സിഎസ്‌കെ യ്ക്ക് തിരിച്ചടി; എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്, വിക്കറ്റ് കീപ്പര്‍ സഞ്ജു

CSK suffers setback; MS Dhoni injured during training, wicketkeeper Sanju

ചെന്നൈ: ഐപിഎല്‍ പോരാട്ടങ്ങള്‍ ഇന്ന് തുടങ്ങാനിരിക്കെ എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നു ധോനിക്ക് രണ്ടാഴ്ചയോളം പുറത്തിരിക്കേണ്ടി വരും.ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ധോനിയുടെ അസാന്നിധ്യം വ്യക്തമാക്കിയത്. പരിക്കേറ്റതിനാല്‍ ധോനിക്ക് രണ്ടാഴ്ചയോളം വിശ്രമം വേണ്ടി വരുമെന്നു സിഎസ്‌കെ വ്യക്തമാക്കി. 'ധോനി ഇപ്പോൾ കാലിനേറ്റ പരിക്കിന് ചികിത്സയിലാണ്. ഐപിഎല്ലിന്റെ ആദ്യ രണ്ട് ആഴ്ചകൾ അദ്ദേഹത്തിന് നഷ്ടമാകാൻ സാധ്യതയുണ്ട്'- സിഎസ്കെ കുറിച്ചു.

പരിക്കിന്റെ വാര്‍ത്തകള്‍ വന്നതോടെ ധോനിയുടെ ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കും ആക്കം കൂടി. കാല്‍മുട്ടിനു നിരന്തരമായ വേദനകളടക്കമുള്ള പ്രശ്‌നങ്ങള്‍ 44കാരനായ താരം നേരിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്.

ധോനി തുടക്കത്തിലെ മത്സരങ്ങള്‍ക്ക് ഉണ്ടാകില്ലെന്നു വ്യക്തമായതോടെ മലയാളി താരം സഞ്ജു സാംസണ്‍ ആയിരിക്കും വിക്കറ്റ് കീപ്പര്‍. താരത്തെ 18 കോടിയ്ക്ക് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ചെന്നൈ ഈ സീസണില്‍ സ്വന്തമാക്കിയിരുന്നു. സഞ്ജുവിനു പുറമെ ലേലത്തില്‍ 14.20 കോടി മുടക്കി സിഎസ്‌കെ കാര്‍ത്തിക് ശര്‍മയേയും ടീമിലെത്തിച്ചിട്ടുണ്ട്.

Tags