാബു മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കാസർകോടിന് വേണ്ടി ആഷിഖ് അലി നാലും മുഹമ്മദ് ജസീൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
.jpg)

